തിരുവനന്തപുരം
കേരള പൊലീസ് സേനയിലേക്ക് 125 ആദിവാസികൾകൂടി. മാവോയിസ്‌റ്റ് ഭീഷണിയുള്ള വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ആദിവാസി ഊരുകളിൽനിന്ന് 90 പുരുഷന്മാരെയും 35 വനിതകളെയുമാണ് സിവിൽ പൊലീസ് ഓഫീസർമാരായി പ്രത്യേക റിക്രൂട്ട്‌മെന്റ് വഴി നിയമിച്ചത്.
വനത്തിലും വനാതിർത്തിയിലും താമസിക്കുന്ന ആദിവാസികളിൽ പിന്നോക്കം നിൽക്കുന്ന വിവിധ ആദിവാസി വിഭാഗമായ പണിയൻ, അടിയാൻ, ഊരാളി (വേട്ടക്കറുമ), കാട്ടുനായ്‌ക്കൻ, ചോലനായ്‌ക്കൻ, കറുമ്പർ വിഭാഗത്തിൽപ്പെട്ടവരാണിവർ. എല്ലാവർക്കും നിയമന ഉത്തരവ് കൈമാറി.
ഇവരുടെ പരിശീലനം 20ന് തൃശൂർ പൊലീസ് അക്കാദമിയിൽ ആരംഭിക്കും. നേരത്തെ 75 ആദിവാസികളെ കേരള പൊലീസിൽ നിയമിച്ചിരുന്നു. സിവിൽ പൊലീസ് ഓഫീസർമാരുടെ മറ്റ് തസ്‌തികയെ ബാധിക്കാതിരിക്കാൻ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിനായി സർക്കാർ 125 തസ്‌തികയും സൃഷ്‌ടിച്ചിരുന്നു.
എൽഡിഎഫ് സർക്കാർവന്ന ശേഷമാണ് ആദിവാസികൾക്കായി പൊലീസിൽ പ്രത്യേക റിക്രൂട്ട്‌മെന്റ് ആരംഭിച്ചത്. പൊലീസ് അക്കാദമിയിലെ ഇന്റഗ്രേറ്റഡ് പൊലീസ് റിക്രൂട്ട്‌മെന്റ് ആൻഡ് ട്രൈനിങ് സെന്ററിൽ ഒമ്പത് മാസമാകും പരിശീലനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..