16 February Tuesday

കോൺഗ്രസ്‌ ജയിച്ചാൽ ബിജെപി തോൽക്കുമോ - പി രാജീവ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 16, 2021

കേരളീയ സമൂഹത്തിൽ എൽഡിഎഫിനുള്ള സ്വീകാര്യത ഭരണത്തുടർച്ചയിലേക്ക്‌ നയിക്കുമെന്ന്‌ തിരിച്ചറിഞ്ഞ്‌ ഹാലിളകിയ യുഡിഎഫ്‌- വെൽഫെയർപാർടി കൂട്ടുക്കെട്ട്‌ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള വ്യാമോഹത്തോടെ പല തരത്തിലുള്ള നുണപ്രചാരവേലകളും വ്യാപകമായി നടത്തുന്നുണ്ട്‌. അതിലൊന്ന്‌ ന്യൂനപക്ഷജനവിഭാഗങ്ങളെയും മതനിരപേക്ഷവാദികളെയും ലക്ഷ്യംവച്ചാണ്‌. കേരളത്തിൽ ഭരണത്തുടർച്ചയുണ്ടായാൽ കോൺഗ്രസ്‌ തകരുമെന്നും അത്‌ ബിജെപിയെ 2026ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരത്തിലെത്തിക്കുമെന്നുമാണ്‌ ഒരു വാദം. തോൽക്കുന്നതോടെ ബിജെപിയായി മാറുന്ന ചരിത്രമാണ്‌ പല സംസ്ഥാനങ്ങളിലും കോൺഗ്രസിനുള്ളതെന്നും അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ അവരെ തോൽപ്പിക്കാതിരിക്കണമെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രത്യക്ഷമായും അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ പരോക്ഷമായും പ്രചരിപ്പിക്കുന്നു. ഇടതുപക്ഷ ഭരണത്തോട്‌ തങ്ങൾക്കും വിയോജിപ്പില്ലെന്നും ബിജെപികൂടി അവർക്ക്‌ വോട്ടുചെയ്യാൻ ഇടയുണ്ടെന്നും അതുകൊണ്ടുമാത്രമാണ്‌ തങ്ങൾ യുഡിഎഫിനെ വിജയിപ്പിക്കാൻ ആവശ്യപ്പെടുന്നതെന്നും കൂട്ടിച്ചേർക്കുന്നു. കോൺഗ്രസ്‌മുക്ത ഭാരതമെന്ന ബിജെപി മുദ്രാവാക്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ അവർ എൽഡിഎഫിനെ സഹായിക്കാൻ ശ്രമിക്കുന്നതെന്ന്‌ ഈ നുണപ്രചാരവേലക്കാർ വാദിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിൽ ഇക്കൂട്ടർ നടത്തിയ പ്രചാരവേല വോട്ടായി മാറിയെന്ന അഹങ്കാരത്തിന്റെ പിൻബലത്തിലാണ്‌ പുതിയ അടവ്‌ പുറത്തെടുത്തിരിക്കുന്നത്‌. രാഹുൽഗാന്ധിയെ കേരളത്തിൽ മത്സരിപ്പിച്ച്‌ ഭാവി പ്രധാനമന്ത്രിയെന്ന്‌ പ്രചരിപ്പിച്ച്‌ യുഡിഎഫ്‌ വിജയം ഉറപ്പിക്കുന്നതിന്‌ അന്നു കഴിഞ്ഞിരുന്നു. ബിജെപി വരാതിരിക്കുന്നതിന്‌ യുഡിഎഫിന്‌ വോട്ട്‌ ചെയ്‌തവർ പിന്നീട്‌ വഞ്ചിതരായി എന്നതുമാത്രമായിരുന്നില്ല പരിണതഫലം. ഇന്ത്യയിലാകെ ബിജെപി വിരുദ്ധ മതനിരപേക്ഷശക്തികളെ കൂട്ടിയിണക്കേണ്ട ഉത്തരവാദിത്തം നിർവഹിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന വ്യക്തി ഇടതുപക്ഷമാണ്‌ മുഖ്യശത്രുവെന്ന്‌ പ്രഖ്യാപിച്ച്‌ കേരളത്തിൽ മത്സരിച്ചതോടെ അഖിലേന്ത്യാ തലത്തിൽ അത്‌ നൽകിയ സന്ദേശം ബിജെപിക്ക്‌ അനുകൂലമായി മാറിയെന്ന്‌ രാഷ്‌ട്രീയനിരീക്ഷകർ വിലയിരുത്തിയിട്ടുണ്ട്‌.

ഇടതുപക്ഷ വിരുദ്ധതയുടെ അടിസ്ഥാനത്തിൽമാത്രം രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്ന കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തിന്റെ നിലപാടായിരുന്നു ആ തീരുമാനത്തിലേക്ക്‌ നയിച്ചതെന്നും വ്യക്തം. ഇതേ കൂട്ടുകെട്ടാണ്‌ പുതിയ അടവുമായി ആശയക്കുഴപ്പമുണ്ടാക്കാൻ നോക്കുന്നത്‌. സമകാലിക ഇന്ത്യയുടെ ചരിത്രമറിയുന്നവർ ഈ നിർമിതിയെ കൈയോടെ തള്ളിക്കളയും. 2026ൽ ബിജെപി അധികാരത്തിൽ വരാതിരിക്കണമെന്ന ഒറ്റ അജൻഡയ്‌ക്കായി കോൺഗ്രസിനെ വിജയിപ്പിച്ചാൽ അത്രയും കാത്തുനിൽക്കാതെ ഇപ്പോൾത്തന്നെ ബിജെപിയെ വിജയിപ്പിച്ചതിനു തുല്യമായിരിക്കും അതെന്ന്‌ രാജ്യത്തെ സമകാലിക അനുഭവം പഠിപ്പിക്കുന്നുണ്ട്‌.

മധ്യപ്രദേശിൽ ബിജെപിയെ വാഴിച്ചത്‌ രാഹുൽ ബ്രിഗേഡുകാരൻ
പതിനഞ്ചുവർഷത്തെ ബിജെപി ഭരണത്തിന്‌ അറുതിവരുത്തുന്നതിനാണ്‌ മധ്യപ്രദേശിൽ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത്‌. ഇപ്പോൾ കേരളത്തിൽ കോൺഗ്രസ്‌ പ്രയോഗിക്കുന്ന രീതിയിൽ മുഖ്യമന്ത്രിസ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ്‌ അവിടെയും മത്സരിച്ചത്‌. എങ്ങനെയെങ്കിലും ബിജെപിയെ പരാജയപ്പെടുത്തണമെന്ന്‌ കരുതിയിരുന്ന ജനങ്ങൾ, കോൺഗ്രസിന്റെ മതനിരപേക്ഷ നിലപാടിൽ വിശ്വാസക്കുറവുണ്ടെങ്കിലും അവരെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കി. മുഖ്യമന്ത്രിയെ നിശ്‌ചയിക്കുന്നതുമുതൽ തർക്കങ്ങളുണ്ടായി. ഒടുവിൽ കമൽനാഥ്‌ മുഖ്യമന്ത്രിയായി. പക്ഷേ, പതിനഞ്ചുവർഷത്തെ വർഗീയവാഴ്‌ചയ്‌ക്ക്‌ അറുതിവന്നെന്നു കരുതിയിടത്ത്‌ പതിനഞ്ചുമാസം തികയുന്നതിനുമുമ്പ്‌ വീണ്ടും ബിജെപി അധികാരത്തിൽവന്നു. രാഹുൽബ്രിഗേഡിൽ രണ്ടാമനായി കണക്കാക്കിയിരുന്ന, ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ എംഎൽഎമാർ കൂറുമാറി ബിജെപിയിൽ ചേർന്നാണ്‌ അവരെ തിരിച്ച്‌ അധികാരത്തിലേറ്റിയത്‌. തെരഞ്ഞെടുപ്പ്‌ അടുത്ത സന്ദർഭത്തിൽ പ്രതിപക്ഷനേതാവിൽ വിശ്വാസമില്ലാതെ പ്രചാരണം നയിക്കാൻ മുൻമുഖ്യമന്ത്രിയെ കൊണ്ടുവന്നിരിക്കയാണ്.

ഇന്നത്തെ കോൺഗ്രസ്‌ മുഖ്യൻ നാളെത്തെ ബിജെപി മുഖ്യൻ
ഇപ്പോൾ കേരളത്തിൽ ഏകാംഗ പാർടിമാത്രമായ ബിജെപിയിലേക്ക്‌ കോൺഗ്രസ്‌ നേതാക്കൾ പോകുമോയെന്ന സംശയമുള്ളവർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി എങ്ങനെ അധികാരത്തിലെത്തിയെന്ന ചരിത്രം പരിശോധിച്ചാൽമാത്രം മതി. ഒരിക്കൽപ്പോലും തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാതെ ബിജെപി അധികാരത്തിലെത്തിയ സംസ്ഥാനമാണ്‌ അരുണാചൽ പ്രദേശ്‌. 2014ലെ തെരഞ്ഞെടുപ്പിൽ 44 സീറ്റ്‌ നേടിയാണ്‌ കോൺഗ്രസ്‌ അധികാരത്തിലെത്തിയത്‌. പിന്നീട്‌, 2016ൽ കോൺഗ്രസിലെ തർക്കങ്ങളെത്തുടർന്ന്‌ പേമ ഖണ്ടു മുഖ്യമന്ത്രിയായി. എന്നാൽ, ജൂലൈയിൽ എൻഡിഎ സഖ്യകക്ഷിയായ പിപിഎ യിലേക്ക്‌ അദ്ദേഹം ചേക്കേറി. 44 കോൺഗ്രസ്‌ എംഎൽഎമാരിൽ 43 പേരും ഒറ്റക്കെട്ടായി ബിജെപി മുന്നണിയിലേക്ക്‌ എത്തി. ഒരു മാസത്തിനകം ബിജെപിയിൽ ചേർന്ന അദ്ദേഹം ഭൂരിപക്ഷം എംഎൽഎമാരെയും ഒപ്പം കൂട്ടി മുഖ്യമന്ത്രിയെന്ന നിലയിൽ ഭൂരിപക്ഷം തെളിയിച്ചു. കോൺഗ്രസിനെ അധികാരത്തിലേറ്റിയ ഒരു സംസ്ഥാനത്ത്‌ ബിജെപി അധികാരം പിടിക്കാൻ മാസങ്ങൾമാത്രം മതിയായിരുന്നു. യഥാർഥത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ ഒന്നടങ്കം ബിജെപിയായി മാറുകയായിരുന്നു.

പിന്നീടുള്ള ചരിത്രവും ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും. 2019ലെ നിയമസഭാതെരഞ്ഞെടുപ്പിൽ 60ൽ 41 സീറ്റ്‌ നേടി ബിജെപി ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. 2014ലെ തെരഞ്ഞെടുപ്പിൽ 44 സീറ്റുണ്ടായിരുന്ന കോൺഗ്രസ്‌ കേവലം നാലുസീറ്റിൽ ഒതുങ്ങി. രണ്ടു തവണ കോൺഗ്രസ്‌ മുഖ്യമന്ത്രിയായിരുന്ന ദൂർജി ഖണ്ടുവിന്റെ മകനാണ്‌ കോൺഗ്രസ്‌ മുഖ്യമന്ത്രിയായിരിക്കുമ്പോൾത്തന്നെ ബിജെപിയായി മാറിയ പേമ ഖണ്ടു എന്നത്‌ മറക്കരുത്‌. എത്ര അപഹാസ്യമായ രീതിയിലാണ് കോൺഗ്രസ്‌ മുഖ്യമന്ത്രിതന്നെ ബിജെപിയായി മാറുകയും ഒരു സംസ്ഥാനത്തെ വർഗീയശക്തികൾക്ക്‌ അടിയറവയ്‌ക്കുകയും ചെയ്‌തത്. കേരളത്തിലും ബിജെപിക്ക്‌ ഈ തന്ത്രം പ്രയോഗിക്കാൻ തടസ്സമുള്ള നേതാക്കൾ കോൺഗ്രസ്‌ പാർടിയിൽ ഇപ്പോൾ അധികമില്ലെന്നതും ഓർക്കുന്നത്‌ നന്ന്‌.


 

മറ്റൊരു വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പുരിൽ തുടർച്ചയായി അധികാരത്തിലിരുന്നത്‌ കോൺഗ്രസായിരുന്നു. കോൺഗ്രസ്‌ നേതാവായിരുന്ന ബേരൻസിങ്ങാണ്‌ ഇപ്പോൾ അവിടത്തെ ബിജെപി മുഖ്യമന്ത്രി. നിയമസഭാതെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോൾ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസിന്‌ 28 സീറ്റ്‌ കിട്ടിയപ്പോൾ ബിജെപിക്ക്‌ 21 സീറ്റുമാത്രമേ ലഭിച്ചുള്ളു. ബിജെപിയെ മാറ്റിനിർത്താൻ കോൺഗ്രസിനെ വലിയ കക്ഷിയായി ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാനത്ത്‌ ഒരു ദിവസംപോലും ഹിന്ദുത്വശക്തികൾക്ക്‌ മന്ത്രിസഭ രൂപീകരിക്കാൻ കാത്തുനിൽക്കേണ്ടിവന്നില്ല.

കോൺഗ്രസിൽനിന്ന്‌ അടർത്തിയെടുത്ത എംഎൽഎയെയും പ്രാദേശിക പാർടികളെയും ചേർത്ത്‌ ബിജെപി മന്ത്രിസഭ രൂപീകരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയെ അധികാരത്തിലേക്ക്‌ കൊണ്ടുവരുന്നതിന്‌ മുഖ്യകാർമികത്വം വഹിച്ച വ്യക്തിയെന്ന്‌ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്‌ ഒരു കോൺഗ്രസ്‌ നേതാവിനെയാണ്‌. അസമിലെ കോൺഗ്രസ്‌ നേതാവായിരുന്ന ഹിമന്ദ ബിശ്വാസ്‌ ശർമ. 2015ൽ ബിജെപിയിൽ ചേർന്ന ഇദ്ദേഹം അസമിലെ ക്യാബിനറ്റ്‌ മന്ത്രിയാണ്‌. പൗരത്വഭേദഗതി നിയമത്തിന്‌ അനുകൂലമായി ഈ മേഖലയിൽ ഏറ്റവും ശക്തമായി നിലയുറപ്പിച്ചതും ഈ മുൻ കോൺഗ്രസ്‌ നേതാവുതന്നെയാണ്‌.

സമാനമായ അനുഭവം തന്നെയാണ്‌ ഗോവയിലുമുണ്ടായത്‌. സാമൂഹ്യ സാഹചര്യങ്ങൾ നോക്കിയാൽ ബിജെപിക്ക്‌ അനുകൂലമല്ലാത്ത സംസ്ഥാനത്ത്‌ കോൺഗ്രസിനോടുള്ള എതിർപ്പാണ്‌ അവരെ അധികാരത്തിലെത്തിച്ചത്‌. എന്നാൽ, മതനിരപേക്ഷ ചിന്താഗതിയുള്ള ജനത കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കി. കോൺഗ്രസിന്‌ 17 സീറ്റും ബിജെപിക്ക്‌ 13 സീറ്റും ലഭിച്ചു. കോൺഗ്രസ്‌ വിട്ടവർ രൂപീകരിച്ച ജിഎഫ്‌പി പാർടിയുമായി ചേർന്ന്‌ ബിജെപി വീണ്ടും അധികാരത്തിലെത്തി. ഗോവയിൽ ബിജെപി മന്ത്രിസഭ രൂപീകരിക്കാൻ ഇടയായത്‌ നേതൃത്വത്തിന്റെ പിടിപ്പുക്കേടുകൊണ്ട്‌ മാത്രമാണെന്ന്‌ ചുമതലയുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിങ്‌ പരസ്യമായി വ്യക്തമാക്കുകയുണ്ടായി.


 

ആർക്കും ഭൂരിപക്ഷമില്ലാതിരുന്നിട്ടും മന്ത്രിസഭ രൂപീകരിക്കാൻ ബിജെപിക്ക്‌ അവസരം കിട്ടിയ സംസ്ഥാനമാണ്‌ കർണാടക. പക്ഷേ, ജനവിധിക്കെതിരായ തീരുമാനത്തിന്‌ സഭയിൽ ഭൂരിപക്ഷം കിട്ടിയില്ല. യദ്യൂരപ്പയ്‌ക്ക്‌ രാജിവയ്‌ക്കേണ്ടിവന്നു. അതിനെത്തുടർന്ന്‌, കോൺഗ്രസ്- ജെഡിഎസ്‌ സഖ്യം മന്ത്രിസഭ രൂപീകരിച്ചു. അനുഭവത്തിൽനിന്ന്‌ പാഠം ഉൾക്കൊണ്ട്‌ കോൺഗ്രസ്‌ വിശാല കാഴ്‌ചപ്പാടിലേക്ക്‌ എത്തിയെന്ന്‌ പലരും കരുതി. എന്നാൽ, കൂറുമാറിയ കോൺഗ്രസ്‌ എംഎൽഎമാരുടെ സഹായത്തോടെ വീണ്ടും ബിജെപിതന്നെ അധികാരത്തിലേറി. ബിജെപിയെ മാറ്റിനിർത്താനായി ജയിപ്പിക്കുന്ന കോൺഗ്രസ്‌ എംഎൽഎമാരെ പിടിച്ചുനിർത്താൻ റിസോർട്ടുകൾ ഒന്നും പോരാതെ വന്നുവെന്ന്‌ മധ്യപ്രദേശിനൊപ്പം കർണാടകയും തെളിയിച്ചു. വർഗീയതയിലേക്ക്‌ കൂറുമാറാതിരിക്കണമെന്ന്‌ തോന്നിപ്പിക്കുന്ന നയങ്ങൾ കോൺഗ്രസിനില്ലെന്നതാണ്‌ ഇതിനു കാരണം. ബിജെപിയുടെ ഹിന്ദുത്വത്തിനൊപ്പം എത്താൻ മത്സരിക്കുന്ന നേതാക്കളും നയങ്ങളുമുള്ള പാർടിയുടെ എംഎൽഎമാരിൽനിന്ന്‌ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന കാര്യം കേരളവും ഓർത്തിരിക്കേണ്ടതാണ്‌.

കോൺഗ്രസിനെ ജയിപ്പിച്ച്‌ കോൺഗ്രസ്‌മുക്ത ഭാരതം
മറ്റൊരു വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ ഇടതുമുന്നണി ഭരിക്കുമ്പോൾ ബിജെപിക്ക്‌ ഒരു എംഎൽഎ പോലുമുണ്ടായിരുന്നില്ല. എന്നാൽ, ഒരു തെരഞ്ഞെടുപ്പിലും ജയിക്കാതെ തന്നെ ആ നിയമസഭയിൽ ബിജെപി മുഖ്യപ്രതിപക്ഷ പാർടിയായി. അതുവരെ പ്രതിപക്ഷമായിരുന്ന കോൺഗ്രസ്‌ നേരെ ബിജെപിയായി മാറി. ആ മാറ്റത്തിന്റെ തുടർച്ചയിലാണ്‌ കോൺഗ്രസ്‌ വോട്ടുകൾ ഒന്നിച്ച്‌ അടർത്തിയെടുത്ത്‌ ബിജെപി അധികാരത്തിലെത്തിയത്‌. ഈ ചെറിയ സംസ്ഥാനത്ത്‌ അധികാരത്തിൽ വന്നതിൽ അതീവ ആഹ്ലാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, അതിനെ പ്രത്യയശാസ്‌ത്ര വിജയമെന്നാണ്‌ വിശേഷിപ്പിച്ചത്‌. കമ്യൂണിസ്‌റ്റുകാരെ ആഭ്യന്തരശത്രുക്കളായി പ്രഖ്യാപിച്ച പ്രത്യയശാസ്‌ത്രത്തിന്റെ വക്താവിൽനിന്ന്‌ പുറത്തുവന്നത്‌ ശരിയായ നിലപാടുതന്നെ!

കോൺഗ്രസ്‌മുക്ത ഭാരതമെന്നത്‌ കോൺഗ്രസിനെത്തന്നെ വിജയിപ്പിച്ച്‌ എളുപ്പത്തിൽ നേടാൻ കഴിയുന്ന ലക്ഷ്യമാണെന്ന്‌ ഈ അനുഭവങ്ങൾ പഠിപ്പിക്കുന്നുണ്ട്‌. അതുകൊണ്ട്‌ 44ൽ 43 എംഎൽഎമാരെയും വിട്ടുകൊടുത്ത്‌ ബിജെപിക്ക്‌ തളികയിൽ അധികാരം കൈമാറിയ അരുണാചൽ മുതലുള്ള ഈ ചരിത്രം അതിന്റെ നേർസാക്ഷ്യമാണ്‌.

അതുകൊണ്ട്‌, കോൺഗ്രസ്‌ കേരളത്തിൽ ജയിച്ചാൽ ബിജെപി കൂടിയായിരിക്കും ജയിക്കുന്നത്‌. എന്നാൽ, ഇടതുപക്ഷ ഭരണത്തുടർച്ച എന്നത്‌ രാജ്യത്താകെ നടക്കുന്ന ബിജെപി വിരുദ്ധ, മതനിരപേക്ഷ പോരാട്ടങ്ങൾക്ക്‌ അതിരുകളില്ലാത്ത കരുത്ത്‌ പകരുന്നതായിരിക്കും. അതുകൊണ്ടാണ്‌ ഇന്ത്യയിൽ ജനാധിപത്യവും മതനിരപേക്ഷതയും നിലനിർത്തുന്നതിന്‌ ഇടതുപക്ഷ ഭരണത്തുടർച്ച അനിവാര്യമായ മുന്നുപാധിയായി മാറുന്നത്‌. ഇടതുപക്ഷം വീണ്ടും അധികാരത്തിൽവന്നാൽ ബിജെപിയുടെ കേരളമോഹങ്ങൾ അവസാനിക്കും. എങ്ങനെയെങ്കിലും യുഡിഎഫിനെ അധികാരത്തിലേറ്റുന്നതിന്‌ സഹായിക്കുകയും പ്രത്യുപകാരമായി നേമം മാതൃകയിൽ ചില സീറ്റുകൾ ഉറപ്പിക്കാനുമാണ്‌ ബിജെപി ശ്രമിക്കുന്നത്‌. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ തിരിച്ചറിഞ്ഞ്‌ ലീകോബി സഖ്യത്തെ പരാജയപ്പെടുത്തേണ്ടത്‌ മതനിരപേക്ഷ ഇന്ത്യക്കായി കേരളം ഏറ്റെടുക്കേണ്ട ചുമതലയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top