രാജ്യദ്രോഹ കേസിൽ വിചാരണ തടവിൽ കഴിയുള്ള മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 90 വയസ് കഴിഞ്ഞ അമ്മയെ കാണാനാണ് കോടതി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. സിദ്ദിഖ് കാപ്പന് ജാമ്യം നൽകുന്നതിൽ ഉത്തർപ്രദേശ് സർക്കാരിന്റെ കടുത്ത എതിർപ്പ് അവഗണിച്ച് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
അസുഖബാധിതയായ അമ്മയെ കാണാനുള്ള അനുമതി ആണ് സിദ്ദിഖ് കാപ്പൻ തേടിയത്. 90 വയസുള്ള അമ്മ വാർദ്ധക്യസഹജമായ അസുഖത്താൽ കിടക്കയിലാണെന്നും സിദ്ദിഖ് കാപ്പൻ സുപ്രിം കോടതിയെ അറിയിച്ചു. ഇപ്പോൾ ഇടക്കാല ജാമ്യം അനുവദിച്ചില്ലെങ്കിൽ പിന്നീട് അമ്മയെ കാണാൻ പോലും ഇനി പറ്റിയേക്കില്ലെന്ന് കാപ്പന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ശക്തമായിട്ടാണ് സിദ്ദിഖ് കാപ്പന്റെ ഹർജിയെ എതിർത്ത് ഉത്തർപ്രദേശ് സർക്കാർ രംഗത്ത് വന്നത്. സിദ്ദിഖ് കാപ്പൻ പി.എഫ്.ഐ ബന്ധമുള്ള ആളാണെന്നും ഇങ്ങനെയുള്ള ഒരാൾക്ക് ഈ കേസിൽ എന്തെങ്കിലും കാരണം പറഞ്ഞ് പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിയ്ക്കാൻ സാധിയ്ക്കുവെന്നും ഉത്തർപ്രദേശ് സർക്കാറിനെ പ്രതിനിധീകരിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്.
വലിയ കുറ്റവാളി ആണെങ്കിലും അമ്മയുടെ ആരോഗ്യ നില സംബന്ധിച്ച് ആരും കളവ് പറയും എന്ന് കോടതി പ്രതീക്ഷിയ്ക്കുന്നില്ലെും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുടർന്നാണ് ഉത്തർ പ്രദേശ് സർക്കാരിന്റെ എതിർപ്പ് തള്ളി സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചത്. സിദ്ധിഖ് കാപ്പനെ വീട്ടിലേയ്ക്ക് എത്തിയ്ക്കുന്നതിനും തിരികെ ജയിലിലേയ്ക്ക് കൊണ്ട് വരുന്നതിനും ഉത്തർപ്രദേശ് പൊലീസിനാണ് ചുമതല. കേരള പൊലീസ് വേണ്ട സഹായങ്ങൾ നൽകണം. ഉപാധികളോടെയുള്ള ജാമ്യമായതിനാൽ കാപ്പന് കേരളത്തിലെത്താം. അഞ്ചാം ദിനം ജയിലിൽ തിരിച്ചെത്തണമെന്നാണ് കോടതി ഉത്തരവ്. കേരളത്തിൽ പോയി അമ്മയെ കാണുക മാത്രമായിരിക്കണം ഉദ്ദേശമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. മാധ്യമങ്ങളേയും പൊതുജനങ്ങളേയും കാണരുതെന്ന കർശന നിർദേശം കാപ്പനുണ്ട്.
Post Your Comments