കോട്ടയം> മീനച്ചിലാറ്റിൽനിന്ന് മീനന്തറയാറ്റിലേക്ക് വെള്ളമെത്തിക്കുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ആറുമാനൂരിൽ യാഥാർഥ്യമായി. നാശോന്മുഖമായിരുന്ന മീനന്തറയാറിനും ഇതോടെ പുനർജന്മം.
ജില്ലയുടെ ഹരിതാഭ തിരിച്ചുപിടിച്ച് നെൽകൃഷി വ്യാപിപ്പിക്കാനും തോടുകളിൽ നീരൊഴുക്കു കൂട്ടാനുമുള്ള സംസ്ഥാന സർക്കാരിന്റെ മറ്റൊരു വികസന മുദ്ര കൂടിയാണ് തെളിയുന്നത്. മീനച്ചിലാറിന് സമീപമുള്ള മടയ്‌ക്കൽ തോട്ടിലേക്ക് വെള്ളം പമ്പ് ചെയ്‌ത് ചൊറിച്ചി തോടുവഴി വെള്ളൂർ തോട്ടിലൂടെ മീനന്തറയാറ്റിൽ എത്തിക്കുന്നതാണ് പദ്ധതി. മടയ്‌ക്കൽതോടിന് സമീപമാണ് പമ്പ്ഹൗസ് നിർമിച്ചത്.
മീനച്ചിലാറ്റിൽനിന്ന് മീനന്തറയാറ്റിലേക്ക് മുമ്പുണ്ടായിരുന്ന കൈവഴികൾ അടഞ്ഞു പോയിരുന്നു. നദിയുടെ ഉത്ഭവസ്ഥാനത്തെ തോടുകളും ഇല്ലാതായി. നദീ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി അടഞ്ഞുപോയ തോടുകൾ ജനകീയമായി വീണ്ടെടുത്തതോടെ 1500 ഏക്കർ തരിശുനിലങ്ങളിൽ കൃഷി മടങ്ങിയെത്തി. മൂന്നു പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനും ഇതോടെ പരിഹാരമാകുമെന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ആർ സുശീല അറിയിച്ചു.
ജലവിഭവ വകുപ്പിന്റെ മൈനർ വിഭാഗമാണ് പദ്ധതി നടപ്പാക്കിയത്. രണ്ടരക്കോടി രൂപയോളം ചെലവഴിച്ച്, തോടുകൾ തെളിച്ചും, പമ്പുഹൗസും മോട്ടോറുകളും സ്ഥാപിച്ചുമാണ് പദ്ധതി പൂർത്തീകരിച്ചത്. അയർക്കുന്നം, മണർകാട്, വിജയപുരം പഞ്ചായത്തുകളിലെ നെൽകൃഷി വീണ്ടെടുത്ത ഇടങ്ങളിൽ സുഗമമായി ജലസേചനം സാധ്യമാകും.
തോടുകൾ അടഞ്ഞുപോയതാണ് മീനന്തറയാറിന്റെ നാശത്തിന് കാരണമായത്. നദീപുനർസംയോജന പദ്ധതിയുടെ ഭാഗമായി ജനപങ്കാളിത്തത്തോടെ തോടുകൾ നവീകരിച്ചു. പുരയിടങ്ങളായി മാറിയ സ്ഥലങ്ങൾ തിരിച്ചെടുത്ത് തോട് വെട്ടിയുണ്ടാക്കിയതോടെയാണ് തോടുകൾക്ക് തുടർച്ചയുണ്ടായത്. ജനകീയ ഇടപെടലിനൊപ്പം സർക്കാർ ഒത്തുചേർന്നു പ്രവർത്തിക്കുന്നതിന്റെ മികച്ച മാതൃകയാണ് ഈ പദ്ധതിയെന്ന് നദീ പുനർ സംയോജന പദ്ധതി കോ–-ഓർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..