മെൽബൺ
കോവിഡ് കാലവും അതിജീവിച്ച് റോഡ് ലേവർ അരീനയിൽ ജാപ്പനീസ് ചിരി. ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ വനിതാ സിംഗിൾസ് കിരീടം നവോമി ഒസാക്കയ്‌ക്ക്. ഫൈനലിൽ അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയെ 6–-4, 6–-3ന് തോൽപ്പിച്ചു. 77 മിനിറ്റ് നീണ്ട കലാശപ്പോരിൽ ഒസാകയുടെ ആധിപത്യം പൂർണമായിരുന്നു. പുരുഷ ഫൈനലിൽ ലോക ഒന്നാംനമ്പർ താരം സെർബിയയുടെ നൊവാക് യൊകോവിച്ച് ഇന്ന് റഷ്യക്കാരൻ ഡാനിൽ മെദ്‌വദേവിനെ നേരിടും.
മൂന്നാം സീഡായ ഒസാകയെ വെല്ലുവിളിക്കാനുള്ള ശേഷി ഇരുപത്തിരണ്ടാം സീഡായ ബ്രാഡിയുടെ റാക്കറ്റിനില്ലായിരുന്നു. പ്രായത്തിൽ ഒസാക ബ്രാഡിയേക്കാൾ മൂന്ന് വയസ്സ് ചെറുപ്പമാണ്. ഒസാക്കയ്‌ക്ക് 22, ബ്രാഡിക്ക് 25. കളിയിലും ആ ചുറുചുറുക്ക് നിലനിർത്താൻ ഒസാക്കയ്‌ക്കായി. രണ്ടാംതവണയാണ് കിരീടനേട്ടം. ഗ്രാൻഡ്‌സ്ലാം കിരീടം നാലായി.
ആദ്യ സെറ്റിൽ 4–-4 ഒപ്പത്തിനൊപ്പം പിടിച്ച ബ്രാഡി ഒസാകയുടെ കരുത്തുറ്റ ഷോട്ടുകൾക്കുമുന്നിൽ പതറി. 41 മിനിറ്റിൽ സെറ്റ് നേടി. രണ്ടാം സെറ്റിൽ ഒസാക 4–-0ന് ലീഡ് നേടിയെങ്കിലും 3–-5ലേക്ക് ബ്രാഡി കയറിവന്നു. പക്ഷേ, ഫലമുണ്ടായില്ല. 26 മിനിറ്റിൽ ഒസാക സെറ്റും കളിയും നേടി.
മിക്‌സഡ് ഡബിൾസിൽ ഇന്ത്യൻവംശജൻ അമേരിക്കയുടെ രാജീവ് റാമും ചെക്ക് താരം ബാർബറ ക്രെജിസികോവ സഖ്യം ജേതാക്കളായി. പകൽ രണ്ടിനാണ് പുരുഷ ഫെെനലിൽ നിലവിലെ ചാമ്പ്യനായ യൊകോവിച്ച് മെദ്‌വദേവിനെ നേരിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..