തിരുവനന്തപുരം
യാത്ര ചെയ്തും പരീക്ഷണം നടത്തിയും ഭക്ഷണമുണ്ടാക്കിയും ട്രോളിയുമൊക്കെ താരങ്ങളായി മാറിയ വ്ലോഗർമാർ നാടിന്റെ ഭാവിക്കായി ആശയങ്ങൾ പങ്കുവയ്ക്കുന്നത് ചരിത്രത്തിലാദ്യം. രാജ്യത്തുതന്നെ ആദ്യമായി ഒരു മുഖ്യമന്ത്രി വ്ലോഗർമാരുമായി ചർച്ച നടത്തിയപ്പോൾ ഉരുത്തിരിഞ്ഞത് നാടിനെ മാറ്റിമറിക്കാനുതകുന്ന ഒരുപിടി മികച്ച ആശയങ്ങൾ. ‘ചാറ്റ് വിത്ത് സിഎം’ പരിപാടിയിൽ നാലാം ക്ലാസുകാരൻ ശങ്കരൻ മുതൽ സംസ്ഥാനത്തെ നൂറോളം വ്ലോഗർമാരാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് സംസാരിച്ചത്. പല മേഖലകളിൽ നിന്നുള്ള അവരുടെ അഭിപ്രായം കേട്ട് കുറിച്ചുവച്ച് ഓരോന്നിനും മറുപടി നൽകി മുഖ്യമന്ത്രി.
വിനോദസഞ്ചാരമേഖലയിൽ കേരളത്തിൽ നിന്നുള്ള വ്ലോഗർമാർക്കും അവസരം നൽകണമെന്ന അഭിപ്രായത്തിൽ വിനോദസഞ്ചാരവകുപ്പിന് നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. സ്കൂളിൽ വീഡിയോ പരിശീലനം ആരംഭിക്കണമെന്ന ശങ്കരന്റെ ആവശ്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു മറുപടി. കേരളത്തിന്റേതായ വാണിജ്യ ബ്രാൻഡ് രൂപപ്പെടുത്തുക എന്നതായിരുന്നു ചർച്ചയിലുയർന്ന മറ്റൊരു പ്രധാന ആശയം. ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ മാതൃകയിൽ കെഎസ്‌ആർടിസിയെയും കുടുംബശ്രീയെയും പ്രയോജനപ്പെടുത്തി സംസ്ഥാനത്തിന്റെ സ്വന്തം വാണിജ്യബ്രാൻഡ് രൂപപ്പെടുത്തണം. യുവാക്കളുടെ സ്വയം തൊഴിലിനുള്ള ആനുകൂല്യങ്ങളെ കുറിച്ച് അവബോധനം നൽകുക, ഐടിയിൽ സെന്റർ ഫോർ എക്‌സലൻസ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
അവയവമാറ്റ ശസ്ത്രക്രിയ മരുന്ന് ചെറിയ വിലയ്ക്ക് ലഭ്യമാക്കാൻ കെഎസ്‌ഡിപിയെ പ്രയോജനപ്പെടുത്തുമെന്നും അവ പിഎച്ച്‌സി വഴി വിതരണം ചെയ്യുമെന്നും വ്ലോഗർമാരുടെ ആശങ്കയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തിരികെവരുന്ന പ്രവാസികൾക്കായി പദ്ധതി രൂപീകരിക്കാനും ഭാഷാ നെപുണ്യത്തിനുള്ള സ്ഥാപനങ്ങൾ വികസിപ്പിക്കാനും സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ അഭിപ്രായം കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായതിന്റെ ആത്മവിശ്വാസത്തിലാണ് വ്ലോഗർമാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..