KeralaLatest NewsNews

ബിന്ദു വിദേശത്തായിരുന്നു എന്ന് നാട്ടുകാര്‍ അറിയുന്നത് കഴിഞ്ഞ ദിവസത്തെ തട്ടിക്കൊണ്ടു പോകല്‍ വാര്‍ത്തയറിഞ്ഞതോടെ

ബിന്ദുവിനെ ചുറ്റിപ്പറ്റി അടിമുടി ദുരൂഹത

ആലപ്പുഴ: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി വഴിയിലുപേക്ഷിച്ച മാന്നാര്‍ സ്വദേശിനി ബിന്ദു വിദേശത്തായിരുന്നു എന്ന് നാട്ടുകാര്‍ അറിയുന്നത് കഴിഞ്ഞ ദിവസത്തെ തട്ടിക്കൊണ്ടു പോകല്‍ വാര്‍ത്തയറിഞ്ഞതോടെയാണ്. ഇതോടെ ബിന്ദുവിനെ ചുറ്റിപ്പറ്റി അടിമുടി ദുരൂഹതയാണ് പുറത്തുവരുന്നത്. നാട്ടുകാരോട് പറഞ്ഞിരുന്നത് പാലക്കാട് ഒരു വീട്ടില്‍ വീട്ടു ജോലിക്ക് നില്‍ക്കുകയായിരുന്നു എന്നാണ്. ബിന്ദുവിന്റെ അമ്മയാണ് ഇക്കാര്യം അയല്‍ക്കാരോട് പറഞ്ഞിരുന്നത്. ഓരോ മാസത്തിലും ബിന്ദു വീട്ടിലെത്തിയിരുന്നതായും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ബിന്ദുവിന്റെ ഭര്‍ത്താവ് ബിനോയ് ഗള്‍ഫില്‍ നിന്നും കൊറോണ പടര്‍ന്ന സമയത്താണ് നാട്ടിലെത്തിയത്. പിന്നീട് തിരികെ പോയിരുന്നില്ല.

Read Also : ഗള്‍ഫില്‍ നിന്നും നിരവധി തവണ സ്വര്‍ണം കടത്തിയെന്ന് ബിന്ദുവിന്റെ വെളിപ്പെടുത്തല്‍, യുവതിയെ ചോദ്യം ചെയ്ത് കസ്റ്റംസ്

നാട്ടുകാരില്‍ ചിലരോട് ബിന്ദു ദുബായില്‍ ഹോം നഴ്‌സായി ജോലി ചെയ്യുകയാണ് എന്ന് പറഞ്ഞിരുന്നതായും വിവരമുണ്ട്. എന്നാല്‍ സമീപത്തെ വീട്ടുകാരോട് പാലക്കാട് വീട്ടു ജോലിക്ക് നില്‍ക്കുകയാണ് എന്നാണ് പറഞ്ഞിരുന്നത്. നേരത്തെ എറണാകുളത്തും ജോലിക്ക് നിന്നിരുന്ന വിവരം അയല്‍ക്കാരോട് പറഞ്ഞിട്ടുണ്ടായിരുന്നു.

രണ്ടു വര്‍ഷം മുന്‍പാണ് ബിന്ദുവും കുടുംബവും മാന്നാര്‍ കുരട്ടിക്കാട്ട് താമസത്തിനെത്തിയത്. 10 സെന്റ് സ്ഥലവും വീടും 33 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. വാങ്ങിയ ഉടന്‍ തന്നെ വീടിന് ചുറ്റും മതില്‍ പണിയുകയും ചെയ്തു. നാട്ടുകാരോട് അധികം ബന്ധമൊന്നുമില്ലായിരുന്നു. അതിനാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കും അറിയില്ല. ബിന്ദു നാട്ടിലുള്ളപ്പോള്‍ സ്വപ്നാ സുരേഷിന്റെ സ്വര്‍ണക്കടത്ത് കേസിനെപ്പറ്റി അയല്‍ക്കാരോട് പറയുകയും ഇങ്ങനെയൊക്കെ സ്വര്‍ണം കടത്താന്‍ പറ്റുമോ എന്നൊക്കെ ആശ്ചര്യപ്പെട്ട് സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. അങ്ങനെ ഒരാള്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് നടത്തി എന്നറിഞ്ഞ ഞെട്ടലിലാണ് സമീപവാസികള്‍. ഒന്നോ രണ്ടോ മാസം കൂടുമ്പോഴായിരുന്നു ബിന്ദു വീട്ടിലെത്തിയിരുന്നത്. ഭര്‍ത്താവും അമ്മയും കൂടാതെ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകള്‍ കൂടിയുണ്ട്.

കഴിഞ്ഞ പുലര്‍ച്ചെ രണ്ടിനാണ് ആലപ്പുഴ മാന്നാര്‍ കുരട്ടിക്കാട് വിസ്മയ വിലാസത്തില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം ആളുകള്‍ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ദുബായില്‍ നിന്ന് നാലു ദിവസം മുന്‍പാണ് യുവതി വീട്ടിലെത്തിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button