പ്രിസ്‌റ്റിന
കൊസോവോയിൽ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മിന്നും ജയം. തിങ്കളാഴ്ച 98 ശതമാനം വോട്ടും എണ്ണിയപ്പോൾ 48 ശതമാനം വോട്ട് നേടിയാണ് പ്രധാന പ്രതിപക്ഷ പാർടിയായ ഡിറ്റർമിനേഷൻ മൂവ്‌മെന്റ് പാർടി ജയം കരസ്ഥമാക്കിയത്.
വലതുപക്ഷ ഭരണകക്ഷി മൂന്നാംസ്ഥാനത്തായ തെരഞ്ഞെടുപ്പിൽ ഡിറ്റർമിനേഷൻ മൂവ്‌മെന്റിന് രണ്ടാം സ്ഥാനക്കാരെക്കാൾ 30 ശതമാനത്തിലധികം വോട്ടുണ്ട്. ഭരണകക്ഷിയായ ഡെമോക്രാറ്റിക് ലീഗ് ഓഫ് കൊസോവോയ്‌ക്ക് 13 ശതമാനം വോട്ട് മാത്രം. മധ്യ വലത് ഡെമോക്രാറ്റിക് പാർടി ഓഫ് കൊസോവോയ്‌ക്ക് 17 ശതമാനം .
ഡിറ്റർമിനേഷൻ പാർടി നേതാവ് ആൽബിൻ കുർതി പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദരിദ്ര രാജ്യമായ കൊസോവോയുടെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതും സംഘടിത കുറ്റകൃത്യങ്ങൾ ചെറുക്കുന്നതുമാകും പ്രധാന വെല്ലുവിളി.
മൈനസ് 10 ഡിഗ്രി കാലാവസ്ഥയിൽ നടത്തിയ തെരഞ്ഞെടുപ്പിൽ 47 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് 2019ലെ തെരഞ്ഞെടുപ്പിലുണ്ടായതിലും രണ്ടുശതമാനം കൂടുതലാണ്. 2008ലാണ് കൊസോവോ സെർബിയയിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..