റിയാദ് > അൽഖർജിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ നെടുമുടി സ്വദേശി രഞ്ജിത്തിനെ കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിച്ചു. രഞ്ജിത്തും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി ട്രാൻസ്ഫോമറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ തമിഴ്‌നാട് സ്വദേശിയായ ഒരു സുഹൃത്ത് മരണപ്പെടുകയും, കൊല്ലം ജില്ലക്കാരനായ നിധിൻ അപകടനില തരണം ചെയ്തെങ്കിലും ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലുമാണ്. അപകടം നടന്നയുടനെ പരിക്കേറ്റവരെ അൽഖർജ് മിലിട്ടറി ആശുപത്രിയിലും പിന്നീട് തുടർ ചികിത്സക്കായി ഷുമേസി ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്.
തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകാൻ സഹായിക്കണമെന്ന രഞ്ജിത്തിന്റേയും കുടുംബത്തിന്റേയും ആഗ്രഹപ്രകാരമാണ് കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം നാട്ടിലേക്ക് പോകാനുള്ള യാത്രാ രേഖകളും സൗകര്യവും ഒരുക്കിയത്. രഞ്ജിത്ത് ജോലി ചെയ്യുന്ന കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ട് അദ്ദേഹത്തിന് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങിക്കൊടുത്തതിനു ശേഷമാണ് അദ്ദേഹത്തെ നാട്ടിലേക്ക് യാത്രയാക്കിയത്. കേളി ജീവകാരുണ്യ പ്രവർത്തകരായ നാസർപൊന്നാനി, ഷാജഹാൻ കൊല്ലം, രാജൻ പള്ളിത്തടം, ഗോപാലൻ എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നാട്ടിലെത്തിയ രഞ്ജിത്തും അദ്ദേഹത്തിന്റെ കുടുംബവും കേളിയുടെ സഹായത്തിന് നന്ദി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..