19 February Friday

ഉന്നാവോ‌യിൽ വീണ്ടും 2 ദളിത്‌ 
പെൺകുട്ടികൾക്ക് മരണം ; അജ്ഞാതർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 19, 2021


ന്യൂഡൽഹി
ഉത്തർപ്രദേശിലെ ഉന്നാവോയിൽ രണ്ട്‌ ദളിത്‌ പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ അജ്ഞാതരുടെപേരിൽ കൊലക്കുറ്റത്തിന്‌ കേസെടുത്തതായി പൊലീസ്. മരിച്ച കുട്ടികൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടി  കാൺപുർ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്‌. ‌കുട്ടികൾക്ക് വിഷം നൽകിയതായാണ് സംശയം.

ബുധനാഴ്‌ച ഉച്ചയ്‌ക്കുശേഷം പാടത്ത്‌ വൈക്കോൽ ശേഖരിക്കാൻപോയ ‌  പെൺകുട്ടികൾ മടങ്ങിയെത്താഞ്ഞതിനെ തുടർന്ന്‌ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ്‌ അബോധാവസ്ഥയിൽ കണ്ടെത്തിയത്‌. കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു കുട്ടികൾ. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രണ്ടുപേർ മരിച്ചു. പതിന്നാലും പതിനഞ്ചും വയസ്‌ പ്രായമുള്ളവരാണ്‌ മരിച്ചത്‌.

സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. യുപിയിൽ പെൺകുട്ടികൾക്കുനേരെയുള്ള ആക്രമണം പതിവായി; പ്രത്യേകിച്ച്‌ ദളിത്‌ പെൺകുട്ടികൾക്ക്‌ നേരെ. കേസുകൾ അട്ടിമറിക്കാനാണ്‌ പൊലീസ്‌ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. സംഭവസ്ഥലത്ത്‌ വ്യാഴാഴ്‌ച കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.

ഉന്നാവോയിൽ 17 വയസുള്ള ദളിത്‌ പെൺകുട്ടിയെ  2017ൽ കൂട്ട ബലാത്സംഗം ചെയ്‌ത കേസിൽ ബിജെപി എംഎൽഎയായിരുന്ന കുൽദീപ്‌ സിങ്‌ സെൻഗാറിനെ 2019ൽ കോടതി ശിക്ഷിച്ചിരുന്നു. യുപി പൊലീസ്‌ കള്ളക്കേസിൽ കസ്‌റ്റഡിയിലെടുത്ത പെൺകുട്ടിയുടെ അച്ഛൻ മരിച്ച സംഭവത്തിലും സെൻഗാർ പ്രതിയാണെന്ന്‌ കണ്ടെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top