കൊച്ചി
പിഎസ്‌സി റാങ്ക് ലിസ്‌റ്റിലുള്ള എല്ലാവർക്കും തൊഴിൽ നൽകാൻ ഒരു സർക്കാരിനും കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അത് എല്ലാവർക്കും അറിയാം. എന്നാൽ, സമരം ചെയ്യുന്നവരുമായി സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുഡിഎഫ് വന്നാൽ ശബരിമല പ്രശ്‌നത്തിൽ നിയമ നിർമാണം നടത്തും. എന്നാൽ യാക്കോബായ–-ഓർത്തഡോക്‌സ് പള്ളി പ്രവേശന കാര്യത്തിൽ സമവായം വേണമെന്നുമാത്രമാണ് നിലപാട്. അത് യുഡിഎഫ് സർക്കാരുള്ളപ്പോഴുള്ള നിലപാടുതന്നെയാണ്. പാലാരിവട്ടം പാലംപോലെ യുഡിഎഫ് സർക്കാർ നിർമിച്ച പാപ്പിനിശേരി പാലവും തകർന്നത് ചൂണ്ടിക്കാട്ടിയപ്പോൾ പാലം തകർന്നതു തകർന്നതുതന്നെ എന്നായിരുന്നു മറുപടി. കരാറുകാരായ ആർഡിഎസ് കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണം. മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ജാഥയിൽ പങ്കെടുത്തു. എന്നാൽ പ്രസംഗിച്ചില്ല.
ഇബ്രാഹിംകുഞ്ഞിനെ മാറ്റി കളമശേരി മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്ന യൂത്ത് കോൺഗ്രസിന്റെ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സ്ഥാനാർഥികളെ തീരുമാനിക്കുന്ന ഘട്ടമായിട്ടില്ലെന്നായിരുന്നു മറുപടി. കേരള ബാങ്ക് പിരിച്ചുവിടുമെന്നത് പ്രഖ്യാപിത നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..