18 February Thursday

മീ ടൂ വെളിപ്പെടുത്തല്‍ ; എം ജെ അക്ബറിന്റെ വാദം കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Feb 18, 2021


ന്യൂഡൽഹി
ലൈം​ഗികാരോപണങ്ങളുയര്‍ന്നതോടെ ഒന്നാം മോഡിമന്ത്രിസഭയില്‍നിന്ന്‌ രാജിവയ്ക്കേണ്ടിവന്ന, മാധ്യമപ്രവര്‍ത്തകന്‍ എം ജെ അക്‌ബർ നൽകിയ അപകീർത്തി കേസിൽ മാധ്യമപ്രവർത്തക പ്രിയാരമണിയെ ഡൽഹി കോടതി കുറ്റവിമുക്തയാക്കി. പ്രിയാരമണിയുടെ ‘മീ ടൂ’ വെളിപ്പെടുത്തല്‍ അപകീർത്തികരമാണെന്ന‌ അക്ബറിന്റെ വാദം കോടതി തള്ളി.

‘എത്രവർഷം കഴിഞ്ഞാലും സ്‌ത്രീകൾക്ക്‌ അവർ നേരിട്ട ക്ലേശം തുറന്നുപറയാൻ അവകാശമുണ്ട്‌. ലൈംഗികാതിക്രമം അന്തസ്സും ആത്മവിശ്വാസവും ഇല്ലാതാക്കും. ലൈംഗികാതിക്രമം ഇരകളിൽ ഉണ്ടാക്കുന്ന ആഘാതം മനസ്സിലാക്കാൻ പൊതുസമൂഹം തയ്യാറാകണം. ലൈംഗികാതിക്രമത്തിന്‌ എതിരെ ഉടനടി ശബ്ദമുയർത്തിയില്ല എന്ന്‌ ആരോപിച്ച്‌ സ്‌ത്രീയെ ശിക്ഷിക്കാൻ കഴിയില്ല’–- ഡൽഹി റൂസ്‌അവന്യൂ ജില്ലാ കോടതിയിലെ അഡീഷണൽ ചീഫ്‌ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്‌ രവീന്ദ്രകുമാർ പാണ്ഡെ ഉത്തരവിട്ടു.

ജോലി തേടി എത്തിയ തന്നെ 1993 ഡിസംബറിൽ മുംബൈ ഹോട്ടലിൽ വച്ച് അക്‌ബർ ലൈംഗികമായി പീഡിപ്പിച്ചെന്ന് ‌2018ലാണ് പ്രിയാരമണി തുറന്നുപറഞ്ഞത്. മറ്റ്‌ നിരവധി സ്‌ത്രീകളും അക്‌ബറിന്‌ എതിരെ വെളിപ്പെടുത്തല്‍ നടത്തി. ഇതോടെ അക്ബറിന് 2018ഒക്ടോബറിൽ വിദേശസഹമന്ത്രി സ്ഥാനം രാജിവയ്ക്കണ്ടിവന്നു. പ്രതിച്ഛായ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ആരോപിച്ച് അക്ബര്‍ നൽകിയ കേസാണ് ഇപ്പോള്‍ തള്ളിയത്. തൊഴിലിടങ്ങളിൽ ഉൾപ്പെടെ സ്‌ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാൻ ശക്തമായ നടപടി വേണമെന്നും കോടതി വിലയിരുത്തി.

സ്ത്രീകളുടെ വിജയം
കോടതിവിധിയെ പിന്തുണച്ച് ബോളിവുഡ് താരങ്ങളടക്കം രം​ഗത്തെത്തി. തൊഴിലിടത്തിലെ ലൈം​ഗികാതിക്രമത്തിനെതിരായ പോരാട്ടത്തിലെ നിര്‍ണായ വിധിയാണിതെന്ന് ബോളിവുഡ് താരങ്ങളായ തപ്സി പന്നു, റിച്ച ചദ്ദ, ​ഗായിക ചിന്മയി ശ്രീപദ തുടങ്ങിയവര്‍ പ്രതികരിച്ചു. ദുരനുഭവം തുറന്നുപറയാന്‍ ചങ്കൂറ്റംകാണിക്കുന്ന എല്ലാ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പുരോ​ഗമനപരമായ വിധിയാണിതെന്ന്  പ്രിയാരമണി പറഞ്ഞു. മുതിർന്ന അഭിഭാഷക റബേക്ക ജോണും അഡ്വ. ഭാവൂക്ക്‌ ചൗഹാനുമാണ് പ്രിയരമണിക്ക് വേണ്ടി ഹാജരായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top