17 February Wednesday

ബഹ്‌റൈനില്‍ എത്തുന്നവര്‍ക്ക് 22 മുതല്‍ മൂന്ന് കോവിഡ് പരിശോധന; നിരക്ക് കുറച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 17, 2021
മനാമ > ബഹ്‌റൈനിലെത്തുന്നവര്‍ക്ക് മൂന്ന് കൊറോണവൈറസ് പരിശോധന നിര്‍ബന്ധമാക്കി. പരിശോധന ഫീസ് 40 ദിനാറില്‍ നിന്ന് 36 ദിനാറായി കുറച്ചു. ഫെബ്രുവരി 22 ന് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും.
 
രാജ്യത്ത് എത്തുന്നവര്‍ക്കുള്ള രണ്ട് പരിശോധനയാണ് മൂന്നായി ഉയര്‍ത്തിയത്. പത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് മൂന്ന് ആര്‍ടി പിസിആര്‍ പരിശോധനകള്‍ നടത്തേണ്ടത്. വിമാനതാവളങ്ങളില്‍ ഇറങ്ങുമ്പോഴാണ് ആദ്യ പരിശോധന. രാജ്യത്ത് എത്തി അഞ്ചാം ദിവസം രണ്ടാമത്തെയും പത്താം ദിവസം മൂന്നാമത്തെയും പരിശോധന നടത്തണം. പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും ഇതു ബാധകം.
 
ഈ പരിശോധനകള്‍ക്ക് ഇനി മൊത്തം 36 ദിനാര്‍ (ഏതാണ്ട് 6,958 രൂപ) നല്‍കിയാല്‍ മതി. ഇത് രണ്ടാം തവണയാണ് ഫീസ് നിരക്ക് കുറക്കുന്നത്. നേരത്തെ 60 ദിനാറായിരുന്നു ഫീസ്. ഡിസംബര്‍ ഒന്ന് മുതല്‍ 40 ദിനാറായി കുറച്ചിരുന്നു.
 
ജൂലായ് 21 നാണ് രാജ്യത്ത് എത്തുന്ന യാത്രക്കാര്‍ക്ക് രണ്ട് കോവിഡ്19 പരിശോധന നിര്‍ബന്ധമാക്കിയത്.
 
കോവിഡിനെതിരെ ബഹ്‌റൈനില്‍ ഡിസംബര്‍ 17 മുതല്‍ കുത്തിവെപ്പ് നടക്കുന്നുണ്ട്. 18 വയസിനു മുകളില്‍ ഏകദേശം 15 ലക്ഷത്തോളം പേര്‍ക്കാണ് കുത്തിവെപ്പ് ലക്ഷ്യമിടുന്നത്. ഇതുവരെ 2,50,000 ത്തിലധികം ആളുകള്‍ (14.7 ശതമാനം) പേര്‍ക്ക് ആദ്യ തവണ വാക്‌സിന്‍ ലഭിച്ചു. സിനോഫാം, ഫൈസര്‍, ആസ്ട്ര സെനക്ക, സ്പുട്‌നിക്ക് എന്നീ വാക്‌സിനുകള്‍ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും സൗജന്യമണായാണ് നല്‍കുന്നത്. വാക്‌സിന്‍ തെരഞ്ഞെടുക്കാന്‍ സൗകര്യമുണ്ട്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top