കേരളത്തിലെ സമുന്നത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖനാണ് സ. എൻ ശ്രീധരൻ. ഇന്നത്തെ തലമുറയിലെ നല്ലൊരു പങ്കിനും അദ്ദേഹത്തെ നേരിൽ കാണാനും അടുത്തു മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ടാകില്ല. എന്നാൽ, സ്വാതന്ത്ര്യസമരകാലംമുതൽ ത്യാഗനിർഭരമായ സമരപോരാട്ടങ്ങൾ നടത്തി കേരളത്തെ പുരോഗമനപരമായി മാറ്റിത്തീർക്കുന്നതിൽ നിർണായക പങ്കുവഹിച്ച സമരധീരനും അതുല്യസംഘാടകനും ആയിരുന്നു സ. എൻ ശ്രീധരൻ.
36 വർഷംമുമ്പ് അന്നത്തെ കോൺഗ്രസ് നേതൃഭരണം ചിറ്റാറിൽ സൃഷ്ടിച്ച ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകി മടങ്ങുമ്പോൾ വാഹനാപകടത്തിൽ 57–-ാം വയസ്സിലായിരുന്നു മരണം. അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്നു. എൻ ശ്രീധരൻ നാട് സ്നേഹിച്ച എൻ എസ് ആയത് നീണ്ട ത്യാഗങ്ങളുടെയും സമരങ്ങളുടെയും ഫലമായിട്ടാണ്. മുന്നോക്ക –-പിന്നോക്ക വ്യത്യാസമില്ലാതെ, ഭൂരിപക്ഷ –-ന്യൂനപക്ഷ സമുദായ വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തെയും സ്പർശിക്കുന്ന ഒരു രാഷ്ട്രീയ വിപ്ലവപ്രസ്ഥാനത്തെ വളർത്തിയെടുക്കാൻ സംസ്ഥാനത്ത് പൊതുവിലും തെക്കൻ കേരളത്തിൽ വിശേഷിച്ചും പ്രവർത്തിച്ച നേതാവാണദ്ദേഹം.
"ദിവാൻ ഭരണം അറബിക്കടലിൽ' എന്ന് ബീഡിക്കടയ്ക്ക് മുന്നിൽ ബോർഡ് എഴുതിവച്ചതിനെ തുടർന്നുണ്ടായ പൊലീസ് വേട്ടയെ മറികടക്കാൻ ഒളിവിൽ പോകുകയും പിന്നീട് മുഴുവൻസമയ കമ്യൂണിസ്റ്റ് പ്രവർത്തകനാകുകയും ചെയ്തു. വള്ളത്തൊഴിലാളിയുടെ മകനായി ജനിച്ച എൻ എസ് ഒളിവ് ജീവിതത്തിനിടയിൽ ബീഡിത്തൊഴിലാളികളെയും നാവിക തൊഴിലാളികളെയും സംഘടിപ്പിച്ചു. അന്ന് കെഎസ്‌പിയുടെ നിയന്ത്രണത്തിലായിരുന്ന നാവിക തൊഴിലാളി സംഘടനയെ കമ്യൂണിസ്റ്റ് പക്ഷത്തേക്ക് കൊണ്ടുവന്നു.
ആദ്യകാലത്ത് പാർടിയുടെ ഡിവിഷൻ കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറിയും പിന്നീട് സെക്രട്ടറിയുമായി പ്രവർത്തിച്ചത് കായംകുളത്താണ്. ഇതിന്റെ പരിധിയിലുള്ള ശൂരനാട്ടാണ് 1949 ഡിസംബറിൽ ഒരു സബ് ഇൻസ്പെക്ടറും നാല് പൊലീസുകാരും മരിക്കാനിടയായ ജനകീയ കലാപമുണ്ടായത്. ജന്മിത്വത്തിന്റെ ക്രൂരതകൾക്കെതിരായി പണിയെടുക്കുന്നവരുടെയും നാടിന്റെയും ഉയിർത്തെഴുന്നേൽപ്പായിരുന്നു ശൂരനാട് സമരം. അതിന് നേതൃത്വം വഹിച്ച നേതാക്കളിൽ പ്രമുഖനാണ് എൻ എസ്. പൊലീസുകാരുടെ മരണത്തെ തുടർന്ന് നിരവധിപേരെ പൊലീസ് മർദിച്ച് കൊന്നു. അനേകം പേരെ കള്ളക്കേസിൽ കുടുക്കി. എൻ എസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളും കമ്യൂണിസ്റ്റ് പ്രസ്ഥാനവും നാടിന് എന്ത് ചെയ്തുവെന്ന് വിമർശനബുദ്ധ്യാ ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് എൻ എസ് ഉൾപ്പെടെയുള്ളവർ താണ്ടിയ സമരജീവിതവും അതിന്റെ ഫലമായി കേരളീയ ജനജീവിതത്തിലും സാമൂഹ്യ പുരോഗതിയിലുമുണ്ടായ മാറ്റങ്ങളും.
എൻ എസും അദ്ദേഹത്തിന്റെ അനുഗാമികളും മഹത്തായ രാഷ്ട്രീയ ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചവരാണ്. അവരുടെ ജീവചരിത്രമറിയുന്ന ഏറ്റവും മുരടിച്ച കമ്യൂണിസ്റ്റ് വിരുദ്ധർപോലും അത് മനസ്സാ സമ്മതിക്കും. അത്ര കടുത്ത യാതനകളും വേദനകളും സഹിച്ചാണ് അവർ രാഷ്ട്രീയ ജീവിതം നയിച്ചത്. സദാ പുകയുന്ന അടുക്കളയുടെ മുകളിലെ തട്ടിൽ ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ദീർഘകാലം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് നാൾ ഒളിവ് ജീവിതം നയിച്ചിട്ടുണ്ട്. ഇതെല്ലാം സമർപ്പിതമായ ലക്ഷ്യത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളായിരുന്നു.
സ്വന്തം സുഖദുഃഖങ്ങളും സുഖസൗകര്യങ്ങളും നോക്കാതെ ജനസേവനത്തിന് സ്വജീവിതം അർപ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങൾ എൻ എസിനെ സ്വന്തം ജീവനേക്കാൾ സ്നേഹിച്ചു. അത് സാക്ഷ്യപ്പെടുത്തുന്ന അനേകം സന്ദർഭങ്ങളുണ്ട്. കായംകുളത്ത് അന്നത്തെ മർദകവീരനായ സബ് ഇൻസ്പെക്ടർ ഒ എം ഖാദർ, എൻ എസിനെ ലോക്കപ്പിലിട്ട് ക്രൂരമായി മർദിച്ചു. ചുവപ്പ് തുണിയിൽ പൊതിഞ്ഞ പാറയ്ക്ക് ‘ശങ്കരൻ കുഴവി' എന്ന് പേരിട്ട് അതുപയോഗിച്ച് മുതുകിൽ ഇടിച്ചുവീഴ്ത്തി. എന്നിട്ടും ആശുപത്രിയിലാക്കുകയോ മോചിപ്പിക്കുകയോ ചെയ്തില്ല. സംഭവമറിഞ്ഞ് എ കെ ജി പാർലമെന്റിൽ വിഷയം അവതരിപ്പിച്ചു. ഇതേസമയത്ത് നൂറുകണക്കിന് ആളുകൾ പുളിവടിയിൽ കെട്ടിയ ചെങ്കൊടിയുമേന്തി കായംകുളം പൊലീസ് സ്റ്റേഷൻ വളഞ്ഞു. അവസാനം എൻ എസിനെ ജാമ്യത്തിൽ വിടാൻ പൊലീസ് നിർബന്ധിതമായി.
1940കളുടെ മധ്യത്തിൽ കമ്യൂണിസ്റ്റ് പാർടി സെൽ സെക്രട്ടറിയായ സഖാവ് പിന്നീട് അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ആലപ്പുഴ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും 1958ൽ ആലപ്പുഴ ഡിസിയുടെ ആക്ടിങ് സെക്രട്ടറിയുമായി. സിപിഐ എം രൂപീകരണത്തിനുശേഷം ആലപ്പുഴയിലും കൊല്ലത്തും ജില്ലാ സെക്രട്ടറിയായിരുന്നു. സിപിഐ എമ്മിനെ കൊല്ലം ജില്ലയിലെ ഏറ്റവും ജനസ്വാധീനമുള്ള രാഷ്ട്രീയ പ്രസ്ഥാനമാക്കുന്നതിൽ എൻ എസിന്റെ പങ്ക് വലുതാണ്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗമെന്ന നിലയിൽ എൻ എസിന്റെ നേതൃത്വത്തിൽ നടത്തിയ ദേശാഭിമാനി ക്യാമ്പയിൻ പത്രസർക്കുലേഷൻ നല്ലതോതിൽ വർധിപ്പിക്കാൻ ഇടയാക്കി. ഇതൊരു മാതൃകയായി പാർടി സംസ്ഥാന ഘടകം പിന്നീട് വിലയിരുത്തി. ആ മാതൃകാ പാതയിലൂടെ പാർടി മുന്നേറിയാണ് ഇന്ന് വായനക്കാരുടെയും വരിക്കാരുടെയും എണ്ണത്തിൽ ലക്ഷങ്ങളുടെ വർധനയുമായി ദേശാഭിമാനി അഭിമാനകരമായ വളർച്ചയിലെത്തിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഈ വേളയിൽ മാധ്യമങ്ങൾ പൊതുവിൽ ഇടതുപക്ഷവിരുദ്ധതയും കമ്യൂണിസ്റ്റ് വിരുദ്ധതയും കൂടുതൽ പ്രകടിപ്പിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഏജന്റുമാരോ എന്ന് തോന്നുംവിധം എൽഡിഎഫ് ഭരണത്തിനെതിരെ വലിയൊരു വിഭാഗം മാധ്യമങ്ങൾ പടച്ചുവിട്ട കെട്ടുകഥകൾ ഏറെയാണ്. തദ്ദേശഭരണ ജനവിധി വന്നശേഷവും വലതുപക്ഷ –- യാഥാസ്ഥിതിക–-കോർപറേറ്റ് മാധ്യമങ്ങൾ അന്ധമായ ഇടതുപക്ഷവിരുദ്ധത ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ നേര് ജനങ്ങളിലെത്തിക്കാൻ ദേശാഭിമാനിയുടെ പ്രചാരം മറ്റേതൊരു കാലത്തേക്കാളും വർധിപ്പിക്കേണ്ടതുണ്ട്. പ്രചാരത്തിൽ ഒന്നാംസ്ഥാനത്തെ പത്രമാക്കുക എന്ന ഇ എം എസിന്റെ ലക്ഷ്യം സഫലീകരിക്കണം. അതിനുള്ള പ്രവർത്തനങ്ങൾ സമർപ്പിതമായി നടത്തുന്നതിന് കരുത്ത് പകരുന്നതാണ് എൻ എസ് സ്മരണ.
പാർടിയുടെ നേതൃപദവിയിൽ ദീർഘകാലം പ്രവർത്തിച്ചെങ്കിലും പാർലമെന്ററി പ്രവർത്തനത്തിൽനിന്ന് മാറിനിന്നു. എംഎൽഎയോ എംപിയോ ആകുന്നതാണ് രാഷ്ട്രീയ പ്രവർത്തനത്തിലെ പരമപ്രധാനമായ കാര്യമെന്ന ചിന്തയുണ്ടായില്ല. എന്നാൽ, തന്റെ പാർടിക്കും പാർടി നേതൃത്വം നൽകുന്ന മുന്നണിക്കും നിയമസഭയിലും ലോക്‌സഭയിലും മറ്റ് വേദികളിലും നല്ല പ്രാമുഖ്യം കിട്ടാനും ഭരണത്തിലെത്താനും വേണ്ടി തെരഞ്ഞെടുപ്പിനെ ജീവൻമരണ പോരാട്ടമാക്കുന്നതിൽ അതീവശ്രദ്ധാലുവായിരുന്നു. സഖാവിന്റെ ഈ പ്രവർത്തനശൈലിയും ചിന്തയും ഏറെ പ്രസക്തമായ ഒരു ഘട്ടമാണിത്.
കേരളത്തിൽ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സർക്കാരുകളുടെ തുടർഭരണം ഉണ്ടാകണമെന്നായിരുന്നു എൻ എസ് ഉൾപ്പെടെയുള്ള നേതാക്കൾ കണ്ട സ്വപ്നം. പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ പ്രവർത്തനംകൊണ്ടും ആശയപരമായ നിലപാട് കൊണ്ടും ഇന്ത്യയിലെ ജനകോടികൾക്ക് ആവേശവും പ്രതീക്ഷയും നൽകുന്നു. കേരളത്തിലെ ജനങ്ങളാകട്ടെ ജാതിമത ഭേദമെന്യേ ഈ സർക്കാർ തുടരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.
ഇതെല്ലാം തുടർഭരണത്തിനുള്ള കരുത്തുറ്റ അടിത്തറയാണ്. ഇത് വിളംബരം ചെയ്യുന്ന ജനസ്പന്ദനമാണ് സംസ്ഥാനത്ത് പര്യടനം നടത്തുന്ന ഇടതുപക്ഷ ജാഥകൾക്ക് ലഭിക്കുന്ന വരവേൽപ്പ്. എന്നാൽ, തുടർഭരണം തടയുന്നതിനുവേണ്ടി ഒരു ഭാഗത്ത് യുഡിഎഫും മറുഭാഗത്ത് ബിജെപിയും ആവനാഴിയിലെ ആയുധങ്ങളെല്ലാം പ്രയോഗിക്കുന്നുണ്ട്. എൽഡിഎഫിനെ തോൽപ്പിക്കുന്നതിന് എന്ത് വൃത്തികേടുകളും ചെയ്യുക എന്ന രീതിയിലേക്ക് കോൺഗ്രസ് മുന്നണിയും ബിജെപിയും എത്തിയിരിക്കുകയാണ്. തീവ്രവർഗീയതയെ ഉപയോഗിക്കുന്നതിൽ ഇരുകൂട്ടരും മത്സരിക്കുന്നു. എൽഡിഎഫിനെ തോൽപ്പിക്കാൻ ബിജെപി പ്രഭൃതികളോട് പ്രത്യക്ഷമായോ പരോക്ഷമായോ കൂട്ടുചേരാനും കോൺഗ്രസ് മുന്നണിക്ക് മടിയില്ല. അതിനൊപ്പം മതാധിഷ്ഠിത രാജ്യത്തിന് നിലകൊള്ളുന്ന ആർഎസ്എസിന്റെ മറുപുറമായ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം കൂടിയിരിക്കുകയുമാണ്.
ദേശീയതലത്തിൽ ബിജെപിയെ ഒറ്റപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന ഏത് കേരളീയനും യുഡിഎഫ് –- ജമാഅത്തെ ഇസ്ലാമി ചങ്ങാത്തത്തെ എതിർക്കും. ബിജെപിയുടെ ഹിന്ദുത്വ വർഗീയതയ്ക്ക് വളംവച്ചുകൊടുക്കുന്നതാണ് യുഡിഎഫിന്റെ ന്യൂനപക്ഷ വർഗീയതയുമായുള്ള കൂട്ടുകെട്ട്. ന്യൂനപക്ഷ വർഗീയതയെ മാത്രമല്ല, ഭൂരിപക്ഷ വർഗീയതയെ ദുരുപയോഗപ്പെടുത്താൻ യുഡിഎഫ് മുന്നിലാണ് എന്നതിന്റെ തെളിവാണ് ശബരിമലയുടെ പേരിലുള്ള എൽഡിഎഫ് വിരുദ്ധ പ്രചാരണം. എല്ലാതരം വർഗീയതയെയും ഒറ്റപ്പെടുത്താനും നവകേരളം സൃഷ്ടിക്കാനും എൽഡിഎഫ് വിജയിക്കേണ്ടത് അനിവാര്യമാണ്. പ്രതിസന്ധികളെ മറികടക്കുന്നതിലും ജനക്ഷേമത്തിലും മാതൃകയായ എൽഡിഎഫ് സർക്കാരിനെ ശക്തിപ്പെടുത്താനും തുടർഭരണം ഉറപ്പാക്കാനും ഈ കാലഘട്ടം ആവശ്യപ്പെടുകയാണ്. ഇത് യാഥാർഥ്യമാക്കാൻ, നാടിനെ നയിക്കാൻ കാലത്തിനുനേർക്ക് പിടിക്കേണ്ട കണ്ണാടിയാണ് എൻ എസ് സ്മരണ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..