21 February Sunday

23 ന് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തില്‍ നിന്നും പിന്‍മാറണം: ഗതാഗതമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021

തിരുവനന്തപുരം> കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പാക്കേജുകളുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയിലെ രണ്ട് അംഗീകൃത തൊഴിലാളി സംഘടനകള്‍ 23 ന് പ്രഖ്യാപിച്ച സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. കെഎസ്ആര്‍ടിസി വളരെയേറെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുന്ന ഈ സമയത്ത് സമരം  നടത്തുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്. അത്തരം സമീപനം ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. സമരം പ്രഖ്യാപിച്ച സംഘടനകളുമായി 22 ന് ( തിങ്കളാഴ്ച) കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.


കെഎസ്ആര്‍ടിക്കും ജീവനക്കാര്‍ക്കും, മുന്‍പ് ഒരു കാലത്തും കിട്ടാത്ത പരിഗണനയാണ് ഈ സര്‍ക്കാര്‍ നല്‍കിയത്. സ്വയംപര്യാപ്തതയോടൊപ്പം ജീവനക്കാരുടെ അവകാശങ്ങളും സംരക്ഷിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോയത്. കഴിഞ്ഞ അഞ്ച് വര്‍ഷം മുമ്പ് ഇതേ മാസങ്ങളില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്ആര്‍ടിസി ജീവനക്കാരും, പെന്‍ഷന്‍കാരും നിരന്തരം സമരം നടത്തിവന്ന കാലമായിരുന്നു. ആ കാലത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ശമ്പളവും , പെന്‍ഷന്‍ ആനുകൂല്യങ്ങളും മുടങ്ങാതെ നല്‍കുമെന്നാണ് എല്‍ഡിഎഫ് പറഞ്ഞിരുന്നത്.

ഇടക്കാലത്ത് ഏറെ പ്രതിസന്ധികള്‍ ഉണ്ടായിട്ടു പോലും ശമ്പളവും, പെന്‍ഷനും നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. കഴിഞ്ഞ 5 വര്‍ഷത്തിനടയില്‍ 5500 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കിയത്. ഇത്രയേറെ പ്രശ്‌നങ്ങള്‍ക്കിടയില്‍ പോലും സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചില സംഘടനകള്‍ എതിര്‍ക്കുന്നത് ഖേദകരമാണ്. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെ ഉടന്‍ ആരംഭിക്കും,  മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള ഡി.എ പരിഷ്‌കരണം മാര്‍ച്ച് മാസം മുതല്‍ നടപ്പിലാക്കും. പത്ത് ശതമാനം പ്രമോഷന്‍ ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങളും നടപ്പിലാക്കും. എന്നാല്‍ വരുമാനം വര്‍ദ്ധിപ്പിച്ച് ചിലവ് കുറച്ചാകും മുന്നോട്ട് പോകുകയെന്നും, സ്വയംപര്യാപ്തമാല്ലാതെ കെഎസ്ആര്‍ടിസിക്ക് മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top