22 February Monday

'മരിച്ചവരെ വീണ്ടും വീണ്ടും കൊല്ലുന്നത് എന്തിനാണ് നിങ്ങള്‍'; മനോരമ പത്രാധിപര്‍ക്ക് ഹഖിന്റെ ഭാര്യയുടെ കത്ത്

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021

ജീവിച്ചിരിക്കുന്നവരെപ്പറ്റി കള്ളംപറയുംപോലെ അല്ല മരിച്ചവരെപ്പറ്റി കളവ് പറയുന്നത്. അവരെ വെറുതെ 
വിടൂ സർ. മരിച്ചവരാണ് അവർ.... മനോരമ പത്രാധിപർക്ക്‌ ഇമെയിൽ  അയച്ച കത്തിൽ കൊല്ലപ്പെട്ട 
ഹഖ്‌ മുഹമ്മദിന്റെ ഭാര്യ നജി‌ല ചോദിക്കുന്നു...

തിരുവനന്തപുരം
മരിച്ചവരെ നിങ്ങളെന്തിനാണ്‌ ഇങ്ങനെ വീണ്ടും വീണ്ടും കൊല്ലുന്നതെന്ന്‌ മനോരമയോട്‌  വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട ഹഖ്‌ മുഹമ്മദിന്റെ ഭാര്യ നജി‌ല.  ജീവിച്ചിരിക്കുന്നവർക്ക് നിങ്ങൾ പറയുന്ന നുണകളോട് വിയോജിക്കാനെങ്കിലും കഴിയും. മരിച്ചവരോ? അവർക്ക് ഒരു കുതറൽ കൊണ്ട്പോലും നിങ്ങളുടെ നുണപ്രചാരണത്തോട് വിയോജിക്കാൻ കഴിയില്ല.  നാടിന്റെ ജീവനായി ജീവിച്ച രണ്ടു മനുഷ്യരെയാണ്, അവരുടെ കുടുംബത്തെയും പ്രിയപ്പെട്ട കൂട്ടുകാരെയുമാണ് ഇരട്ടക്കൊലപാതകത്തിൽ രാഷ്ട്രീയമില്ല എന്ന ഫോറൻസിക് റിപ്പോർട്ടിൽ ഒരിടത്തും പറയാത്ത നുണ ഒന്നാം പേജിൽ നൽകുകവഴി അപമാനിച്ചത്.  അവർ കൊലപാതകത്തിന്‌ ഇറങ്ങി പുറപ്പെട്ടവരാണ് എന്ന അസംബന്ധം പറയുകവഴി മനോരമ ചെയ്യുന്നത് മറ്റൊന്നുമല്ലെന്നും നജി‌ല വ്യക്തമാക്കി.

വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ കുറഞ്ഞപക്ഷം അതിൽ ഒരു ശതമാനം സത്യമെങ്കിലും കലർത്തുക. മരിച്ചവരെക്കുറിച്ച് ഓർത്തില്ലെങ്കിലും മരിക്കാത്ത അവരുടെ ഓർമകളിൽ ജീവിക്കുന്ന ഉടഞ്ഞുപോയ മനുഷ്യരെ പറ്റിയെങ്കിലും ഓർക്കുക.
ജീവിച്ചിരിക്കുന്നവരെപ്പറ്റി കള്ളംപറയുംപോലെ അല്ല മരിച്ചവരെപ്പറ്റി കളവ് പറയുന്നത്. അവരെ വെറുതെ വിടൂ സർ.

മരിച്ചവരാണ് അവർ. നിങ്ങളുടെ രാഷ്ട്രീയ നിഴൽ യുദ്ധത്തിൽനിന്ന് അവരെ ഒഴിവാക്കുന്നത്, അവരെപ്പറ്റി നുണ പറയാതെ ഇരിക്കുന്നത്, മാധ്യമ പ്രവർത്തനത്തിന്റെ മാത്രമല്ല മനുഷ്യത്വത്തിന്റെകൂടി ലക്ഷണമാണ്. അങ്ങ് ഈ വാർത്ത തിരുത്തി കുറെക്കൂടി മനുഷ്യപ്പറ്റോടെയും നെറിവോടെയും റിപ്പോർട്ട് ചെയ്യാൻ തയ്യാറാകണം എന്ന് അപേക്ഷിക്കുന്നു. അങ്ങനെ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നുവെന്നും നജില എഴുതി. ഹഖ്‌ മുഹമ്മദിന്റെയും മിഥിലാജിന്റെയും രാഷ്ട്രീയ കൊലപാതകത്തെ സംബന്ധിച്ച് ഫോറൻസിക് റിപ്പോർട്ട് കണ്ടെത്തൽ എന്ന  മനോരമ വാർത്ത കുടുംബത്തെയാകെ വേദനിപ്പിക്കുന്നതാണെന്ന്‌ പറഞ്ഞാണ്‌  അവർ കത്ത്‌ തുടങ്ങുന്നത്‌. 


 


ഫോറൻസിക്‌ ‘റിപ്പോർട്ടി’ലും 
വോട്ടുപിടിക്കാൻ  യുഡിഎഫ്‌ പത്രം
വെഞ്ഞാറമൂട്‌ ഇരട്ടക്കൊലകേസിൽ കോൺഗ്രസിനെ രക്ഷിക്കാൻ നുണക്കഥയുമായി മനോരമ. ഡിവൈഎഫ്‌ഐ നേതാക്കളെ കോൺഗ്രസുകാർ കൊലപ്പെടുത്തിയകേസിൽ രാഷ്‌ട്രീയ ബന്ധമില്ലെന്ന്‌ ഫോറൻസിക്‌ റിപ്പോർട്ടിലുണ്ടെന്നാണ്‌ കണ്ടെത്തൽ.  രാഷ്‌ട്രീയ ഗൂഢാലോചന അന്വേഷിക്കുന്നത്‌ ഫോറൻസിക്‌ വിഭാഗമല്ലെന്ന വസ്‌തുത മൂടിവച്ചാണ്‌ കോൺഗ്രസിനെ രക്ഷിച്ചെടുക്കാൻ യുഡിഎഫ്‌ പത്രത്തിന്റെ നീക്കം.

ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ്‌ മുഹമ്മദ്‌, മിഥിലാജ്‌ എന്നിവരെ കൊലപ്പെടുത്തിയ  കേസിൽ ഒരു വനിതയടക്കം  ഒമ്പത്‌ പ്രതികളും  കോൺഗ്രസുകാരാണ്‌. രണ്ട്‌ പേർ  ഭാരവാഹികളും‌. വ്യക്തമായ രാഷ്‌ട്രീയ ഗൂഢാലോചനയാണ്‌ കൊലപാതകമെന്ന്‌  കോടതിയിൽ  സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്‌. മുഖ്യപ്രതി മദപുരം ഉണ്ണിയുടെ വീട്‌, ഒരു ഫാംഹൗസ്‌ തുടങ്ങി  നാലിടങ്ങളിലെ ഗൂഢാലോചനയുടെ ഫോൺ രേഖ, സാക്ഷിമൊഴി, കുറ്റസമ്മതമൊഴി ഉൾപ്പെടെ കുറ്റപത്രത്തിനൊപ്പമുണ്ട്‌. ഏഴ്‌ മുൻ കേസുകളുടെ എഫ്‌ഐആർ കോപ്പിയുമുണ്ട്‌. ഗൂഢാലോചന നടന്ന വീടിന്റെ സ്‌കെച്ച്‌ വില്ലേജ്‌ ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ഇതെല്ലാം മറച്ച്‌വച്ച്‌  ഫോറൻസിക്‌ റിപ്പോർട്ടെന്ന കഥ മെനഞ്ഞ്‌ വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകത്തിൽനിന്ന്‌ കോൺഗ്രസിനെ രക്ഷിച്ചെടുക്കാനാണ്‌ മനോരമയുടെ ശ്രമം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top