13 February Saturday
മണ്ണെണ്ണയൊഴിച്ച യൂത്ത്‌ കോൺഗ്രസ്‌ ഭാരവാഹിയും രഹസ്യയോഗത്തിൽ പങ്കെടുത്തു

ചെന്നിത്തലയുടെ 
വീട്ടിൽ ആക്ഷൻപ്ലാൻ ; ഉദ്യോഗാർഥികളുടെ പേരിൽ കലാപത്തിന്‌ ഗൂഢാലോചന

വെബ് ഡെസ്‌ക്‌Updated: Friday Feb 12, 2021


തിരുവനന്തപുരം
ഉദ്യോഗാർഥികളുടെ പേരിൽ സെക്രട്ടറിയറ്റിന്‌ മുന്നിൽ നടന്ന അക്രമസമരവും ആത്മഹത്യാനാടകവും പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽനടന്ന ഗൂഢാലോചനയുടെ തുടർച്ച. പ്രതിപക്ഷ നേതാവ്‌ രമേശ്‌ചെന്നിത്തല പിഎസ്‌സി റാങ്ക്‌ ഹോൾഡേഴ്‌സ്‌ അസോസിയേഷനുകളിലെ യുഡിഎഫ്‌ അനുകൂല ഭാരവാഹികളുടെ രഹസ്യയോഗം വിളിച്ചുചേർത്തതിന്‌ പിന്നാലെയാണ്‌ സമരത്തിന്റെ ഗതി മാറിയത്‌.  അക്രമത്തിലേക്ക്‌ വഴിതിരിച്ചുവിടാനുള്ള പദ്ധതി തയ്യാറാക്കിയതും ആത്മഹത്യാശ്രമം അരങ്ങേറിയതും ഇവിടെ നടന്ന ആസൂത്രണത്തിന്റെ തുടർച്ചയായിരുന്നു. നിയമന വിവാദമുയർത്തി  ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിച്ച്‌ വൻ അക്രമസമരം ആസൂത്രണം ചെയ്യുന്നത്‌ റാങ്ക്‌ ഹോൾഡേഴ്‌സ്‌ അസോസിയേഷൻ ഭാരവാഹികൾ പലരും അറിഞ്ഞില്ല.

ജനുവരി 28ന്‌ പകൽ ഒന്നരയ്‌ക്ക്‌ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ്‌ ഹൗസിൽ ചേർന്നയോഗത്തിൽ ലാസ്‌റ്റ്‌ ഗ്രേഡ്‌ ഉൾപ്പെടെ ആറ്‌ റാങ്ക്‌ ഹോൾഡേഴ്‌സ്‌ അസോസിയേഷൻ ഭാരവാഹികൾ പങ്കെടുത്തു. രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യാത്രയ്‌ക്ക്‌ തൊട്ടുമുമ്പായിരുന്നു റാങ്ക്‌ ലിസ്‌റ്റ്‌ പ്രശ്‌നം ചർച്ച ചെയ്യാനെന്ന പേരിൽ രഹസ്യയോഗം വിളിച്ചത്‌.  അസോസിയേഷൻ ഭാരവാഹികൾ തന്നെയാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. കഴിഞ്ഞദിവസം മനോരമ ചാനലിൽ ചർച്ചയിലും അസോസിയേഷൻ നേതാവ്‌ ജിഷ്‌ണു ഇക്കാര്യം വ്യക്തമാക്കി.

റാങ്ക്‌ ഹോൾഡേഴ്‌സ്‌ അസോസിയേഷന്റെ യോഗം വിളിച്ചിട്ടുണ്ടെന്നും കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്നുമാണ്‌ ഭാരവാഹികളെ‌ അറിയിച്ചത്‌. കാര്യങ്ങൾ തുറന്നുപറയാനുള്ള അവസരമായി കണ്ട്‌ ‌ യോഗത്തിൽ പങ്കെടുക്കണമെന്നും തെറ്റിദ്ധരിപ്പിച്ചു. മണ്ണെണ്ണ ഒഴിച്ച്‌ ആത്മഹത്യാഭീഷണി മുഴക്കിയ യൂത്ത്‌ കോൺഗ്രസ്‌ ഭാരവാഹിയടക്കം ഈ യോഗത്തിൽ പങ്കെടുത്തു.

പ്രതിപക്ഷ നേതാവിന്‌ പുറമെ എറണാകുളത്തുനിന്നുള്ള കോൺഗ്രസ്‌ എംഎൽഎയും കെപിസിസി ഭാരവാഹിയും യോഗത്തിൽ പങ്കെടുത്തു. സെക്രട്ടറിയറ്റിന്‌ മുന്നിലെ സമരം ശക്തമാക്കണമെന്നും ബാക്കി തങ്ങൾ നോക്കിക്കൊള്ളാമെന്നും‌ പ്രതിപക്ഷ നേതാവും കോൺഗ്രസ്‌ നേതാക്കളും ഉറപ്പ്‌ നൽകി. ഉദ്യോഗാർഥികളുടെപേരിൽ സെക്രട്ടറിയറ്റിന്‌ മുമ്പിൽ അക്രമം ഇളക്കിവിടാൻ പദ്ധതി തയ്യാറാക്കിയതായി ഇന്റലിജൻസ്‌ റിപ്പോർട്ട്‌ നൽകിയിരുന്നു.

28ന്‌ രമേശ്‌ ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള ഉന്നത യുഡിഎഫ്‌ നേതാക്കൾ തലസ്ഥാനത്ത്‌ ഉണ്ടായിരുന്നു. 31നാണ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ കാസർകോട്‌നിന്ന്‌ യാത്ര തുടങ്ങിയത്‌. ആദ്യം ശബരിമല വിവാദം ഉയർത്തി പുകമറ സൃഷ്‌ടിക്കാൻ ശ്രമിച്ചെങ്കിലും അത്‌ വിലപ്പോയില്ല. തുടർന്നാണ്‌ റാങ്ക് പട്ടികയിലുള്ളവരെന്ന പേരിൽ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളെ ഇളക്കിവിട്ട്‌ അക്രമ സമരത്തിന്‌ തുനിഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top