തൃശൂർ
മൃഗങ്ങളേയും പക്ഷികളേയും ഇനി അവയുടെ ആവാസവ്യവസ്ഥയിൽച്ചെന്ന് കാണാം. ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്ക് ഉത്സവാന്തരീക്ഷത്തിൽ നാടിന് സമർപ്പിച്ചു. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഒന്നാംഘട്ടം ഉദ്‌ഘാടനം ഓൺലൈനായി മന്ത്രി കെ രാജു നിർവഹിച്ചു.
സൈലന്റ് വാലി, കൻഹ തുടങ്ങി ഒമ്പത് മേഖലകളിൽ 24 തനത് ആവാസവ്യവസ്ഥകളാണൊരുങ്ങുന്നത്. പത്തുലക്ഷത്തോളം വനവൃക്ഷങ്ങൾ നട്ട് ജൈവഇടങ്ങൾ തിരിച്ചുപിടിക്കും. 310 കോടി ചെലവിലാണ് 336 ഏക്കറിൽ പാർക്ക് നിർമിക്കുന്നത്.
എൽഡിഎഫ് സർക്കാർ വന്നശേഷമാണ് 309. 75കോടി അനുവദിച്ച് പാർക്ക് നിർമാണം തുടങ്ങിയത്. 2006ലെ വി എസ് സർക്കാരിന്റെ കാലത്താണ് മൃഗശാല പുത്തൂരിലേക്ക് മാറ്റാനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചത്. തുടർന്നുവന്ന യുഡിഎഫ് സർക്കാർ ഒരു കൂടുപോലും സ്ഥാപിക്കാതെ ഉദ്ഘാടനത്തട്ടിപ്പ് നടത്തി. പിണറായി സർക്കാർ ആദ്യബജറ്റിൽത്തന്നെ പുത്തൂർ സുവോളജിക്കൽ പാർക്കിന് ഫണ്ട് അനുവദിച്ചു.
നാല് ആവാസയിടങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ആശുപത്രി സമുച്ചയം, ചുറ്റുമതിൽ, മണലിപ്പുഴയിൽനിന്നുള്ള ജലവിതരണം എന്നിവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയായത്. മറ്റുപ്രവൃത്തികളും 69 ശതമാനം പൂർത്തിയായി.
മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി. മന്ത്രി തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, അഡ്വ. വി എസ് സുനിൽകുമാർ, ചീഫ് വിപ്പ് അഡ്വ. കെ രാജൻ, എംഎൽഎമാരായ ഗീത ഗോപി, ഇ ടി ടൈസൺ, വി ആർ സുനിൽകുമാർ, മേയർ എം കെ വർഗീസ്, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, പുത്തൂർപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, വനംസെക്രട്ടറി രാജേഷ് കുമാർ സിൻഹ, മേധാവി പി കെ കേശവൻ, തൃശൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ കെ എസ് ദീപ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..