തിരുവനന്തപുരം
സംസ്ഥാനത്ത് ഏപ്രിൽ രണ്ടിനും 12നും ഇടയ്‌ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഐ എം തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. വിഷുവിനും റമദാൻ വ്രതാരംഭത്തിനുംമുമ്പ് വോട്ടെടുപ്പ് പൂർത്തീകരിക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറയുമായുള്ള ചർച്ചയിൽ സിപിഐ എം പ്രതിനിധികളായ ആനത്തലവട്ടം ആനന്ദൻ, കെ എൻ ബാലഗോപാൽ എന്നിവർ അറിയിച്ചു.
ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എല്ലാ രാഷ്‌ട്രീയകക്ഷികളും ആവശ്യപ്പെട്ടത്. ഏപ്രിലിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എൽഡിഎഫ്, യുഡിഎഫ് കക്ഷികൾ നിർദേശിച്ചപ്പോൾ മേയിലേക്ക് നീട്ടിവയ്‌ക്കണമെന്ന ബിജെപി നിർദേശം വിചിത്രമായി. 2016ൽ മേയിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും അതാണ് അങ്ങനെ ആവശ്യപ്പെട്ടതെന്നും ബിജെപിയെ പ്രതിനിധീകരിച്ച ജോർജ് കുര്യൻ, അഡ്വ. എസ് സുരേഷ് എന്നിവർ പറഞ്ഞു. ഏപ്രിൽ എട്ടിനും 12നും ഇടയ്‌ക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു യുഡിഎഫ് നിർദേശം. പി സി ചാക്കോ, വി ഡി സതീശൻ, കെ സി ജോസഫ്, എം കെ മുനീർ, കെ പ്രകാശ് ബാബു തുടങ്ങിയവർ ചർച്ച നടത്തി.
ഡിജിപി ലോക്‌നാഥ് ബഹ്‌റ, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ തുടങ്ങിയവരുമായി തെരഞ്ഞെടുപ്പ് കമീഷൻ ചർച്ച നടത്തി. ഞായറാഴ്‌ചയും ഉദ്യോഗസ്ഥതല ചർച്ച തുടരും. വൈകിട്ട് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ വാർത്താസമ്മേളനം നടത്തും. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങും. അടുത്ത ആഴ്‌ച തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..