കൊച്ചി
മാണി സി കാപ്പൻ പാർടി വിട്ടത് കാര്യമായ ക്ഷീണം ഉണ്ടാക്കിയിട്ടില്ലെന്ന് എൻസിപി നേതൃയോഗം വിലയിരുത്തിയതായി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ പറഞ്ഞു. 15 സംസ്ഥാന ഭാരവാഹികളിൽ മൂന്ന് സെക്രട്ടറിമാർ ഒഴികെയുള്ളവർ കൊച്ചിയിൽ ചേർന്ന നേതൃയോഗത്തിൽ പങ്കെടുത്തു. എൻസിപിയുടെ പേരിനും പതാകയ്‌ക്കും സമാനമായ പേരും പതാകയുമാണ് കാപ്പൻ ഉപയോഗിക്കുന്നതെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൽഡിഎഫ് നേതൃത്വത്തോട് നാല് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് മാത്രം നോക്കിയല്ല, ആദർശത്തിന്റെയും ആശയത്തിന്റെയും അടിസ്ഥാനത്തിലാണ് എൽഡിഎഫിൽ നിൽക്കുന്നത്. എൽഡിഎഫ് വിജയത്തിനായി ജില്ലകളിൽ നേതൃയോഗങ്ങൾ നടത്തും. 28ന് സംസ്ഥാന നേതൃയോഗം വീണ്ടും ചേരും. മാർച്ച് 2, 3, 4, 5 തീയതികളിൽ ജില്ലാ നേതൃയോഗവും എട്ടിനുമുമ്പ് ബ്ലോക്ക് നേതൃയോഗവും നടത്തും. ഇന്ധന, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് മാർച്ച് ഒന്നിന് ബ്ലോക്കുതലത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്നും ടി പി പീതാംബരൻ പറഞ്ഞു. മന്ത്രി എ കെ ശശീന്ദ്രനും സംസ്ഥാന ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കാപ്പന് പുതിയ പാർടി
കൈപ്പത്തി ചിഹ്നത്തിൽ താൻ മത്സരിക്കണമെന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആഗ്രഹമാണെന്ന് മാണി സി കാപ്പൻ. യുഡിഎഫിൽ ഘടകകക്ഷിയായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാലാ ഉൾപ്പെടെ മൂന്നു സീറ്റ് വേണമെന്നും പുതിയ പാർടി രൂപീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മാണി സി കാപ്പൻ പ്രസിഡന്റായി നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്ന പേരിലാണ് പാർടി രൂപീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..