ലഖ്‌നൗ
ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട 64 ഉത്തർപ്രദേശുകാരെ ഇനിയും കണ്ടെത്താനായില്ല. വെള്ളപ്പാച്ചിലിൽ മരിച്ചവരിൽ അഞ്ച് യുപിക്കാരുമുണ്ട് . ഇതുവരെ 23 പേരെ രക്ഷിച്ചെന്ന് സംസ്ഥാന ദുരിതാശ്വാസ കമീഷണർ സഞ്ജയ് ഗോയൽ പ്രസ്താവനയിൽ പറഞ്ഞു.
കാണാതായ 30പേർ ലഖിംപുർ ഖേരിയിൽനിന്നുള്ളവരാണ്. സഹാരൻപുർ, ശ്രാവസ്തി, ഗൊരഖ്പുർ എന്നിവിടങ്ങളിൽനിന്ന് യഥാക്രമം 10, അഞ്ച്, നാല് പേരെ കാണാതായിട്ടുണ്ട്. റായ്ബറേലി, കുശിനഗർ എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുപേർ വീതവും സോൻഭദ്ര, മിർസാപുർ, ഗൗതംബുദ്ധ്നഗർ തുടങ്ങി വിവിധ പ്രദേശത്തുനിന്നുള്ളവരെ കണ്ടുകിട്ടാനുണ്ട്. മൂന്ന് സംസ്ഥാന മന്ത്രിമാരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
മുപ്പതോളംപേർ കുടുങ്ങിയതായി സംശയിക്കുന്ന തപോവൻ വെെദ്യുത നിലയത്തിന്റെ ടണൽ തുരന്നു. ഇതുവഴി ക്യാമറ കടത്തിവിട്ട് ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്തും. 12 മീറ്റർ നീളവും 75 മില്ലിമീറ്റർ വ്യാസവുമുള്ള ദ്വാരമാണുണ്ടാക്കിയത്. വലിയ മർദത്തിൽ വെള്ളവും ചെളിയും നിറഞ്ഞിട്ടില്ലെന്നത് പ്രതീക്ഷനൽകുന്നുണ്ടെന്ന് തപോവൻ എൻടിപിസി ജനറൽ മാനേജർ ആർ പി അഹിർവാൾ പറഞ്ഞു. കാണാതായ 166 പേരെ കണ്ടെത്താൻ ശ്രമങ്ങൾ തുടരുകയാണ്. 38 മൃതദേഹം കണ്ടെടുത്തു. മഞ്ഞിടിച്ചിലിനെ തുടർന്ന് ഋഷിഗംഗയിൽ രൂപംകൊണ്ട മഞ്ഞുതടാകം അപകടകരമല്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോർട്ട് സെൻസിങ്ങിലെ ശാസ്ത്രജ്ഞർ വ്യോമമാർഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..