തിരുവനന്തപുരം > കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. സ്വാഭാവിക മരണമല്ലെന്നാണ് ഫോറൻസിക് പരിശോധനാ ഫലം. കൊലക്കുറ്റം ചുമത്താൻ ക്രൈംബ്രാഞ്ച് സംഘം കോടതിയുടെ അനുമതി തേടി. കാര്യസ്ഥൻ രവീന്ദ്രൻ നായരെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് സംഘം.
കൂടത്തിൽ കുടുംബത്തിൽ ഏഴ് പേരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. അവസാനം മരിച്ചത് ജയമാധവൻ നായരാണ്. മരണം കൊലപാതകമെന്ന് സൂചിപ്പിക്കുന്ന മൊഴികളും തെളിവുകളും അന്വേഷക സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ ഫോറൻസിക് ഫലം കാക്കുകയായിരുന്നു. കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാകും കാര്യസ്ഥനെ പ്രതിചേർക്കുക.
സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരെ ഉടൻ കുറ്റപത്രം നൽകും. 2017 ഏപ്രിൽ രണ്ടിനാണ് ജയമാധവൻ നായരുടെ മരണം. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു.
പൊളിഞ്ഞ
കള്ളങ്ങൾ
തലയടിച്ച് നിലത്തുവീണാണ് ജയമാധവന്റെ മരണമെന്ന ബന്ധുവിന്റെ മൊഴി തെറ്റെന്ന് തെളിഞ്ഞു.
മരണം സ്ഥിരീകരിച്ചശേഷം താനും വീട്ടുജോലിക്കാരി ലീലയും കരമന സ്റ്റേഷനിൽ പോയെന്നും ലീല പിന്നീട് കൂടത്തിൽ തറവാട്ടിലേക്ക് മടങ്ങിയെന്നുമായിരുന്നു കാര്യസ്ഥൻ രവീന്ദ്രന്റെ മൊഴി.
സ്റ്റേഷനിൽ പോയില്ലെന്നും തന്നോട് വീട്ടിൽ പോകാൻ രവീന്ദ്രൻ പറഞ്ഞെന്നും ലീല വെളിപ്പെടുത്തി. ആശുപത്രിയിൽ ഗുണ്ടകളുടെ സാന്നിധ്യമുണ്ടായതായും കണ്ടെത്തി.
ഓട്ടോക്കഥയും പാളി
ജയമാധവനെ ആശുപത്രിയിലെത്തിക്കാൻ രവീന്ദ്രൻ നായർ ഓട്ടോ വിളിച്ചില്ല. തന്റെ ഓട്ടോയിലാണ് എത്തിച്ചതെന്ന ഡ്രൈവർ സുമേഷിന്റെ മൊഴിയും കള്ളമെന്ന് തെളിഞ്ഞു. ആശുപത്രിയിൽ പോയിട്ടില്ലെന്നും രവീന്ദ്രൻ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തതിനാലാണ് കള്ളമൊഴി നൽകിയതെന്നും ഇയാൾ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..