തിരുവനന്തപുരം
പല വിഭാഗങ്ങളിലായി കിടക്കുന്ന നാടിന്റെ ചരിത്രം ഒരു കുടക്കീഴിലാക്കാൻ പുരാവസ്തു വകുപ്പ്. ചരിത്രകാരൻമാരും ചരിത്രാന്വേഷികളും വിദ്യാർഥികളും തെരയുന്ന അമൂല്യ രേഖകൾ ഇതിലൂടെ സംരക്ഷിക്കപ്പെടും. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ താളിയോല രേഖാമ്യൂസിയത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി ഓൺലൈനായി നിർവഹിച്ചു.
രേഖാശേഖരത്തിൽ ഒരു കോടിയിലേറെ താളിയോലരേഖകളുണ്ട്. തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സ് മന്ദിരത്തിലാണ് മ്യൂസിയം സജ്ജമാക്കുക. ഇതിനായി ബജറ്റിൽ നാലു കോടി അനുവദിച്ചിരുന്നു. സർക്കാരിന്റെ മ്യൂസിയം നോഡൽ ഏജൻസിയായ കേരളം പൈത്യക മ്യൂസിയമാണ് മ്യൂസിയം സജ്ജമാക്കുന്നത്. രാജ്യത്തെതന്നെ ആദ്യത്തെ താളിയോലരേഖാ മ്യൂസിയമാകും ഇത്.
ചടങ്ങിൽ വി എസ് ശിവകുമാർ എംഎൽഎ അധ്യക്ഷനായി. മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ എംപി, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന ആർക്കൈവ്സ് വകുപ്പ് ഡയറക്ടർ ജെ രജികുമാർ, കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻപിള്ള, വാർഡ് കൗൺസിലർ പി രാജേന്ദ്രൻനായർ, പ്രൊഫ. വി കാർത്തികേയൻനായർ, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, എസ് അബു, ബി ശോഭനൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..