തിരുവനന്തപുരം
വികസന കുതിച്ചുചാട്ടമായ വിവിധ പദ്ധതികൾ സമർപ്പിക്കുന്ന വേളയിൽ നാടിന്റെ ശ്രദ്ധ തിരിക്കാനും പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ഗൂഢശ്രമം. റാങ്ക് ഹോൾഡർമാരുടെ സമരം മുതലെടുത്ത് പ്രതിപക്ഷം നടത്തുന്ന നാടകങ്ങൾ മാത്രമാണ് വാർത്ത. എന്നാൽ, രണ്ടഴ്‌ചയ്‌ക്കിടെ കേരളത്തിന്റെ അഭിമാനപദ്ധതികൾ ഉദ്ഘാടനം ചെയ്തു. കെ ഫോൺ, ദേശീയ ജലപാത, കൊച്ചി വാട്ടർ മെട്രോ, ആലപ്പുഴ ബൈപാസ്, ടെക്‌നോസിറ്റിയിലെ അത്യാധുനിക സൗകര്യമുള്ള പുതിയ ക്യാമ്പസ്, 111 ഹൈടെക് സ്‌കൂൾ മന്ദിരം, 65 കുടുംബാരോഗ്യകേന്ദ്രം എന്നിവ ചിലതുമാത്രം. ഇവയൊന്നും ശ്രദ്ധിക്കാൻ മാധ്യമങ്ങൾ അവസരം നൽകിയില്ല. വികസനക്കുതിപ്പിന്റെ നിറംകെടുത്താനുള്ള ആസൂത്രിതനീക്കമാണ് ഇത്.
പാലക്കാട്, വയനാട് മെഡിക്കൽ കോളേജുകൾ, പുനലൂർ താലൂക്ക് ആശുപത്രി തുടങ്ങിയ നവീകരണപദ്ധതികളും യാഥാർഥ്യമായി. നാലുവരിയായി പുനർനിർമിച്ച കരമന–-കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ടവും വൈദ്യുതി ബോർഡിന്റെ വാതിൽപ്പടി സേവനകേന്ദ്രങ്ങളും ഉദ്‌ഘാടനം ചെയ്‌തു.
ഇരുപതു ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്കാണ് കെ ഫോൺ വഴി സൗജന്യ ഇന്റർനെറ്റ് ലഭിക്കുന്നത്. മുപ്പതിനായിരത്തോളം സർക്കാർ ഓഫീസും വിദ്യാലയങ്ങളും ശൃംഖലയിൽ കണ്ണിയാകും. ഭാവിതലമുറയ്‌ക്കും തൊഴിൽരംഗത്തും മുതൽക്കൂട്ടാകുന്ന വമ്പൻ പദ്ധതിയെയും മാധ്യമങ്ങൾ മുക്കാനാണ് ശ്രമിച്ചത്.
ക്ഷേമ പെൻഷൻ 1600 രൂപയാക്കി ഉത്തരവായി. കഴിഞ്ഞ 29നു സമർപ്പിച്ച ശമ്പളപരിഷ്‌കരണ കമീഷൻ റിപ്പോർട്ട് മിന്നൽ വേഗത്തിലാണ് നടപ്പാക്കാൻ തീരുമാനിച്ചത്. 2.5 ലക്ഷം വീട് പൂർത്തിയാക്കി പ്രഖ്യാപനം നടത്തി. ഈ വികസന നേട്ടങ്ങൾ സൃഷ്ടിച്ച അലോസരം മറികടക്കാനുള്ള ശ്രമംകൂടിയാണ് പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ മറവിൽ നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..