പത്തനംതിട്ട> കാനറ ബാങ്ക് പത്തനംതിട്ട ശാഖയില്‍ വൻ വെട്ടിപ്പ്. വിവിധ സ്ഥിരനിക്ഷേപ അക്കൗണ്ടുകളിൽ നിന്നായി ഏഴു കോടി രൂപ കവർന്നെടുത്തതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. പ്രതിയായ ജീവനക്കാരൻ കുടുംബത്തോടൊപ്പം ഒളിവിലാണ്. പൊലീസ് അന്വേഷണം തുടങ്ങി. ഓഫീസര്‍മാരുടെ പാസ്‌വേര്‍ഡ് ദുരുപയോഗം ചെയ്താണ് തിരിമറി നടത്തിയത്. 2019 ല്‍ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ച പത്തനാപുരം സ്വദേശിയായ വിജീഷ് വര്‍ഗീസ് എന്ന വിമുക്ത ഭടനെയാണ് പൊലീസ് തിരയുന്നത്.
ഒരു ബാങ്ക് ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അക്കൗണ്ടിലെ പത്തുലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. മാനേജര്‍ വിശദീകരണം തേടിയപ്പോള്‍ അത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്ന്‍ ബാങ്ക് നടത്തിയ പരിശോധനയിലാണ് ഏഴുകോടി രൂപ പല അക്കൌണ്ടില്‍ നിന്ന് മാറ്റിയതായി കണ്ടെത്തിയത്. പ്രതിയുടെ ഭാര്യയുടെയും ബന്ധുക്കളുടെയും അടക്കം പല അക്കൌണ്ടുകളിലേക്കാണ് പണം മാറ്റിയതെന്നും വ്യക്തമായി. ഇതിനിടയില്‍ വിജീഷ് ബാങ്കില്‍ നിന്ന് മുങ്ങി.
കൂടുതല്‍ അന്വേഷണം നടക്കുന്നു. മുമ്പ് സിൻഡിക്കേറ്റ് ബാങ്കിന്റെതായിരുന്ന ശാഖ സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില്‍ ലയിപ്പിച്ചതോടെയാണ് കാനറ ബാങ്ക് ശാഖയായത്.
പത്തുലക്ഷം രൂപയുടെ തിരിമറി നടന്നതായാണ് ബാങ്ക് പരാതി നല്‍കിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.തുക ഒരു കോടിയില്‍ കൂടുതലായാല്‍ കേസ് സിബിഐക്ക് കൈമാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..