ചെന്നൈ
അത്ഭുതങ്ങൾ ഒന്നുമുണ്ടായില്ല. ഇംഗ്ലണ്ട് തലകുനിച്ചു. പന്തിലും ബാറ്റിലും എതിരാളിയെ കാഴ്‌ചക്കാരനാക്കി ഇന്ത്യ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് 317 റണ്ണിന് നേടി. നാല് മത്സര പരമ്പര ഇതോടെ തുല്യമായി (1–-1). 482 റൺ വിജയത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലീഷുകാർ 164ൽ തീർന്നു. അഞ്ച് വിക്കറ്റുമായി അക്‌സർ പട്ടേലാണ് വിനാശകാരിയായത്. ഒന്നരദിനം അവശേഷിക്കേയാണ് ഇന്ത്യയുടെ തകർപ്പൻ ജയം.
രണ്ട് ഇന്നിങ്‌സുകളിലുമായി എട്ട് വിക്കറ്റും, സെഞ്ചുറി ഉൾപ്പെടെ 119 റണ്ണും നേടിയ ആർ അശ്വിനാണ് കളിയിലെ താരം.
സ്‌കോർ: ഇന്ത്യ 329, 286; ഇംഗ്ലണ്ട് 134, 164. നാലാംദിനം മൂന്നിന് 53 എന്ന നിലയിൽ ബാറ്റേന്തിയ ഇംഗ്ലണ്ട് പൊരുതാതെ കീഴടങ്ങി. മുൻനിരക്കാരിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല. ഇന്ത്യൻ ബൗളർമാരാകട്ടെ മിന്നി. പത്ത് വിക്കറ്റും നേടിയത് സ്‌പിന്നർമാരായിരുന്നു. പേസർമാരായ ഇശാന്ത് ശർമയും, മുഹമ്മദ് സിറാജും ചേർന്ന് എറിഞ്ഞത് വെറും ഒമ്പത് ഓവർ മാത്രം. അക്‌സറും അശ്വിനും കുൽദീപ് യാദവും ചേർന്നായിരുന്നു ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടിയത്. ഡാൻ ലോറെൻസിനെ (26) മടക്കി അശ്വിനായിരുന്നു തുടക്കമിട്ടത്. പിന്നാലെ ബെൻ സ്‌റ്റോക്‌സും (8) തമിഴ്‌നാടുകാരന് മുന്നിൽ കീഴടങ്ങി. ടെസ്റ്റിൽ ഇത് പത്താംതവണയാണ് സ്‌റ്റോക്‌സിനെ അശ്വിൻ പുറത്താക്കുന്നത്.
ക്ഷമ കാട്ടിയ ജോ റൂട്ട് (33) അക്‌സറിന്റെ മികച്ച പന്തിൽ പുറത്തായി. കുത്തിപ്പൊന്തിയ പന്ത് ഗ്ലൗവിൽ തട്ടി അജിൻക്യ രഹാനെയ്‌ക്ക് പിടികൊടുത്താണ് ഇംഗ്ലണ്ട് ക്യാപ്‌റ്റൻ കളംവിട്ടത്. ഒല്ലി പോപ്പ് (12), ബെൻ ഫോക്‌സ് (2) എന്നിവർക്കും ഒന്നുംചെയ്യാനായില്ല. അവസാനമെത്തിയ മോയീൻ അലി (18 പന്തിൽ 43) വമ്പനടി തീർത്തെങ്കിലും കുൽദീപിന്റെ പന്തിൽ ഋഷഭ് പന്ത് സ്റ്റമ്പ് ചെയ്‌തു. ഇന്ത്യ ആഘോഷിച്ചു. ഒന്നാം ടെസ്റ്റിലെ 227 റണ്ണിന്റെ തോൽവിക്ക് പ്രതികാരം.
ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ രണ്ടാമതെത്തി. അടുത്ത രണ്ട് കളിയിൽ ഒന്നിൽ ജയിക്കുകയും മറ്റൊന്നിൽ സമനില വഴങ്ങിയാലും ന്യൂസിലൻഡിനെതിരെ ഫൈനലിന് യോഗ്യത നേടാം. 24ന് അഹമ്മദാബാദിലാണ് മൂന്നാം ടെസ്റ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..