KeralaLatest News

ഗൾഫിൽ നിന്ന് വന്ന യുവതിയെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശികൾ, എത്തിയത് സ്വർണ്ണം അന്വേഷിച്ച്

സ്വര്‍ണം തന്റെ കൈവശമില്ലെന്നും ആളു മാറിയതാകാമെന്നും ബിന്ദു അറിയിച്ചതായും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മാന്നാര്‍: ആലപ്പുഴ മാവേലിക്കരയിലെ മാന്നാറില്‍ വീടാക്രമിച്ച്‌ യുവതിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ മലപ്പുറത്തെ സ്വര്‍ണക്കടത്ത് സംഘമെന്ന് വ്യക്തമായി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മാന്നാര്‍ കുഴീക്കാട്ട് വിളയില്‍ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെ 20 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. നാലു ദിവസം മുമ്പാണ് ബിന്ദു ദുബായിൽ നിന്ന് നാട്ടിലെത്തിയത്.

അപ്പോൾ മുതല്‍ യുവതി സ്വർണക്കടത്ത് സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നുവെന്ന് ഭര്‍ത്താവും ബന്ധുക്കളും പറയുന്നു. കൊടുവള്ളിയില്‍ നിന്നുള്ള ആള്‍ പല തവണ വീട്ടിലെത്തി സ്വര്‍ണം എവിടെയെന്ന് ചോദിച്ചിരുന്നതായും സ്വര്‍ണം തന്റെ കൈവശമില്ലെന്നും ആളു മാറിയതാകാമെന്നും ബിന്ദു അറിയിച്ചതായും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ മൊബൈല്‍ ഫോണും പൊലീസിന് കൈമാറിയിട്ടുണ്ട്. അക്രമി സംഘത്തിന്റെ കൈയ്യേറ്റത്തില്‍ ബിന്ദുവിന്റെ അമ്മ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. പൊന്നാനി, കൊടുവളളി സ്വദേശികളായ ചിലര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ എത്തിയിരുന്നതായി യുവതിയുടെ ഭര്‍ത്താവും പോലീസിനോട് വെളിപ്പെടുത്തി.

read also: ഗൾഫിൽ നിന്ന് വന്ന യുവതിയെ സ്വർണ്ണക്കടത്ത് സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി

ബിന്ദു നാട്ടിലെത്തിയതിന് ശേഷം പൊന്നാനി സ്വദേശിയായ രാജേഷ് വീട്ടില്‍ വന്നിരുന്നതായി ഭര്‍ത്താവ് വെളിപ്പെടുത്തി. മുഹമ്മദ് ഹനീഫ എന്നയാള്‍ ദുബായില്‍ നിന്ന് വിളിക്കുകയും ചെയ്തു. ഇവരാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ എന്നാണ് വിവരം. പട്ടി കുരയ്ക്കുന്നത് കേട്ട് ജനലില്‍ കൂടി നോക്കിയപ്പോള്‍ ആളുകള്‍ വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടതെന്ന് ഭര്‍ത്താവ് പറഞ്ഞു. സംഘം വടിവാളും മറ്റ് ആയുധങ്ങളുമായിട്ടാണ് എത്തിയത്.

read also: ‘മരണത്തോട് മല്ലടിച്ചു’, ‘സഞ്ചാരി’ യിലൂടെ പ്രശസ്തനായ സന്തോഷ് ജോർജ്ജ് കുളങ്ങര അതീവ ഗുരുതരാവസ്ഥയില…

ഭര്‍ത്താവിന്റെ അമ്മയെയും കുട്ടികളെയും കൂടാതെ ബന്ധുക്കളും വീട്ടില്‍ ഉണ്ടായിരുന്നു. അക്രമികളെ കണ്ട് ഭയന്ന വീട്ടുകാര്‍ ഓരോ മുറികളിലായി കയറി കതകടച്ചു. ബിന്ദുവും ഭര്‍ത്താവിന്റെ അമ്മയും ഒരു മുറിയിലാണ് കയറിയത്. വാതില്‍ ചവിട്ടി തുറന്ന് അകത്തു കടന്ന അക്രമിസംഘം ആദ്യമെത്തിയതും ഈ മുറിയിലാണ്. അമ്മയെ പിടിച്ചുതളളി മര്‍ദ്ദിച്ച്‌ ബിന്ദുവിനെ കൈയ്യും കാലും കെട്ടി വായില്‍ തുണി തിരുകി ബലമായി കൊണ്ടുപോകുകയായിരുന്നു.

തടയാന്‍ ശ്രമിച്ച ഇവരുടെ ബന്ധുവിനെയും മര്‍ദ്ദിച്ചു. പരിക്കേറ്റ ഭര്‍ത്താവിന്റെ അമ്മയെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ബിന്ദു. 19 ന് ആണ് ബിന്ദു നാട്ടിലെത്തിയത്. ബിന്ദുവും ഭര്‍ത്താവും ആറ് വര്‍ഷമായി ദുബായിലാണ്. കഴിഞ്ഞ എട്ട് മാസമായി ഭര്‍ത്താവ് നാട്ടിലുണ്ട്. മാന്നാര്‍ പഞ്ചായത്ത് ഓഫീസിന് സമീപമുളള വീട്ടിലേക്ക് ഇവര്‍ താമസമായിട്ട് ഒരു വര്‍ഷത്തോളമായതായി നാട്ടുകാര്‍ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button