13 February Saturday

നിരാശയ്‌‌‌ക്ക് പകരം പ്രതീക്ഷ കൊണ്ടുവന്ന ഭരണം; ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്‍ഡിഎഫ് നിറവേറ്റി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Feb 13, 2021

മഞ്ചേശ്വരം > നിരാശയിലായിരുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ കൊണ്ടുവന്ന ഭരണമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടനപത്രികയില്‍ ജനങ്ങളോട് പറഞ്ഞ കാര്യങ്ങളാണ് എല്‍ഡിഎഫ് നടപ്പാക്കിയത്. പ്രകടനപത്രികയിലെ പദ്ധതികള്‍ എത്രത്തോളം നടപ്പാക്കിയെന്നത് ഓരോ വര്‍ഷവും ഒരു പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചു. നമ്മുടെ നാട്ടില്‍ ഒന്നും നടക്കില്ല എന്നചിന്തയ്‌ക്ക് മാറ്റം വരുത്താനാണ് എല്‍ഡിഎഫ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ നയിക്കുന്ന എല്‍ഡിഎഫ് 'വികസന മുന്നേറ്റ ജാഥ' മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശാപവാക്കുകളോടെയാണ് യുഡിഎഫിനെ ജനം ഇറക്കിവിട്ടത്. സമസ്ത മേഖലകളിലും ദുര്‍ഭരണമായിരുന്നു യുഡിഎഫിന്റെ കാലം. എങ്ങനെയെങ്കിലും ഈ ശാപം ഒഴിഞ്ഞുകിട്ടിയാല്‍ മതിയെന്ന് ജനങ്ങള്‍ ചിന്തിക്കുന്നതായിരുന്നു 2016ലെ അവസ്ഥ. ഇന്ന് ഒരോ മേഖലയിലും വന്ന മാറ്റം നാട് മനസിലാക്കിയിരിക്കുന്നു. പാവങ്ങളോടൊപ്പം നില്‍ക്കുന്ന മുന്നണി എല്‍ഡിഎഫാണെന്ന് ജീവിതാനുഭവത്തിലൂടെ ജനം തിരിച്ചറിഞ്ഞിരിക്കുന്നു. 

എല്ലാ തലങ്ങളും ഒരേപോലെ വികസിച്ച് വരണമെന്നും, എല്ലാ ജനവിഭാഗങ്ങളിലും വികസന സ്പര്‍ശമേല്‍ക്കണമെന്നുമാണ് എല്‍ഡിഎഫ് നയം.

തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമെന്ന നിലയില്‍ ഭാവികേരളം എങ്ങനെയാകണമെന്നതിനുള്ള അഭിപ്രായ രൂപീകരണത്തിനായി വിവിധ വിഭാഗങ്ങളുടെ യോഗം ചേര്‍ന്നു. എല്ലാ വിഭാഗവും എല്‍ഡിഎഫ് ചെയ്ത കാര്യങ്ങള്‍ക്ക് തുടര്‍ച്ച വേണമെന്ന് ചിന്തിക്കുകയാണ്. എല്‍ഡിഎഫിന് മാത്രമേ ഭാവികേരളം പടുത്തുയര്‍ത്താന്‍ കഴിയൂ എന്ന് ഏറെക്കുറെ എല്ലാവരും പറയുന്ന നിലയാണുള്ളത്.

സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് ജനങ്ങളുടെ ഒരുമയാണ്. അതിന് ഫലമുണ്ടായി. വലിയ ദുരന്തങ്ങളെ ഏകോപിതമായി നാം നേരിട്ടു. കേരളം മെല്ലെമെല്ലെ പണ്ട് അസാധ്യമെന്ന് ചിന്തിച്ച കാര്യങ്ങള്‍ സാധ്യമാക്കി മുന്നേറി. എവിടെയെല്ലാം ജനം പ്രതിസന്ധി നേരിട്ടോ അവരുടെ കൂടെ, അവരോടൊപ്പം സര്‍ക്കാരുണ്ടായിരുന്നു. ഇത് ജനം നെഞ്ചേറ്റിയ അനുഭവമാണ്.

ഇത് തിരിച്ചറിഞ്ഞ പ്രതിപക്ഷ ശക്തികള്‍ക്ക് തങ്ങളുടെ അടിവേര് വല്ലാതെ ഇളകുന്നു എന്ന് മനസിലായി. നശീകരണവാസനയോടെയുള്ള പ്രചരണമാണ് പ്രതിപക്ഷം ഏറ്റെടുത്തത്. അതിന്റെ കൂടെ വലിയതോതില്‍ അട്ടിമറി ദൗത്യവുമായി കേന്ദ്രഏജന്‍സികളും രംഗത്തുവന്നു. ഈ സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ താഴെയിറക്കണമെന്ന് ശപഥം ചെയ്തിട്ടുള്ള മാധ്യമശക്തികളും കൂടെ ച്ചേര്‍ന്നു.  ഇവരെല്ലാം അഴിച്ചുവിട്ട കുപ്രചരണങ്ങളുടേതായ മലവെള്ളപ്പാച്ചിലില്‍ എല്‍ഡിഎഫിനെ ഒന്നും ചെയ്യാനായില്ല. കാരണം അത്രവലിയ കോട്ട ജനങ്ങള്‍ ഇവിടെ തീര്‍ത്തിരുന്നു. 

വികസന പ്രശ്‌നങ്ങള്‍ക്ക് പകരം വര്‍ഗീയപ്രചരണം നടത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. സിഎഎ നടപ്പാക്കുമെന്നാണ് ബിജെപി പറയുന്നത്. ഇത് കേരളത്തില്‍ നടപ്പാക്കില്ലെന്ന് എല്‍ഡിഎഫ് നയം വ്യക്തമാക്കി കഴിഞ്ഞു. വര്‍ഗീയത നാടിനാപത്താണ്. ആര്‍എസ്എസ് ചെയ്യുന്ന അതേ പ്രവര്‍ത്തിതന്നെയാണ് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ചെയ്യുന്നത്.

ഇത്തരം ശക്തികളെല്ലാം എല്‍ഡിഎഫിന് എതിരാണ്. വര്‍ഗീയതയോട് എല്‍ഡിഎഫ് സമരസപ്പെടില്ല. മതനിരപേക്ഷതയുടെ ഗ്യാരന്റി എല്‍ഡിഎഫാണ് നല്‍കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top