15 February Monday

മുഴങ്ങി, സന്തോഷത്തിന്റെ അമ്പലമണികൾ

സി പ്രജോഷ്‌ കുമാർUpdated: Monday Feb 15, 2021

മലപ്പുറം > അല്ലലില്ലാത്ത ജീവിതമായിരുന്നു ശാന്തകുമാരിയുടെ പ്രാർഥനകളിൽ നിറയെ. ജീവിതത്തിൽ പ്രയാസങ്ങൾ നിറഞ്ഞപ്പോഴും കരുവമ്പ്ര കരിങ്കാളിയുടെ വാസസ്ഥാനം അവൾ പരിഭവങ്ങളില്ലാതെ അടിച്ചുതളിച്ചു. പുലർച്ചെ മുതൽ തുടങ്ങുന്ന ജോലിക്ക്‌ ലഭിച്ചത്‌ മാസം വെറും 750 രൂപ അടിസ്ഥാന ശമ്പളം. ഒടുവിൽ തൊഴുകൈകൾക്ക്‌ മുകളിൽ സന്തോഷത്തിന്റെ മണിമുഴക്കമായി സർക്കാർ തീരുമാനമെത്തി. മലബാർ ദേവസ്വം ബോർഡ്‌ ജീവനക്കാർക്ക്‌ ശമ്പള പരിഷ്‌കരണം. ഇതോടെ ശാന്തകുമാരിയെ പോലുള്ളവരുടെ അടിസ്ഥാനശമ്പളം 750ൽ നിന്ന്‌ 8500 രൂപയായി വർധിപ്പിച്ചു. ബോർഡിനുകീഴിലെ ഏഴായിരത്തോളം ക്ഷേത്രജീവനക്കാർക്ക്‌  ശമ്പളപരിഷ്‌കരണം തണലാവും.

പതിനൊന്ന്‌ വർഷമായി ക്ഷേത്രത്തിൽ അലിഞ്ഞുചേർന്നതാണ്‌ ശാന്തകുമാരിയുടെ ജീവിതം. 650 രൂപയായിരുന്നു തുടക്കത്തിൽ. പുലർച്ചെ എഴുന്നേറ്റ്‌ ദേവസ്വത്തിന്‌ കീഴിലെ കരിങ്കാളിക്കാവിലും വിഷ്‌ണു ക്ഷേത്രത്തിലും ജോലി. രണ്ട്‌ വർഷംമുമ്പ്‌ അടിച്ചുതളിക്കാരിയായി സ്ഥിരപ്പെടുത്തിയപ്പോൾ എല്ലാം കൂടി കിട്ടിയത്‌ മാസം 1500 രൂപ. മകനൊപ്പം ഇല്ലായ്‌മകൾ മറന്ന്‌ ജീവിക്കുന്നതിനിടയിലാണ്‌ സർക്കാർ തീരുമാനമെത്തുന്നത്‌.  ‘‘ ഒറ്റയടിക്ക്‌ ഇത്രയും തുക വർധിപ്പിക്കുമെന്ന്‌ സ്വപ്‌നത്തിൽപ്പോലും വിചാരിച്ചില്ല. സർക്കാരിന്‌ നന്ദി’’–-  ശാന്തകുമാരി പറഞ്ഞു. ശാന്തിക്കാരൻ പാലപ്പള്ളി ഉണ്ണികൃഷ്‌ണൻ എമ്പ്രാന്തിരിയും ആഹ്ലാദം മറച്ചുവയ്ക്കുന്നില്ല. ‘‘ 4000 രൂപയായിരുന്നു അടിസ്ഥാന ശമ്പളം. ഇത്‌ 13,210 രൂപയായാണ്‌ വർധിപ്പിച്ചത്‌. എപ്പോഴും ഇടതുസർക്കാരിന്റെ കാലത്താണ്‌ ക്ഷേത്ര ജീവനക്കാർക്ക്‌ ശമ്പള വർധന‌ ലഭിച്ചിട്ടുള്ളത്–- അദ്ദേഹം പറഞ്ഞു. 22–-ാം വയസിൽ ശാന്തിക്കാരനായ ഉണ്ണികൃഷ്‌ണൻ 29 വർഷമായി ഈ രംഗത്തുണ്ട്‌. കഴകം ജോലിക്കാരൻ സി വി രഘുനന്ദനനും ശമ്പളവർധനവിൽ  തൃപ്‌തനാണ്‌.

മറ്റ്‌ വരുമാന മാർഗങ്ങളൊന്നുമില്ലാത്തതിനാൽ ദേവസ്വം ബോർഡ്‌ നൽകുന്ന ശമ്പളമാണ്‌ ക്ഷേത്രജീവനക്കാർക്ക്‌‌ ആശ്രയം.  മലബാർ ദേവസ്വം ബോർഡിനുകീഴിലെ ഏറ്റവും വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലൊന്നാണിത്‌‌. കോവിഡ്‌ കാലത്ത്‌ അടച്ചിട്ട ക്ഷേത്രം ജൂണിലാണ്‌ തുറന്നത്‌. അന്ന്‌ സർക്കാർ നൽകിയ 10,000 രൂപയാണ്‌ ജീവനക്കാർക്ക്‌ ആശ്വാസമായത്‌. 2000 രൂപ ഇടക്കാലാശ്വാസമായും ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top