19 February Friday

കരുവാറ്റയിൽ 
ജ്വല്ലറി കവർച്ച ; സൈറൺ മുഴങ്ങിയതോടെ സംഘം രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Feb 19, 2021


ഹരിപ്പാട്
കരുവാറ്റ കടുവൻകുളങ്ങരയിലെ ജ്വല്ലറിയുടെ പൂട്ട്‌ തകർത്ത്‌ മോഷണം. വ്യാഴാഴ്‌ച പുലർച്ചെ 3.30 ഓടെയാണ്‌ വാനിലെത്തിയ മോഷ്‌ടാക്കൾ ജ്വല്ലറി കുത്തിത്തുറന്നത്‌. 130 ഗ്രാം സ്വർണാഭരണം കൈക്കലാക്കിയ സംഘം സ്ഥാപനത്തിലെ സൈറൺ മുഴങ്ങിയതോടെ വാനിൽ രക്ഷപ്പെടുകയായിരുന്നു. ഷട്ടറിന്റെ താഴ് പിക്കാക്‌സ്‌ ഉപയോഗിച്ച് പൊളിച്ചാണ് അകത്തുകടന്നത്.

മോതിരം, കമ്മൽ പോലെയുള്ള ഉരുപ്പടികൾ കൈവശമാക്കിയതിനുശേഷം ലോക്കർ റൂമിലേക്ക് കടന്നതോടെ സൈറൻ മുഴങ്ങി. തുടർന്ന്‌ വാനിൽ രക്ഷപ്പെട്ടു. കടയുടെ മുന്നിലുണ്ടായിരുന്ന ക്യാമറയുടെ ദിശ മാറ്റിയ ശേഷമായിരുന്നു പൂട്ട്‌ തകർത്തത്‌. കടയുടമയുടെ മൊബൈൽഫോണുമായി ലോക്കറിലെ സുരക്ഷാ സംവിധാനം ബന്ധപ്പെടുത്തിയിരുന്നതിനാൽ ലോക്കർ പൊളിക്കാൻ ശ്രമിച്ചതോടെ ഫോണിൽ അപായ സന്ദേശമെത്തിയിരുന്നു. കടയുടമ വി ചന്ദ്രൻ ഇതോടെ കടയിലെത്തി.  ഹരിപ്പാട് പൊലീസും വിരലടയാള വിദഗ്‌‌ധരുമെത്തി പരിശോധന നടത്തി. പൊലീസ് നായ കടയിൽനിന്ന് കടുവൻകുളങ്ങര ജങ്‌ഷനിലൂടെ അജിതാ ജങ്‌ഷനിലും അവിടെനിന്ന്‌ കരുവാറ്റ എൻഎസ്എസ് എച്ച്എസ്എസിന് സമീപം വരെയെത്തിയിരുന്നു. കടയിൽ പ്രദർശിപ്പിച്ചിരുന്ന സ്വർണം പൂശിയ ആഭരണങ്ങൾ പിന്നീട് സമീപത്തുനിന്ന് കണ്ടെത്തി. കഴിഞ്ഞ ഓണക്കാലത്ത് കരുവാറ്റയിൽ ബാങ്ക് ലോക്കർ തകർത്ത് നാലുകോടിയുടെ സ്വർണക്കവർച്ച നടന്നിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top