സ്വർണക്കടത്ത് സംഘം യുവതിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി. പൊലീസ് പിന്തുടരുന്നതിനിടെ അക്രമികൾ ഇവരെ പാലക്കാട് വടക്കഞ്ചേരിയിൽ റോഡിലുപേക്ഷിച്ചു. മാന്നാർ ഏഴാംവാർഡിൽ വിസ്‌മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് (39) പതിനഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. തടയാനെത്തിയ ഭർത്താവ് ബിനോയി, സഹോദരൻ ബിജു(37), അമ്മ ജഗദമ്മ (65) എന്നിവരെ ആക്രമിച്ചു. തിങ്കളാഴ്‌ച പുലർച്ചെ മൂന്നിനാണ് സംഭവം.
ദുബായ് എമിറേറ്റ്‌സ് കമ്പനിയിൽ അക്കൗണ്ടന്റായിരുന്ന ബിന്ദു നാലുദിവസം മുമ്പ് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ പൊന്നാനി സ്വദേശി രാജേഷ് പ്രഭ, മലപ്പുറം സ്വദേശി മുഹമദ് ഖാനി എന്നിവർ വീട്ടിലെത്തി സ്വർണം ആവശ്യപ്പെട്ടു. തന്റെ കൈയിൽ സ്വർണമില്ലെന്ന് അറിയിച്ചതോടെ ഇരുവരും മടങ്ങി. തിങ്കളാഴ്‌ച പുലർച്ചെ ഇവരുടെ നേതൃത്വത്തിൽ ആയുധങ്ങളുമായി എത്തിയ സംഘം വീടിന്റെ ഗേറ്റ്, മുൻവശത്തെ വാതിൽ, ഡൈനിങ് ടേബിൾ, കസേര എന്നിവ തകർത്തു. മുറിയിലെത്തിയ സംഘം ബിന്ദുവിനെ മുടിക്കുത്തിന് പിടിച്ചിഴച്ച് തല ഭിത്തിയിൽ ഇടിച്ചുപരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച വീട്ടുകാരെ വടിവാൾകാട്ടി ഭീഷണിപ്പെടുത്തിയശേഷം ബിന്ദുവിനെ ബലമായി വാഹനത്തിൽ കയറ്റികടക്കുകയായിരുന്നു.
പൊലീസ് അന്വേഷണം വ്യാപിച്ചതിനിടെ പകൽ ഒന്നിന് മുടപ്പല്ലൂർ ടൗണിന് സമീപം ബിന്ദുവിനെ കൈകാലുകൾ ബന്ധിച്ച് വായിൽതുണിതിരുകിയ നിലയിൽ കണ്ടെത്തി. അവിടെയെത്തിയ ഓട്ടോഡ്രൈവറിൽനിന്നും ഫോൺവാങ്ങി യുവതി തന്റെ ഫോണിലേക്ക് വിളിച്ചു. ഈ സമയം ഫോൺ ചെങ്ങന്നൂർ പൊലീസിന്റെ പക്കലായിരുന്നു. ചെങ്ങന്നൂർ പൊലീസിന്റെ നിർദേശപ്രകാരം ഇവരെ വടക്കഞ്ചേരി സ്‌റ്റേഷനിൽ എത്തിച്ച് മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല. പിന്നീട് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കുശേഷം യുവതിയെ ചെങ്ങന്നൂർ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ദുബായിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലിക്കാരനായ ഭർത്താവ് ബിനോയി എട്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..