17 February Wednesday

യുവജനങ്ങളെ കൂടുതൽ പരിഗണിച്ച സർക്കാർ: ബിനോയ്‌ വിശ്വം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 16, 2021



കൊച്ചി
കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ അവസാന വർഷം പിഎസ്‌സി റാങ്ക്‌ലിസ്റ്റിന്റെ 5.69 ശതമാനംമാത്രം നിയമനം നടത്തിയപ്പോൾ പിണറായി സർക്കാർ 31.56 ശതമാനം നിയമനം നടത്തിയെന്ന്‌ സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം ബിനോയ്‌ വിശ്വം എംപി പറഞ്ഞു. സർക്കാരിനെതിരെ ഒന്നും പറയാനില്ലാത്തതുകൊണ്ട്‌ പിഎസ്‌സി നിയമനത്തിന്റെ പേരിൽ യുവജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിടാനാണ്‌ യുഡിഎഫ്‌ നീക്കം‌. എൽഡിഎഫ്‌ തെക്കൻ മേഖലാ വികസന മുന്നേറ്റജാഥ നയിച്ചെത്തിയ അദ്ദേഹം കോലഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

യുവജനങ്ങളുടെ  ആവശ്യങ്ങൾ ഏറ്റവും കൂടുതൽ പരിഗണിച്ച സർക്കാരാണ്‌ പിണറായി സർക്കാർ. സമരം ചെയ്യുന്ന റാങ്കുഹോൾഡർമാരോട്‌ ശത്രുതാ മനോഭാവമില്ല. ചർച്ച തുടരുന്നുമുണ്ട്‌. അവർ കാര്യം മനസ്സിലാക്കണമെന്നാണ്‌ അഭ്യർഥന. മോഡിയുടെ വർഗീയ, കോർപറേറ്റ്‌ ഏകാധിപത്യ പ്രവണതയ്‌ക്കും അന്ധമായ ഇടതുപക്ഷ വിരോധത്തിന്റെ പേരിൽ ബിജെപിയെ പിന്താങ്ങുന്ന  യുഡിഎഫിനുമെതിരായ ജനവികാരം ജാഥ പോകുന്നിടത്തെല്ലാം കാണാനായി. എൽഡിഎഫ്‌ ജാഥയുടെ രാഷ്‌ട്രീയം ജനങ്ങൾ ഏറ്റെടുക്കുന്നതിന്റെ തെളിവാണിതെന്ന്‌  ബിനോയ്‌ വിശ്വം പറഞ്ഞു.

വികസനത്തുടർച്ചയ്‌ക്കും മതനിരപേക്ഷ നിലപാട്‌ ഉയർത്തിപ്പിടിക്കാനും എൽഡിഎഫ്‌ വീണ്ടും വരണം എന്ന ജനാഭിലാഷമാണ്‌ ജാഥയ്‌ക്കു ലഭിക്കുന്ന സ്വീകരണത്തിലും പ്രകടമാകുന്നതെന്ന്‌ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദൻ പറഞ്ഞു. 

കോൺഗ്രസ്‌ എവിടെയൊക്കെ അധികാരത്തിൽ വന്നിട്ടുണ്ടോ അവിടെയൊക്കെ ബിജെപി ഭരണമായി മാറുകയാണ്‌. മണിപ്പുരും കർണാടകയും ഗോവയ്‌ക്കും പിന്നാലെ  പുതുച്ചേരിയിലും ഇതു സംഭവിക്കുകയാണ്‌. എന്നിട്ടും ബിജെപിയുമായാണ്‌  കേരളത്തിലെ കോൺഗ്രസിന്‌ ചങ്ങാത്തം  –- എം വി ഗോവിന്ദൻ പറഞ്ഞു. കർഷകരുടെയും ന്യൂനപക്ഷങ്ങളുടെയും ദീർഘകാല ആവശ്യങ്ങൾക്ക്‌ പരിഗണന നൽകിയ സർക്കാരാണിതെന്ന്‌ ജാഥാംഗം കേരള കോൺഗ്രസ്‌ ജനറൽ സെക്രട്ടറി തോമസ്‌ ചാഴിക്കാടൻ എംപി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top