19 February Friday

മുത്തങ്ങ വെടിവയ്‌പ്പിന്‌‌ 18 വർഷം

പി ഒ ഷീജUpdated: Thursday Feb 18, 2021

മുത്തങ്ങ സമരം ഫയൽ ചിത്രം

കൽപ്പറ്റ> അവർ നിരായുധരായിരുന്നു,  ഉടുതുണിക്ക് മറുതുണിയില്ലാത്തവർ. ദാരിദ്ര്യം  നിഴൽ വീഴ്‌ത്തിയ കണ്ണുകളും വിശന്നൊട്ടിയ വയറുമായി ഒരു തുണ്ട്‌  മണ്ണിനുവേണ്ടി പോരാടിയ അവരുടെ നെഞ്ചിലേക്കാണ്‌  യുഡിഎഫ്‌ സർക്കാർ  വെടിയുതിർത്തത്‌. വിശന്നുകരയുന്ന കുഞ്ഞുങ്ങളെ മാറിലണച്ച്‌‌ സ്‌ത്രീകളും  അവശതകൾ മറന്ന്‌ വൃദ്ധന്മാരും കുഞ്ഞുങ്ങളുമടങ്ങുന്ന ദൈന്യതയുടെ ആൾരൂപങ്ങൾക്കുനേരെ നിറയൊഴിച്ച ജനാധിപത്യത്തിന്റെ  കറുത്ത ദിനത്തിന്‌‌ വെള്ളിയാഴ്‌ച 18 വർഷം തികയുന്നു.

2003 ഫെബ്രുവരി 19നായിരുന്നു‌ ജോഗി എന്ന ആദിവാസിയും ഒരു പൊലീസുകാരനും  കൊല്ലപ്പെട്ട  മുത്തങ്ങ വെടിവയ്‌പ്പ്‌‌. എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. വെടിവയ്‌പ്പിലും തുടർന്ന്‌ നടന്ന പൊലീസ്‌ ഭീകരതയിലും  നിരവധി ആദിവാസികൾക്ക്‌ പരിക്കേറ്റു.   ഭൂസമരത്തിന്റെ ഭാഗമായി മുത്തങ്ങ കാടുകളിലെത്തിയ കാടിന്റെ മക്കൾക്കുനേരെ പ്രകോപനമൊന്നുമില്ലാതെയാണ്‌ പൊലീസ് വെടിവച്ചത്.


 

2006ൽ അധികാരത്തിലെത്തിയ എൽഡിഎഫ്‌ സർക്കാരാണ് മരിച്ച ജോഗിയുടെ മകൾ സീതക്ക്‌ റവന്യൂ വകുപ്പിൽ എൽഡി ക്ലർക്കായി നിയമനം നൽകിയത്. കുടുംബത്തിന്‌ 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകി.  വനാവകാശ നിയമപ്രകാരം 5000ത്തോളം ആദിവാസി കുടുംബങ്ങൾക്ക്‌ ഭൂമി നൽകി. സി കെ ജാനുവിന്റെ അമ്മ വെളിച്ചിക്ക് ഭൂമി നൽകിയതും വി എസ് സർക്കാരാണ്. തുടർന്ന്  അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്തവർക്ക്‌ ഒരു കടലാസ്‌ മാത്രം നൽകി ഭൂ വിതരണം പ്രഹസനമാക്കി. ‘ആശിക്കും ഭൂമി’ ആദിവാസി പദ്ധതി  അഴിമതിയിൽ മുക്കി.  പിണറായി സർക്കാരാണ്  മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്ത 225 ആദിവാസികൾക്ക് ഒരേക്കർ ഭൂമി വീതം നൽകിയത്.   

241  ആദിവാസി യുവാക്കളെ  ഗോത്രബന്ധുക്കളായി  നിയമിച്ചു. സ്പെഷൽ റിക്രൂട്ട്മെന്റിലൂടെ  പൊലീസിലും എക്സെെസിലും വയനാട്ടിൽ മാത്രം 310 പേർക്ക് നിയമനം നൽകി. 1076 കുടുംബങ്ങൾക്ക് 311 ഏക്കർ ഭൂമി വിതരണം ചെയ്തു.  ആദിവാസി സാക്ഷരതാ പദ്ധതിയും പുരോഗമിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top