Latest NewsNewsLife StyleFood & CookeryHealth & Fitness

പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്‍ലെറ്റുകൾ. പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക. ആരോഗ്യമുള്ള ശരീരത്തിലെ രക്തത്തില്‍ 150000 മുതല്‍ 450000 വരെ പ്ലേറ്റ്‌ലറ്റുകള്‍ അടങ്ങിയിട്ടുണ്ട്. മുറിവുകളില്‍ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്‌ലറ്റുകളുടെ പ്രധാന ധര്‍മ്മം. പോഷക​ഗുണമുള്ള ഭക്ഷണം കഴിച്ചാൽ മാത്രമേ പ്ലേറ്റ്‍ലെറ്റിന്റെ കൗണ്ട് കൂട്ടാൻ സാധിക്കുകയുള്ളൂ. രക്തത്തിലെ പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം കൂട്ടാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പപ്പായയും പപ്പായ ഇലയും

പഴുത്ത പപ്പായ കഴിക്കുന്നതു കൂടാതെ പപ്പായ ഇല കഷായം വച്ച് കുടിക്കുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ നല്ലതാണ്. മലേഷ്യയിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, ഡെങ്കിപ്പനി ബാധിച്ചവരിൽ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാൻ പപ്പായ ഇല സത്ത് ഫലപ്രദമാണെന്ന് കണ്ടു. പപ്പായ ഇല വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് ദിവസം രണ്ടു നേരം കുടിക്കുക. ഇതോടൊപ്പം പപ്പായപ്പഴവും കഴിക്കാം. ‌‌പപ്പായ ഇല കഴിക്കുന്നതിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടാം.

മാതളം

ആന്റി ഓക്സിഡന്റ് ധാരാളം ഉള്ളതും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും രോഗപ്രതിരോധശക്തി വർധിപ്പിക്കാനുള്ള കഴിവും ഉള്ള മാതളം പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാനും സഹായിക്കും. മാതളം ജ്യൂസ് ആക്കി കുടിക്കുക. അല്ലെങ്കിൽ സാലഡിലോ സ്മൂത്തിയിലോ ചേർത്തോ, പ്രഭാതഭക്ഷണമായോ കഴിക്കാം.

മത്തങ്ങ

വൈറ്റമിൻ എ ധാരാളം അടങ്ങിയ മത്തങ്ങ പ്ലേറ്റ്‍ലെറ്റുകളുടെ എണ്ണം കൂട്ടാനും ശരീരകോശങ്ങളിലെ പ്രോട്ടീനുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. അരഗ്ലാസ് മത്തങ്ങ ജ്യൂസിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് ദിവസം രണ്ടോ മൂന്നോ തവണ കുടിക്കാം.

ഇലക്കറികൾ

പച്ചച്ചീര, ഉലുവ തുടങ്ങി ജീവകം കെ ധാരാളം അടങ്ങിയ ഇലക്കറികൾ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടും. സാലഡിൽ ചേർത്തോ, കറിവച്ചോ എങ്ങനെയും ഇവ കഴിക്കാം.

നെല്ലിക്ക

രോഗപ്രതിരോധശക്തി വർധിപ്പിക്കാനും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാനും മികച്ചത്. ദിവസം മൂന്നോ നാലോ നെല്ലിക്ക വീതം വെറും വയറ്റിൽ കഴിക്കാം. നെല്ലിക്ക ജ്യൂസാക്കി അതിൽ തേൻ ചേർത്തും ഉപയോഗിക്കാം. ഇത് ദിവസം രണ്ടോ മൂന്നോ തവണ കുടിക്കാം.

കാരറ്റും ബീറ്റ്റൂട്ടും

വിളർച്ച ബാധിച്ചവർക്ക് ബീറ്റ്റൂട്ട് ഒരു മികച്ച ഭക്ഷണമാണ്. ആഴ്ചയിൽ രണ്ടു തവണ വീതം കാരറ്റും ബീറ്റ് റൂട്ടും കഴിക്കുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടും. ജ്യൂസാക്കിയോ സാലഡിൽ ചേർത്തോ സൂപ്പ് ആക്കിയോ ഇവ ഉപയോഗിക്കാം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button