തിരുവനന്തപുരം
അശരണരും നിരാലംബരുമായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയമായി ജനകീയ നേതാവായിരുന്ന ഇ കെ നായനാരുടെ ഓർമയ്‌ക്കായി തലസ്ഥാനത്ത് സ്ഥിരം കേന്ദ്രം. ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്‌റ്റാണ് മെഡിക്കൽ കോളേജാശുപത്രിക്ക് സമീപം വിശ്രമ ഭവൻ പണിയുന്നത്. ട്രസ്‌റ്റിന്റെ ആസ്ഥാനവും ഇവിടെ പ്രവർത്തിക്കും. മെഡിക്കൽ കോളേജ് ആശുപത്രി, ആർസിസി, ശ്രീചിത്ര മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലെത്തുന്ന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തമിഴ്‌നാട് ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കും ആശ്രയമാകും ഈ കേന്ദ്രം. നിർമാണോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
ജീവനകാരുണ്യ പ്രവർത്തനം ഏറ്റെടുക്കാൻ 2018ൽ സിപിഐ എം തീരുമാനിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2000 പാലിയേറ്റീവ് കെയർ സെന്ററുകൾ ആരംഭിക്കാനും 20,000 പാർടി പ്രവർത്തകർക്ക് പരിശീലനം നൽകാനും തീരുമാനിച്ചു. അതിനും ആറു വർഷം മുമ്പ് നായനാർ ചാരിറ്റബിൾ ട്രസ്‌റ്റ് ഈ സേവനങ്ങൾ ആരംഭിച്ചിരുന്നു. ഇവ നാടിന് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടർ പരിശോധനയും മറ്റും ആവശ്യമുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സുരക്ഷിതമായി കുറഞ്ഞ ചെലവിൽ താമസിക്കാവുന്ന വിശ്രമ മന്ദിരം , സൗജന്യ ഭക്ഷണം, ആംബുലൻസ്, മൊബൈൽ മോർച്ചറി, കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി പരിചരണം തുടങ്ങിയ സേവനങ്ങളാണ് ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുക. നിലവിൽ നഗരസഭയുടെ കെട്ടിടം ലീസിനെടുത്താണ് പ്രവർത്തനം.ആർസിസിക്കടുത്ത് ട്രസ്‌റ്റ് വിലകൊടുത്ത് വാങ്ങിയ 27.5 സെന്റിൽ സ്വന്തം ആസ്ഥാനവും വിശ്രമ ഭവനും വരുന്നതോടെ പ്രവർത്തനം കൂടുതൽ വിപുലമാകും.
ചടങ്ങിൽ എം വിജയകുമാർ അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, സി ജയൻബാബു, സി അജയകുമാർ, കാട്ടാക്കട ശശി, വി കെ മധു, ആർ രാമു, കെ സി വിക്രമൻ, ചെറ്റച്ചൽ സഹദേവൻ, പുത്തൻകട വിജയൻ, ഡി ആർ അനിൽകുമാർ, ആർ അശോകൻ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ സ്വാഗതവും സി ലെനിൽ നന്ദിയും പറഞ്ഞു. ചടങ്ങിന് സാക്ഷിയാകാൻ നായനാരുടെ മക്കളായ കൃഷ്‌ണകുമാറും സുധയും എത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..