തിരുവനന്തപും> കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കായ കേരള ബാങ്കിനെ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പിരിച്ചു വിടുമെന്നുള്ള പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അപക്വവും അര്‍ത്ഥശൂന്യവുമാണെന്ന് ബെഫി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നബാര്‍ഡിന്റെയും വിശദമായ പരിശോധനക്കും വിലയിരുത്തലിനും ശേഷമാണ് കേരള ബാങ്കിന്റെ പ്രവര്‍ത്തനത്തിന് അന്തിമാനുമതി ലഭിച്ചിട്ടുള്ളത്. നേരത്തെ ഈ ബാങ്കിനെതിരെ പ്രതിപക്ഷം ഉന്നയിച്ച പരാതികളും ഒട്ടേറെ റിട്ടു ഹര്‍ജികളും വിശദമായികേട്ടതിനു ശേഷമാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി കേരള ബാങ്ക് രൂപീകരണവുമായി മുന്നോട്ടു പോകാന്‍ അനുവാദം നല്‍കിയിട്ടുള്ളതും.
ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും സംയോജിപ്പിച്ചുള്ള കേരള ബാങ്ക് മാതൃകയില്‍ സഹകരണ കമേഴ്‌സ്യല്‍ ബാങ്കുകള്‍ രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലും നിലവില്‍ വന്നിട്ടുള്ളതാണ്. റിസര്‍വ്വ് ബാങ്കിന്റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലുള്ള കേരള ബാങ്കിന്റെ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരുകളുടെ സങ്കുചിത രാഷ്ട്രീയ വീക്ഷണത്തിനനുസരണമായി പിരിച്ചു വിടാനാകുമെന്ന പ്രഖ്യാപനങ്ങള്‍ ഇക്കാര്യങ്ങളിലുള്ള സാമാന്യ ജ്ഞാനകുറവിനെയാണ് വിളിച്ചറിയിക്കുന്നത്.
18 മാസമായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു വരുന്ന കേരള ബാങ്കിന് 2020 ഡിസംബറില്‍ 205 കോടി രൂപ ലാഭം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 769 ശാഖകളും, ഏഴു റിജീണല്‍ ഓഫീസുകളും ഏഴു ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുകളും ഒരു കോര്‍പ്പറേറ്റ് ബിസിനസ്സ് ഓഫീസും ഉള്ള കേരള ബാങ്കിന് രൂപീകരണ ഘട്ടത്തില്‍ തന്നെ 64000 കോടി രൂപ നിക്ഷേപവും 45000 കോടി രൂപ വായ്പയുമാണുള്ളത്.
ഈ ബാങ്കിനെ പിരിച്ചുവിട്ട് പഴയ 13 ജില്ലാ സഹകരണ ബാങ്കുകളാക്കാന്‍ (മലപ്പുറം ജില്ല കേരളാ ബാങ്കില്‍ നിലവില്‍ ഉള്‍പ്പെട്ടിട്ടില്ല) കഴിയുമെന്ന് പ്രസ്താവിക്കുന്നത് തീര്‍ത്തും പരിഹാസ്യമാണ്.
നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു കൊണ്ടുള്ള ഇത്തരം വില കുറഞ്ഞ പ്രസ്താവനകള്‍ തിരുത്തണമെന്നും ബാങ്കിംഗ് വ്യവസ്ഥയുടെ വിശ്വസനീയത നിലനിര്‍ത്താന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും ബെഫി പ്രസ്താവനയില്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..