ന്യൂഡൽഹി
മാധ്യമവിചാരണയ്‌ക്കെതിരെ പരിസ്ഥിതി പ്രവർത്തക ദിഷ രവി നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ത്യ ടുഡെ, ന്യൂസ് 18, ടൈംസ് നൗ ചാനലുകൾക്കും വാർത്താവിതരണ മന്ത്രാലയത്തിനും നോട്ടീസ് അയച്ചു. സ്വകാര്യതയ്‌ക്കും അന്തസ്സിനും ക്ഷതമേൽപ്പിക്കുന്നവിധത്തിൽ റിപ്പോർട്ടിങ് നടത്തിയ മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ വാർത്താവിതരണ മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ദിഷ ഹർജി നൽകിയത്.
താൻ നടത്തിയ ആശയവിനിമയങ്ങൾ എന്ന പേരിൽ സ്വകാര്യചാനലുകൾ സംപ്രേഷണംചെയ്യുന്നത് കോടതിവിചാരണ അവസാനിക്കുന്നതുവരെ തടയണമെന്നും ദിഷ ഹർജിയിൽ ആവശ്യപ്പെട്ടു. കർഷകസമരത്തെ പിന്തുണച്ചുള്ള ടൂൾകിറ്റ് പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് അറസ്‌റ്റുചെയ്‌ത ദിഷ പൊലീസ് കസ്‌റ്റഡിയിലാണ്. ദിഷയുടെ ഹർജി മാധ്യമശ്രദ്ധ നേടാനാണെന്നും വിവരങ്ങൾ ചോർത്തിയിട്ടില്ലെന്നും ഡൽഹി പൊലീസിനും വാർത്താവിതരണ മന്ത്രാലയത്തിനുംവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമേത്ത അവകാശപ്പെട്ടു. ചാനലുകൾക്കും മന്ത്രാലയത്തിനും നോട്ടീസയക്കാൻ ഉത്തരവിട്ട ജസ്‌റ്റിസ് പ്രതിഭ എം സിങ് കേസ് വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..