12 February Friday

ലാസ്റ്റ്‌ ഗ്രേഡിൽ വരുന്നത്‌ 
2000 നിയമനം ;നിലവിലുള്ള റാങ്ക്‌ പട്ടികയിൽനിന്ന്‌ നിയമനത്തിന്‌ 
തടസ്സമായത്‌‌‌ 2012ൽ ഉമ്മൻചാണ്ടി സർക്കാർ 
പുറത്തിറക്കിയ പ്രത്യേക ഉത്തരവ്‌

അശ്വതി ജയശ്രീUpdated: Friday Feb 12, 2021


തിരുവനന്തപുരം
സർക്കാർ ഓഫീസുകളിൽ മാർച്ച്‌ 31ഓടെ വിരമിക്കുന്നത്‌ രണ്ടായിരത്തിലേറെ ലാസ്റ്റ്‌ ഗ്രേഡ്‌ ജീവനക്കാർ.  തുടർന്ന്‌ ഏപ്രിൽ, മെയ്‌ മാസങ്ങളിൽ കൂടിയുണ്ടാകുന്ന വിരമിക്കലോടെ  നിലവിലുള്ള ലാസ്‌റ്റ്‌ ഗ്രേഡ്‌ സർവന്റ്‌സ്‌ (എൽജിഎസ്‌) റാങ്ക്‌ പട്ടികയിൽനിന്ന്‌ കൂടുതൽ പേർക്ക്‌ നിയമനം ഉറപ്പാകും.

നിലവിലുള്ള ലാസ്റ്റ്‌ ഗ്രേഡ്‌ സെർവന്റ്‌സ്‌  റാങ്ക്‌ പട്ടികയിൽനിന്ന്‌ കൂടുതൽ നിയമനം നടത്താനാവാത്തത്‌ 2012ൽ ഉമ്മൻചാണ്ടി സർക്കാർ പുറത്തിറക്കിയ പ്രത്യേക ഉത്തരവിലെ യോഗ്യതാ ഭേദഗതിയോടെയാണ്‌. സെക്രട്ടറിയറ്റിലെ ലാസ്റ്റ്‌ ഗ്രേഡ്‌ സെർവന്റ്‌സുകളുടെ (ഓഫീസ്‌ അറ്റൻഡന്റ്‌–-ഒഎ) ഉൾപ്പെടെ അടിസ്ഥാന യോഗ്യത എസ്‌എസ്‌എൽസിയാക്കി. ഈ തസ്‌തികകളിലേക്കുള്ള നിയമനത്തിന്‌ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കണമെന്നായിരുന്നു അന്ന്‌ ഉത്തരവിട്ടത്‌. ഇതോടെ എൽജിഎസ്‌ റാങ്ക്‌ പട്ടികയിൽനിന്ന്‌ മറ്റ്‌ വിഭാഗങ്ങളിലേക്കുള്ള നിയമനം ഇല്ലാതായി.

സെക്രട്ടറിയറ്റ്‌, പിഎസ്‌സി, ലോക്കൽഫണ്ട്‌ ഓഡിറ്റ്‌ വകുപ്പ്‌, അഡ്വക്കറ്റ്‌ ജനറൽ ഓഫീസ്‌, കേരള നിയമസഭ എന്നിവിടങ്ങളിലേക്ക്‌ നേരത്തെ എൽജിഎസ്‌ പട്ടികയിൽനിന്ന്‌ നിയമനം നൽകിയിരുന്നു. ഇപ്പോൾ ഈ വകുപ്പുകളിലെ ലാസ്റ്റ്‌ ഗ്രേഡ്‌ തസ്തികയുടെ ഒഴിവുകൾ സെക്രട്ടറിയറ്റ്‌ സബോർഡിനേറ്റ്‌ സർവീസിൽ ഉൾപ്പെടുത്തി പ്രത്യേക വിജ്ഞാപനം ഇറക്കിയാണ്‌ നികത്തുന്നത്‌. 

എൽജിഎസ്‌ അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതയിൽ വരുത്തിയ ഭേദഗതിയും നിയമനം കുറയാൻ കാരണമായി. നേരത്തെ ഏത്‌ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാമായിരുന്നുവെങ്കിൽ നിലവിൽ  ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക്‌ അവസരമില്ല. അതോടെ, എൽഎസ്‌ജി ലിസ്‌റ്റിലുള്ള ബിരുദധാരികൾ മറ്റു ജോലി കിട്ടി പോകുന്നതുമൂലം ഉണ്ടാകുന്ന നോൺ ജോയിനിങ്‌ ഡ്യൂട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. ‌ പട്ടികയിൽ താഴ്ന്ന റാങ്കുള്ളവരിലേക്ക്‌ നിയമനം കിട്ടാതെ പോകാൻ കാരണമായി.

പിഎസ്‌സിയിലൂടെ ഏറ്റവും കൂടുതൽ നിയമനം നടന്ന കാലഘട്ടമാണിതെന്നും തസ്തികകൾ വെട്ടിക്കുറയ്ക്കുകയോ നിയമന നിരോധനം നടപ്പാക്കുകയോ ചെയ്തുള്ള നടപടികൾ പിഎസ്‌സിയുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഒരു പിഎസ്‌സി അംഗം വ്യക്തമാക്കി. കൂടുതൽ മേഖലകളിലേക്ക് നിയമനം വ്യാപിപ്പിക്കുയാണ്‌ പിഎസ്‌സി ചെയ്തത്‌. നിലവിൽ ലാസ്‌റ്റ്‌ ഗ്രേഡ്‌‌ നിയമനം കുറഞ്ഞതിനുപിന്നിൽ നോൺ ജോയിനിങ്‌ നിരക്ക്‌ (എൻജെഡി) കുറഞ്ഞതുപോലെ വിവിധ കാരണങ്ങളുണ്ടെന്ന വസ്തുത മാധ്യമങ്ങൾ  മനസ്സിലാക്കുന്നില്ല–-അദ്ദേഹം പറഞ്ഞു.  

നിയമന ശുപാർശ വർധിച്ചതെങ്ങനെ?
2015വരെ ലാസ്‌റ്റ്‌ ഗ്രേഡ്‌ ‌ റാങ്ക്‌ പട്ടികയിൽവന്ന ബിരുദ, ബിരുദാനന്തര ബിരുദക്കാരിൽ ഭൂരിഭാഗവും അഡ്വൈസ്‌ ലഭിച്ചാലും ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ഉയർന്ന യോഗ്യതയുള്ളതിനാൽ മറ്റ്‌ ജോലികൾ ലഭിക്കുമെന്നതിനാലായിരുന്നു ഇത്‌. പട്ടികയിൽ ഇടം പിടിച്ചതിന്‌ ശേഷം മറ്റ്‌ ജോലി ലഭിച്ച്‌ പോയവരും കൂടുതലാണ്‌. ഇത്തരത്തിൽ ജോലി പരിത്യാഗം (റെലിൻക്വിഷ്‌മെന്റ്‌) ചെയ്യുന്നവരുടെയും ഉൾപ്പെടെ നോൺ ജോയിനിങ്‌ ഡ്യൂട്ടിയായി റിപ്പോർട്ട്‌ ചെയ്യുകയും അതേ ഒഴിവിലേക്ക്‌ വീണ്ടും നിയമനം നടത്തുകയും ചെയ്തതാണ്‌ 2011–-16ൽ നിയമന ശുപാർശകൾ വർധിക്കാൻ കാരണം. 2011ൽ 40 ശതമാനവും 2015ൽ 33 ശതമാനവും നോൺ ജോയിനിങ്‌ ഡ്യൂട്ടികളാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top