22 February Monday

പട്ടയം നല്‍കാന്‍ കൈക്കൂലി; തഹസില്‍ദാരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021

കുമളി > പട്ടയം നല്‍കുന്നതിന് വീട്ടമ്മയില്‍ നിന്നും ഇരുപതിനായിരം രൂപാ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പീരുമേട് താലൂക്ക് ഭൂമിപതിവ് സ്‌പെഷ്യല്‍ തഹസില്‍ദാരെ വിജിലന്‍സ്  അറസ്റ്റ് ചെയ്തു. എരുമേലി ആലപ്ര തടത്തേല്‍ വീട്ടില്‍ യൂസഫ് റാവുത്തറെ(ജൂസ് റാവുത്തര്‍-55)യാണ് തിങ്കളാഴ്ച ഉച്ചയോടെ വിജിലന്‍സ് എസ്പി വി ജി വിനോദ്കുമാറിന്റെ നിര്‍ദേശാനുസരണം ഡിവൈഎസ്പി വി ആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.

ഉപ്പുതറ കൂവലേറ്റം സ്വദേശിനി കണിച്ചേരില്‍ വീട്ടില്‍ രാധാമണി സോമനില്‍ നിന്നാണ് പട്ടയം നല്‍കുന്നതിനായി തിങ്കളാഴ്ച ഇരുപതിനായിരം രൂപാ യൂസഫ് റാവുത്തര്‍ പീരുമേട്ടിലുള്ള തന്റെ ഓഫീസില്‍ വെച്ച് വാങ്ങിയത്. രാധാമണി സോമന്റെ കൈവശം കൂവലേറ്റത്തുള്ള രണ്ട് ഏക്കര്‍ 17 സെന്റ് വസ്തുവിന് പട്ടയത്തിനായി 2015ല്‍ അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. അടുത്തിടെ പീരുമേട് ഭൂപതിവ് ഓഫീസില്‍ അപേക്ഷിച്ചപ്പോള്‍ യൂസഫ് റാവുത്തര്‍ പട്ടയം നല്‍കുന്നതിനായി അന്‍പതിനായിരം രൂപാ കൈക്കൂലി ആവശ്യപ്പെട്ടു. സെന്റിന് ഒരു ലക്ഷം രൂപാ ലഭിക്കുന്ന ഭൂമിയാണെന്നും അരലക്ഷം രൂപായെങ്കിലും ലഭിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതിന് തയാറാകാതിരുന്ന പരാതിക്കാരി അയ്യായിരം രൂപാ നല്‍കാമെന്ന് പറഞ്ഞെങ്കിലും ഇതില്‍ തൃപ്തനാകാതെ ഇവരെ നടത്തിക്കുകയായിരുന്നു.

ഇതോടെ ഇവര്‍ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി വി ആര്‍ രവികുമാറിനെ പരാതിയുമായി സമീപിച്ചു. തുടര്‍ന്ന് വിജിലന്‍സ് സംഘം നമ്പര്‍ അടയാളപ്പെടുത്തി നല്‍കിയ കറന്‍സി നോട്ടുകള്‍ അടങ്ങിയ ഇരുപതിനായിരം രൂപാ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഇയാളുടെ ഓഫീസില്‍ എത്തി നല്‍കി. തുടര്‍ന്ന് സ്ഥലത്തെത്തിയ വിജിലന്‍സ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ പട്ടയത്തിന് അപേക്ഷിച്ച് ഭൂമി കാണുന്നതിനായി വന്ന ജൂസ് റാവുത്തര്‍ വാഹനത്തിന്റെ പേരില്‍ 1500 രൂപാ വാങ്ങിയതായും പറയുന്നു.

ഇടുക്കി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി ആര്‍ രവികുമാര്‍, കോട്ടയം?തൊടുപുഴ വിജിലന്‍സ് യൂണിറ്റുകളില്‍ നിന്നുള്ള സിഐമാരായ റിജോ പി ജോസ്, ജെ രാജീവ്,  എസ്‌ഐമാരായ വിന്‍സന്റ് കെ മാത്യു, സന്തോഷ് കെ എന്‍, ടി കെ അനില്‍കുമാര്‍ എഎസ്‌ഐമാരായ തുളസീധരക്കുറുപ്പ്, സ്റ്റാന്‍ലി തോമസ്, പി കെ അജി, കെ ജി ഷിഹു ജെയിംസ് ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്ന വിജിലന്‍സ് പരിശോധന നടത്തിയത്. പ്രതിയെ ചൊവ്വാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top