21 February Sunday

ദിഷ രവിക്കെതിരെ 
തെളിവുണ്ടോയെന്ന്‌ കോടതി

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021



ന്യൂഡൽഹി
റിപ്പബ്ലിക് ദിനത്തിലെ സംഭവങ്ങൾക്ക്‌ പരിസ്ഥിതിപ്രവർത്തക ദിഷ രവിയുമായി ബന്ധമുണ്ടെന്നതിന്‌ എന്ത്‌ തെളിവാണുള്ളതെന്ന്‌ ഡൽഹി കോടതി. ‘ജനുവരി 26ന്‌ നടന്ന അക്രമങ്ങളും ഈ യുവതിയുമായി ബന്ധമുണ്ടെന്നതിന്‌ എന്ത്‌ തെളിവാണുള്ളത്‌? സന്ദേഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിൽ കോടതി തീർപ്പ്‌ കൽപ്പിക്കണമോ?’–- ഡൽഹി പൊലീസിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌ വി രാജുവിനോട്‌‌ കോടതി ചോദിച്ചു.
ടൂൾകിറ്റ്‌ കേസിൽ അറസ്‌റ്റിലായ ദിഷ രവിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു പട്യാലഹൗസ്‌ കോടതി അഡീഷണൽ സെഷൻസ്‌ ജഡ്‌ജി ധർമേന്ദർറാണയുടെ ചോദ്യം.

ദിഷ രവിക്ക്‌ ‘സിഖ്‌സ്‌ ഫോർ ജസ്‌റ്റിസ്‌’, ‘പോയറ്റിക്ക്‌ ജസ്‌റ്റിസ്‌ ഫൗണ്ടേഷൻ’ തുടങ്ങിയ ഖലിസ്ഥാൻ അനുഭാവ സംഘടനകളുമായി അടുത്തബന്ധമാണുള്ളതെന്ന്‌ അഡീഷണൽ സോളിസിറ്റർ ജനറൽ ആരോപിച്ചു. ഏതെങ്കിലും വ്യക്തിയുമായോ സംഘടനയുമായോ ബന്ധമുണ്ടായതിന്റെ പേരിൽ ഒരാൾക്കെതിരെ കുറ്റാരോപണങ്ങളുന്നയിക്കുന്നത്‌ ശരിയാണോയെന്നും‌ കോടതി തിരിച്ചുചോദിച്ചു. ദിഷ രവിക്ക്‌ വേണ്ടി അഡ്വ. സിദ്ദാർഥ്‌ അഗർവാൾ ഹാജരായി. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്‌ച വിധിപറയും.

ദിഷയെ പിന്തുണച്ച് ഗ്രേറ്റ
കർഷക പ്രക്ഷോഭവവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ദിഷ രവിക്ക് ഐക്യദാർഢ്യവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യൂൺബെർഗ്. ‘അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും ചോദ്യംചെയ്യാനാകാത്ത മനുഷ്യാവകാശമാണ്. ഏത് ജനാധിപത്യത്തിന്റെയും അടിസ്ഥാന ഘടകമാണിത്’ –അവർ ട്വീറ്റ്‌ ചെയ്തു. സ്റ്റാൻഡ് വിത്ത് ദിഷ രവി എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്. കർഷക സമരത്തെ പിന്തുണച്ച് ഗ്രേറ്റ ട്വീറ്റ്‌ ചെയ്ത ടൂൾകിറ്റുമായി ബന്ധപ്പെട്ടാണ് ദിഷ അറസ്റ്റിലായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top