17 February Wednesday

ജോസഫിന്റെ സീറ്റുകളിൽ പിടിമുറുക്കി കോൺഗ്രസ്‌; ചങ്ങനാശ്ശേരിക്കും മൂവാറ്റുപുഴയ്‌ക്കും വേണ്ടി വടംവലി

കെ ടി രാജീവ്‌Updated: Wednesday Feb 17, 2021

കോട്ടയം > അവിഭക്ത കേരള കോൺഗ്രസ്‌ മത്സരിച്ച സീറ്റുകളെന്ന ആവശ്യത്തിൽ പി ജെ ജോസഫ്‌ വിഭാഗം ഉറച്ചുനിൽക്കുമ്പോൾ ചങ്ങനാശേരി, മൂവാറ്റുപുഴ ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിൽ കോൺഗ്രസ്‌. ഐശ്വര്യ യാത്രക്കിടയിലും ‌ ഇരു പാർടികളിലും ശക്തമായ വടംവലിയും പ്രവർത്തനവും തുടങ്ങി.  ഇരിക്കൂർ ഉപേക്ഷിച്ച്‌ ചങ്ങനാശേരി നോട്ടമിട്ടിരിക്കുന്ന കെ സി ജോസഫിനെ വെട്ടാൻ കോൺഗ്രസിലും ജോസഫ്‌ വിഭാഗത്തിലും നീക്കം ശക്തമായി.

മുൻ എംഎൽഎ ആയിരുന്ന സി എഫ്‌ തോമസിന്റെ സഹോദരനും മുനിസിപ്പൽ മുൻ ചെയർമാനുമായ സാജൻ ഫ്രാൻസിസ്‌, വി ജെ ലാലി, കെ എസ്‌ വർഗീസ്‌ എന്നിവരെയാണ്‌ ജോസഫ്‌ വിഭാഗം പരിഗണിക്കുന്നത്‌. എന്നാൽ ചങ്ങനാശേരി വേണമെന്ന നിലപാടിലാണ്‌ കെ സി ജോസഫിനെ അനുകൂലിക്കുന്നവർ.  ഈ നീക്കം  ചെറുത്ത്‌ ‌ ഡിസിസി പ്രസിഡന്റ്‌ ജോഷി ഫിലിപ്പിനെ കൊണ്ടുവരാൻ തിരുവഞ്ചൂരും. ഇതിൽ ഉമ്മൻചാണ്ടി മൗനത്തിലാണ്‌. തിരുവഞ്ചൂരിന്റെ നോമിനിക്ക്‌ ലഭിച്ചില്ലെങ്കിൽ പി ജെ ജോസഫിന്റെ കോർട്ടിലേക്ക്‌ തട്ടാനും ഒരുവിഭാഗം നീക്കം തുടങ്ങി.

മൂവാറ്റുപുഴയ്‌ക്കായി‌ ഇരു പാർടികളിലുമായി ഡസനിലേറെപേർ നിലയുറപ്പിച്ചിരിക്കെ ഐ ഗ്രൂപ്പിലെ ജോസഫ്‌ വാഴയ്‌ക്കൻ പ്രവർത്തനവും ആരംഭിച്ചു. മാത്യു കുഴൽനാടൻ ഹൈക്കമാൻഡ്‌‌ വഴിയും ശ്രമിക്കുന്നുണ്ട്‌. എന്നാൽ ജോണി നെല്ലൂർ, ഫ്രാൻസിസ്‌ ജോർജ്‌ എന്നിവർക്കുപുറമെ പ്രാദേശിക നേതാക്കളും സജീവമായി രംഗത്തുണ്ട്‌. മൂന്നുതവണ മത്സരിച്ച്‌ വിജയിക്കുകയും ഒരു തവണ പരാജയപ്പെടുകയും ചെയ്‌ത ജോണി നെല്ലൂരിന്‌ അവകാശപ്പെട്ടതാണെന്ന്‌ അവരുടെ അനുകൂലികൾ വാദിക്കുന്നു‌. ഫ്രാൻസിസ്‌ ജോർജിന്‌ കോതമംഗലമോ ഇടുക്കിയോ നൽകണമെന്നുമാണ്‌ അവരുടെ നിലപാട്‌.

മൂവാറ്റുപുഴ വേണമെന്ന ഉറച്ച നിലപാടിലാണ്‌ ജോസഫ്‌ വിഭാഗം. മൂവാറ്റുപുഴ ലഭിച്ചില്ലെങ്കിൽ  ജോണി നെല്ലൂരിന്‌ തിരുവമ്പാടിക്ക്‌ പോകേണ്ടിവരും. തോറ്റവർക്ക്‌ സീറ്റ്‌ നൽകില്ലെന്ന മാനദണ്ഡം ചില കോൺഗ്രസ്‌ നേതാക്കൾ  ഉന്നയിക്കമ്പോൾ ജോസഫ്‌ വാഴയ്‌ക്കനും ഇത്‌ ബാധകമാണെന്ന്‌ കേരള കോൺഗ്രസ്‌ നേതാക്കൾ പറയുന്നു. വാഴയ്‌ക്കൻ മത്സരരംഗത്തു വരുന്നതിനെതിരെ കഴിഞ്ഞദിവസം മണ്ഡലത്തിലാകെ പോസ്‌റ്റർ പതിപ്പിച്ചാണ്‌  മുന്നണിയിലെ ഭിന്നത പരസ്യമാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top