കണ്ണൂർ
പാപ്പിനിശേരി റെയിൽവേ മേൽപ്പാലത്തിന്റെ ബീമുകളുടെ രണ്ടു ഭാഗത്തും നല്ലതോതിൽ വിള്ളലുകളുണ്ടെന്ന് വിദഗ്‌ധ സമിതി. എക്‌സ്‌പാൻഷൻ ജോയിന്റുകളിലാണിത്. മുകൾത്തട്ടുമുതൽ താഴെ വരെയും വിള്ളലുകൾ കണ്ടെത്തിയതായി സമിതി അംഗങ്ങൾ വ്യക്തമാക്കി. ‘ടാർ ഒഴിച്ച് മറയ്‌ക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പല വിള്ളലുകളും വർധിച്ചുവരുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ വലിയരീതിയിൽ വിറയൽ (വൈബ്രേഷൻ) ഉണ്ടാകുന്നു. ചെറിയ രീതിയിൽ വൈബ്രേഷൻ ഉണ്ടാകാമെങ്കിലും ഇത് അസാധാരണമാണ്. രൂപകൽപ്പനയിലോ നിർമാണത്തിലോയുള്ള അപാകമാണ് കാരണം’–- പരിശോധകസംഘത്തിലുണ്ടായിരുന്ന സിവിൽ എൻജിനിയറിങ് വിദഗ്‌ധൻ പറഞ്ഞു.
ബീമുകളിലെ കോൺക്രീറ്റ് മുറിച്ച് പരിശോധിച്ചപ്പോൾ, വിള്ളലുകൾ വീണഭാഗത്തെ കമ്പികളെല്ലാം തുരുമ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എല്ലാ ബീമുകളുടെയും മുകൾഭാഗത്തെ കമ്പികൾ തുരുമ്പിച്ച നിലയിലാണ്. വെള്ളം ഒലിച്ചിറങ്ങിയതാകാം ഇതിനു കാരണം. ഇനി വെള്ളം ഇറങ്ങിയില്ലെങ്കിലും തുരുമ്പുവ്യാപനം ശക്തിപ്പെടുമെന്നും വിദഗ്‌ധർ പറയുന്നു.
പാലം നിർമാണവസ്തുക്കളുടെ സാമ്പിൾ വിജിലൻസ് അധികൃതർ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാലേ യഥാർഥ ചിത്രം വ്യക്തമാകു. അൾട്രാസൗണ്ട് പൾസ് വെലോസിറ്റി പരിശോധനയും ഭാരപരിശോധനയും നടത്താനും വിദഗ്‌ധസംഘം നിർദേശിച്ചു. എത്രയും നേരത്തെ പരിഹാരമാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ അപകടകരമായ സ്ഥിതിയിലേക്കു നീങ്ങാമെന്നാണ് അവരുടെ വിലയിരുത്തൽ.
വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്‌ചയാണ് സാങ്കേതിക വിദഗ്‌ധരടങ്ങിയ സംഘം പാലം പരിശോധിച്ചത്. 2013–-ൽ യുഡിഎഫ് ഭരണകാലത്ത് നിർമാണമാരംഭിച്ച പാലം 2017ലാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. നിർമാണ അപാകം കാരണം പൊളിച്ചുമാറ്റേണ്ടിവന്ന പാലാരിവട്ടം പാലത്തിന്റെ കരാറുകാരായ ആർഡിഎസ് കമ്പനിയാണ് ഇവിടെയും പ്രതിക്കൂട്ടിൽ. ഒപ്പം യുഡിഎഫ് ഭരണനേതൃത്വവും. മുസ്ലിംലീഗ് എംഎൽഎ കെ എം ഷാജി പ്രതിനിധീകരിക്കുന്ന അഴീക്കോട് മണ്ഡലത്തിലാണ് പാലം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..