22 February Monday

ഹെൽത്ത്‌ ഇൻസ്‌പെക്‌ടർ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്‌തെന്നത്‌ വ്യാജപരാതി; പൊലീസ്‌ റിപ്പോർട്ട്‌ ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021

കൊച്ചി > കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്‌തുവെന്ന പരാതി വ്യാജമായിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചു. കളത്തൂപ്പുഴയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർക്കെതിരെ നൽകിയ പരാതിയാണ് കോടതി നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ വ്യാജമെന്ന് തെളിഞ്ഞത്.

പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും ബന്ധുക്കളുടെ പ്രേരണയാലും അപ്പോഴത്തെ മാനസികനിലകൊണ്ടുമാണ് പരാതി നൽകിയതെന്ന് യുവതി ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകിയിരുന്നു. തുടർന്ന് 77 ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ് മേധാവിക്ക് നിർദ്ദേശവും നൽകി.

കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരുന്ന ആരോഗ്യ പ്രവർത്തർക്കാകെ കളങ്കം ചാർത്തിയ സംഭവമായിരുന്നു യുവതിയുടെ പരാതിയെന്നും പത്രമാധ്യമങ്ങൾ ആ വാർത്തക്ക് അത്രമേൽ പ്രാധാന്യം നൽകിയെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. അതിനാൽ പോലീസ് മേധാവിയുടെ റിപ്പോർട്ടിനും മാധ്യമങ്ങൾ പ്രാധാന്യം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. 77 ദിവസം പ്രതി ജയിലിൽ കിടന്നുവെന്നും ഇത് അന്യായ തടങ്കലായി കണക്കാക്കേണ്ടി വരുമെന്നും കോടതി വിലയിരുത്തി.

പ്രതിയുടെ പ്രവർത്തി സാന്മാർഗികമല്ലെങ്കിയും നിയമവിരുദ്ധമല്ലെന്ന് കോടതി പറഞ്ഞു. രാവും പകലുമില്ലാതെ കോവിഡ് പ്രതിരോധത്തിൽ ഏർപ്പെടുന്ന ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം കെടുത്തിയ സംഭവത്തിന് ഒരളവുവരെ പരിഹാരം ലഭിക്കാനാണ് പോലീസ് റിപ്പോർട്ട് മാധ്യമങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടതി ഉത്തരവിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top