CricketLatest NewsNewsIndia

ചാറ്റിംഗിനിടെ വംശീയ പരാമർശം; യുവരാജ് സിംഗിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്

സംഭവം നടന്ന് 8 മാസങ്ങൾക്കു ശേഷമാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്

ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിംഗിനിടെ വംശീയ പരാമർശം നടത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഹരിയാന പൊലീസ്. ജത് കൽസാൻ എന്ന ദളിത് പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സംഭവം നടന്ന് 8 മാസങ്ങൾക്കു ശേഷമാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2020ൽ രോഹിത് ശർമ്മയുമായുള്ള ഇൻസ്റ്റഗ്രാം ചാറ്റിംഗിനിടെ സ്പിന്നർ യുസ്വേന്ദ്ര ചഹാലിനെതിരെ യുവരാജ് സിംഗ് നടത്തിയ വംശീയ പരാമർശം വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഇൻസ്റ്റ ലൈവിൽ സ്പിന്നർ യുസ്വേന്ദ്ര ചഹാലിനെ ഭാംഗി എന്ന് യുവി പരാമർശിച്ചിരുന്നു. സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും തുടർന്ന് ദളിതരെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി രജത് കൽസാൻ എന്ന ദളിത് പ്രവർത്തകൻ പരാതി നൽകുകയുമായിരുന്നു.

പരാതിയിൽ പൊലീസ് യുവിക്കെതിരെ കേസെടുത്ത് 8 മാസങ്ങൾക്കു ശേഷമാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം, പട്ടികജാതി/പട്ടികവർഗ ആക്റ്റ് എന്നീ വകുപ്പുകളാണ് യുവരാജിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, സംഭവത്തിൽ യുവരാജ് സിംഗ് ക്ഷമാപണം നടത്തിയിരുന്നു. യാതൊരു വിവേചനവുമില്ലാതെ താൻ ബഹുമാനിക്കുന്നതായാണ് വിശ്വസിക്കുന്നതെന്നും ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ താൻ ക്ഷമ ചോദിക്കുന്നു എന്നും യുവി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button