തിരുവനന്തപുരം
ഇരുപത്തിമൂവായിരംപേർക്ക് നേരിട്ട് തൊഴിലും 1700 ടൺ അധികമത്സ്യോൽപ്പാദനവും സൃഷ്ടിക്കുന്ന ചെല്ലാനം, താനൂർ, വെള്ളയിൽ മത്സ്യബന്ധന തുറമുഖങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഇതുവഴി 3.3 ലക്ഷംപേർക്ക് പരോക്ഷമായും തൊഴിൽലഭിക്കും. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് കമീഷൻചെയ്‌ത മത്സ്യബന്ധന തുറമുഖങ്ങൾ എട്ടായി. മുതലപ്പൊഴി, തലായ്, ചേറ്റുവ, കൊയിലാണ്ടി, മഞ്ചേശ്വരം തുറമുഖങ്ങൾ നേരത്തെ പ്രവർത്തനം ആരംഭിച്ചിരുന്നു.
മത്സ്യബന്ധനമേഖലയുടെ വികസനത്തിന് സർക്കാർ നൽകിവരുന്ന മുൻഗണനയുടെ തെളിവാണ് പുതിയ തുറമുഖങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരദേശ പശ്ചാത്തല സൗകര്യവികസനത്തിൽ തുറമുഖങ്ങളുടെ നിർമാണം, പാരമ്പര്യരീതിയിലുള്ള തീരസംരക്ഷണ പ്രവർത്തനങ്ങൾ, തീരദേശ റോഡ് നിർമാണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്തു നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
പൂർണമായും സംസ്ഥാനഫണ്ടുപയോഗിച്ചാണ് ചെല്ലാനം തുറമുഖം നിർമിച്ചത്. 50 കോടി രൂപയാണ് ചെലവ്. ചെല്ലാനം, മറുപക്കാട്, കണ്ടേക്കടവ്, കണ്ണമാലി, ചെറിയകടവ്, മറന്നശ്ശേരി മത്സ്യബന്ധന ഗ്രാമങ്ങൾക്ക് ഇതിന്റെ പ്രയോജനംലഭിക്കും. താനൂർ തുറമുഖത്തിന് കേന്ദ്ര സർക്കാരിന്റെ 25.5 കോടി ഉൾപ്പെടെ 86 കോടിരൂപ ചെലവഴിച്ചു. പുതിയ കടപ്പുറം, ചീരാൻ കടപ്പുറം, എടക്കടപ്പുറം, ഒസ്സാൻ, എളാരൻ, പണ്ടാരക്കടപ്പുറം, കോർമൻ ഗ്രാമങ്ങൾക്ക് ഗുണംലഭിക്കും.
75 കോടി ചെലവിലാണ് വെള്ളയിൽ തുറമുഖം പൂർത്തിയാക്കിയത്. 17.5 കോടി രൂപയായിരുന്നു കേന്ദ്ര സഹായം. വെള്ളയിൽ, പുതിയകടവ്, തോപ്പയിൽ, കാമ്പുറം ഗ്രാമങ്ങളിലെ തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ അധ്യക്ഷയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..