16 February Tuesday
യുവജനക്ഷേമ ബോർഡിൽ 37 പേരെ സ്ഥിരപ്പെടുത്തും

10 എയ്ഡഡ് സ്‌കൂൾ 
സർക്കാർ ഏറ്റെടുക്കും ; സ്വാശ്രയ കോളേജ്: ഓർഡിനൻസ് പുറപ്പെടുവിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 16, 2021


തിരുവനന്തപുരം
സംസ്ഥാനത്തെ പത്ത്‌ എയ്ഡഡ് സ്‌കൂളുകൾ സർക്കാർ ഏറ്റെടുക്കും. പുലിയന്നൂർ സെന്റ് തോമസ് യു പി സ്‌കൂൾ, കുരുവിലശ്ശേരി ആർവിഎൽപിഎസ്, മുളവുകാട് എഎൽപിഎസ്‌,  പെരുമ്പിള്ളി എംജിയുപിഎസ്, കഞ്ഞിപ്പാടം എൽപിഎസ്, ആലക്കാട് എൻഎൻഎസ് യുപിഎസ്, ചുലിശ്ശേരി എസ്എംഎൽപിഎസ്, പൊന്നാനി ടിഐയുപിഎസ്, നടുവത്തൂർ ശ്രീവാസുദേവാശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ, പുതുക്കോട് സർവജന ഹയർസെക്കൻഡറി സ്‌കൂൾ എന്നിവയാണ്‌ ഏറ്റെടുക്കുക.

പ്രൊബേഷൻ നയം 
അംഗീകരിച്ചു
സംസ്ഥാനത്ത് പ്രൊബേഷൻ അഥവാ നല്ലനടപ്പ് സംവിധാനത്തിന്റെ ഭാഗമായി നയം രൂപീകരിക്കും. സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ കരട് പ്രൊബേഷൻ നയം മന്ത്രിസഭ അംഗീകരിച്ചു. ഗുരുതരമല്ലാത്ത കുറ്റം  ചെയ്തവരെയും മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവരെയും സമൂഹത്തിനുതകുന്നവരാക്കി മാറ്റുന്ന സാമൂഹ്യ ചികിത്സാസമ്പ്രദായമാണ് പ്രൊബേഷൻ. ഈ ലക്ഷ്യം ഫലപ്രദമായി നടപ്പാക്കാനുള്ള നിർദേശങ്ങളാണ് നയത്തിലുള്ളത്. 

പുതിയ 
സപ്ലൈ ഓഫീസുകൾ
പുതുതായി രൂപീകരിച്ച കുന്നംകുളം, പയ്യന്നൂർ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസുകൾ സ്ഥാപിക്കും. ഇതിന് ആവശ്യമായ തസ്തിക സൃഷ്ടിക്കും.

സ്വാശ്രയ കോളേജ്:  ഓർഡിനൻസ് പുറപ്പെടുവിക്കും
കേരളത്തിലെ വിവിധ സർവകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളേജുകളിലെ അധ്യാപക–- -അനധ്യാപക ജീവനക്കാരുടെ നിയമനരീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനം. കേരള ഷോപ്‌സ് ആൻഡ്‌ കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ ഓർഡിനൻസായി പുറപ്പെടുവിക്കാനും ശുപാർശ ചെയ്യും.

കള്ള് വ്യവസായ വികസന ബോർഡ് രൂപീകരിക്കും
കേരള കള്ള് വ്യവസായ വികസന ബോർഡ് രൂപീകരിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. കള്ള് വ്യവസായവുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവരുടെ ക്ഷേമത്തിനുവേണ്ടിയാണ് ബോർഡ് രൂപീകരിക്കുന്നത്. സംസ്ഥാനത്ത് പരമ്പരാഗത കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ലക്ഷ്യവും നിർദിഷ്ട നിയമത്തിലുണ്ട്.

യുവജനക്ഷേമ ബോർഡിൽ 37 പേരെ സ്ഥിരപ്പെടുത്തും
സംസ്ഥാന യുവജനക്ഷേമ ബോർഡിൽ പിഎസ്‌സിക്ക് വിടേണ്ടാത്ത തസ്തികകളിൽ 10 വർഷത്തിലധികമായി ജോലി ചെയ്യുന്ന 37 പേരെ സ്ഥിരപ്പെടുത്തും.  കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനിൽ 10 വർഷത്തിലധികമായി ജോലി ചെയ്യുന്ന 14 കരാർ  ജീവനക്കാരെയും കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോർപറേഷനിൽ 10 വർഷത്തിലധികമായി ജോലി ചെയ്യുന്ന 100 കരാർ ജീവനക്കാരെയും  സ്ഥിരപ്പെടുത്തും. 

ചിത്തരേഷ് നടേശനും 
ഷിനു ചൊവ്വയ്‌ക്കും 
സർക്കാർ ജോലി
2019-ൽ കൊറിയയിൽ നടന്ന അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മിസ്റ്റർ യൂണിവേഴ്‌സ് പട്ടം നേടിയ  ചിത്തരേഷ് നടേശനും ലോക പുരുഷ ശരീരസൗന്ദര്യ മത്സരങ്ങളിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്‌ക്കും നേട്ടങ്ങളും കുടുംബപശ്ചാത്തലവും കണക്കിലെടുത്ത് യോഗ്യതയ്ക്കനുസരിച്ച് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചു. 

ശമ്പള പരിഷ്‌കരണം
 നടപ്പാക്കും
ട്രാൻസ്‌ഫോർമേഴ്‌സ് ആൻഡ്‌  ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡിലെ (ടെൽക്ക്) ഓഫീസർമാരുടെ ശമ്പളപരിഷ്‌കരണം നടപ്പിലാക്കാൻ തീരുമാനിച്ചു. കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം നടപ്പിലാക്കാൻ തീരുമാനം. കേരള സംസ്ഥാന പവർ ആൻഡ്‌‌  ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപറേഷനിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു.  കേരള ഇലക്ട്രിക്കൽ ആൻഡ്‌ അലൈഡ് എൻജിനീയറിങ് ലിമിറ്റഡിലെ മാനേജർ, സൂപ്പർവൈസറി സ്റ്റാഫ് എന്നീ തസ്തികകളിലുള്ള ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം നടപ്പിലാക്കാൻ തീരുമാനിച്ചു.

കസ്‌റ്റഡി മരണം: പൊലീസുകാരെ 
പിരിച്ചുവിടൽ ശുപാർശ അംഗീകരിച്ചു
ഇടുക്കി നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസ്‌  ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നതടക്കമുള്ള റിട്ട. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്‌   കമീഷൻ റിപ്പോർട്ട്  മന്ത്രിസഭായോഗം അംഗീകരിച്ചു. കസ്റ്റഡി മർദനത്തിലാണ് രാജ്‍കുമാർ മരിച്ചതെന്ന് കമീഷൻ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. നിയമങ്ങളും കോടതി ഉത്തരവുകളും ലംഘിച്ച സമാനതകളില്ലാത്ത സംഭവമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ച ശേഷം ജസ്റ്റിസ് നാരായണക്കുറുപ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. എന്നാലേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കൂ. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ ഭരണഘടനയുടെ അനുഛേദം 311 (2) പ്രകാരം പിരിച്ചുവിടാനുള്ള ശുപാർശയും നൽകിയിരുന്നു. 2019 ജൂണ് 12നാണ് ഹരിതാ ഫിനാൻസ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമൺ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടിയത്. മർദനത്തിൽ പരിക്കേറ്റ്‌   ജൂണ് 21ന് ജയിലിൽ മരിച്ചു. നെടുങ്കണ്ടം എസ്ഐ അടക്കമുള്ള ഏഴ് പൊലീസുകാരെ അറസ്റ്റു ചെയ്തു. 2019 ജൂലൈ നാലിന് സർക്കാർ ജുഡീഷ്യൽ കമീഷനെ നിയോഗിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top