KeralaLatest NewsIndia

ഇനി കേരളത്തിലേക്ക് 2000 മെഗാവാട്ട്: പ്രധാനമന്ത്രി ഇന്ന് ഉദ്‌ഘാടനം ചെയ്യുന്നത് വിവിധ പദ്ധതികൾ

പ്രസരണ നഷ്ടം കുറവായ സാങ്കേതിക വിദ്യ 'ഹൈ വോള്‍ട്ടേജ് ഡയറക്‌ട് കറന്റ്‌' ( എച്ച്‌വിഡിസി ) ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ ലൈനാണിത്.

തിരുവനന്തപുരം : തമിഴ്നാട്ടിലെ പുഗലൂരില്‍ നിന്നും മാടക്കത്തറയിലേക്കുള്ള എച്ച്‌വിഡിസി വൈദ്യുതി ലൈനും സ്‌റ്റേഷനും ഇന്ന് കമ്മീഷന്‍ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനംചെയ്യും. ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ സംബന്ധിക്കും. മാടക്കത്തറ പുതിയ സബ്‌സ്‌റ്റേഷനില്‍ വൈകിട്ട്‌ 4.30നാണ്‌ ചടങ്ങ്‌.

പ്രസരണ നഷ്ടം കുറവായ സാങ്കേതിക വിദ്യ ‘ഹൈ വോള്‍ട്ടേജ് ഡയറക്‌ട് കറന്റ്‌’ ( എച്ച്‌വിഡിസി ) ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ ലൈനാണിത്. ഇതോടെ കേരളത്തിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി പ്രവഹിക്കും. പുഗലൂര്‍– മാടക്കത്തറ ലൈനും 2000 മെഗാവാട്ട് സബ്സ്റ്റേഷനും പവര്‍ഗ്രിഡ് കോര്‍പ്പറേഷനാണ് നിര്‍മിച്ചത്.

ഹൈവോള്‍ട്ടേജ് ഡയറക്‌ട് കറന്റിനെ ആള്‍ട്ടര്‍നേറ്റിങ് കറന്റ്‌ (എസി)ആക്കിമാറ്റി 400 കെവി വഴിയാണ് വിതരണം. 165.7 കിലോമീറ്റര്‍ നീളത്തിലുള്ള ഈ ലൈനിന്റെ മാടക്കത്തറ പവര്‍സ്റ്റേഷന്‍ മുതല്‍ വടക്കഞ്ചേരി സ്റ്റേഷന്‍ വരെ 26.5 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളാണ്‌. മാടക്കത്തറയില്‍ എത്തുന്ന വൈദ്യുതി സംസ്ഥാനത്താകെ വിതരണം ചെയ്യുന്നതിനുള്ള പവര്‍ ഹൈവേ പൂര്‍ത്തിയാക്കി.

പ്രഥമ 400 കെ വി മള്‍ട്ടി സര്‍ക്യൂട്ട്‌, മള്‍ട്ടി വോള്‍ട്ടേജ്‌ ട്രാന്‍സ്‌മിഷന്‍ ലൈന്‍ മാടക്കത്തറയില്‍ നിന്ന്‌ അരീക്കോട്‌ വരെ കമ്മീഷന്‍ ചെയ്‌തു. നിലവിലുള്ള മാടക്കത്തറ-മലാപ്പറമ്പ് 220 കെവി ലൈന്‍ 400- 220 കെവി മള്‍ട്ടി സര്‍ക്യൂട്ടാക്കി ഉയര്‍ത്തി. 220 കെ വി തൃശൂര്‍ എച്ച്‌വിഡിസി നല്ലളം ലൈനും കഴിഞ്ഞദിവസം കമ്മീഷന്‍ ചെയ്‌തു. അതേസമയം സംസ്ഥാനത്തെ രണ്ടാമത്തെ സോളാര്‍ പാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തന്നെ നാടിന് സമര്‍പ്പിക്കും.

കാസര്‍ഗോഡ് പൈവളികെ കൊമ്മന്‍ഗളയില്‍ 250 ഏക്കറിലാണ് സോളാര്‍ പാര്‍ക്ക് തയാറായിരിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ സോളാര്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ലക്ഷത്തി അറുപത്തയ്യായിരം പാനലുകള്‍ സ്ഥാപിച്ചാണ് വൈദ്യുതോത്പാദനം. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ എസ്‌ഇബിയുടെ കുബനൂര്‍ സബ് സ്റ്റേഷനിലെത്തിച്ചാണ് വിതരണം ചെയ്യുക.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button