ജനാധിപത്യത്തിൻറെ ശക്തിയും സൗന്ദര്യവുമാണ് സമരങ്ങൾ. കോർപ്പറേറ്റ് ദേശീയതയുടെ വക്താക്കളായ RSS നേതൃത്വം നൽകുന്ന കേന്ദ്ര ഗവൺമെൻറ്, തങ്ങളുടെ ഭരണത്തിൻറെ രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കാൻ ആസൂത്രണം ചെയ്ത പ്രധാന ഇനങ്ങളിലൊന്നാണ് കാർഷികമേഖലയുടെ കോർപ്പറേറ്റ് വൽക്കരണം. ഇതിലെ അപകടം കൃത്യമായി തിരിച്ചറിഞ്ഞ ഇന്ത്യൻ കർഷകർ നിരന്തര സമരത്തിലൂടെ ഈ അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തിലാണ്. 'കൃഷിഭൂമി കർഷകന്' എന്നതു തന്നെയാണ് ഈ സമരത്തിൽ ഉയർന്നു കേൾക്കുന്ന മുദ്രാവാക്യങ്ങളുടെ ആന്തരികാർത്ഥം.
എങ്ങനെയാണ് ഇന്ത്യൻ കർഷകൻ ഇത്തരമൊരു സമരത്തിലേക്ക് വളർന്നത്? കേന്ദ്ര ഗവണ്മെന്റും, അവരുടെ പ്രൊപ്പഗാണ്ട സംവിധാനങ്ങളും ഇത്രയേറെ വ്യാപകമായി ഈ നിയമത്തെ സദുദ്ദേശ മേലങ്കിയണിയിച്ച് അവതരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴും, ഇന്ത്യൻ കർഷകൻ മാസങ്ങളോളം തുടരുന്ന ഒരു സമരത്തിലേക്ക് രണ്ടും കൽപ്പിച്ച് ഇറങ്ങി വന്നതെങ്ങനെയാണ്? തങ്ങളുടെ വീടുകളെ പട്ടിണിയിലും അനാഥത്വത്തിലും ഉറങ്ങാൻ വിട്ട് ഡൽഹിയിലെ കൊടും തണുപ്പിൽ, തങ്ങളുടെ സമരവീര്യം മുഷ്ടികളിൽ മുറുക്കെപ്പിടിച്ച് ഉറക്കമൊഴിച്ചിരിക്കുന്നതെന്ത് പ്രേരണയാലാണ്? ഇന്ത്യൻ കർഷകനെ സമര സന്നദ്ധനാക്കിയതാരാണ്?
രണ്ടു വർഷങ്ങൾക്കു മുൻപ് നാസിക്കിൽ നിന്ന് മുംബൈയിലേക്ക് ഇരുനൂറോളം കിലോമീറ്ററുകൾ കാൽനടയായി ആയിരക്കണക്കിന് കർഷകർ ഒരു ലോങ്ങ് മാർച്ചു നടത്തിയിരുന്നു. അതിൻറെ തുടർച്ചയായി രാജസ്ഥാൻ ഉത്തർപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിളും കർഷക മാർച്ചുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നു. സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ആ സമരങ്ങൾ. ഈ സമരങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് അഖിലേന്ത്യാ കിസാൻ സഭയാണ്(AIKS). ഈ സമരങ്ങൾ ഇന്ത്യൻ കർഷകൻറെയുള്ളിൽ പതിറ്റാണ്ടുകളോളം നീറിപ്പിടഞ്ഞു കൊണ്ടിരുന്ന അനീതിയുടെ, അവഗണനയുടെ, ദുരിതങ്ങളുടെ കനലുകളെ ആളിക്കത്തിക്കാൻ പര്യാപ്തമായിരുന്നു. കർഷകരുടെ പ്രശ്നങ്ങളിൽ നിരന്തരം ക്രിയാത്മകമായിടപെടുകയും, കൃത്യമായ തീർപ്പുകളിലേക്കെത്തും വരെ അവരോടൊപ്പം ഉറച്ചു നിൽക്കുകയും ചെയ്യുന്നു എന്നതായിരുന്നു കർഷകരുടെ ഇടയിൽ കിസാൻ സഭയ്ക്ക് ആഴത്തിലുള്ള സ്വാധീനത്തിന് കാരണം.
കാർഷിക നിയമത്തിനെതിരായ സമരത്തിൽ മറ്റനേകം കർഷക സംഘടനകളും കിസാൻ സഭയോടൊപ്പം വർഗബോധമുൾക്കൊണ്ടു കൈകോർത്തു. പാർലമെന്റിനെപ്പോലും നോക്കു കുത്തിയാക്കി പാസാക്കിയെടുത്ത ഈ നിയമം അത്ര വേഗം പിൻവലിക്കാൻ തക്ക സുമനസ്സുകളല്ല ഇതിൻറെ സൂത്രധാരന്മാർ എന്ന കാര്യം കർഷകർ വളരെ കൃത്യമായി മനസ്സിലാക്കിയതു കൊണ്ടു തന്നെയാണ് എത്ര നാൾ വേണമെങ്കിലും ഈ സമരവുമായി മുന്നോട്ടു പോകാൻ അവർ സന്നദ്ധരായായിരിക്കുന്നത്. അത്തരത്തിൽ അവരെ രൂപപ്പെടുത്തിയതിൽ കിസാൻ സഭയ്ക്കും അതിൻറെ നേതാക്കന്മാർക്കുമുള്ള പങ്ക് വളരെ വലുതാണ്. ഇത്തരമൊരു ബൃഹദ്സ്സമരത്തെ സംയമനത്തോടെയും സ്ഥിരതയോടെയും ഇത്രയും മാസങ്ങൾ നിയന്ത്രിച്ചതിൽ, നയിച്ചതിൽ സിപിഐ എം നേതാക്കൾ കൂടിയായ കിസാൻ സഭാ ഭാരവാഹികൾ ഹനൻ മൊള്ള, , കെ കെ രാഗേഷ് ,പി കൃഷണപ്രസാദ്, വിജൂ കൃഷ്ണൻ തുടങ്ങിയവർ പുലർത്തിയ മാർക്സിസ്റ്റ് സമീപനം ഈ സമരത്തിൻറെ ഗതിയേയും വളർച്ചയേയും തുടർച്ചയേയും വലിയ അളവിൽ സ്വാധീനിക്കുന്ന കാഴ്ചയാണ് സമീപ ഭാവിയിൽ ഇന്ത്യ സാക്ഷിയാവാൻ പോകുന്നത്.
മാർക്സിസ്റ്റ് അന്തർധാരയിൽ ഉരുത്തിരിയുന്ന ഏതു സമരവും സ്വാഭാവികമായും ജൈവീകമായിരിക്കും. ചെറിയ വിത്തുകളിൽ തുടങ്ങി, അവ വളരുകയും പരിപാകപ്പെടുകയും ചെയ്യും. മുന്നേറാൻ കരുത്തു നേടി വളരുന്ന സമരങ്ങളിലേയ്‌ക്കെല്ലായ്പ്പോഴുമെന്നപോലെ ഇപ്പോഴും അവകാശവാദങ്ങളുമായി പല കൊടികളും നാട്ടപ്പെടും. അവരുടെ തലകൾ മുൻനിരയിൽ നിരത്തി വയ്ക്കപ്പെടും. ജനദ്രോഹപരവും, വിഭാഗീയവുമായ അജണ്ടകൾ പിൻപറ്റുന്നവരും തങ്ങളുടെ സാന്നിധ്യമറിയിക്കാൻ മത്സരിക്കും. സമരത്തിൻറെ ഉദ്ദേശ്യശുദ്ധിയെ തകർക്കാനായി, താറടിക്കാനായി ഈ അവസരം സമരവിരോധികൾ ഉപയോഗപ്പെടുത്തും. വളർച്ചയുടെ ഘട്ടത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഈ സമരത്തിലേയ്ക്കും അത്തരം കൊടികൾ നുഴഞ്ഞു കയറുന്നുണ്ട്. സമരപിതൃത്വം അവകാശപ്പെട്ട് പലരും സ്വെറ്ററുകൾ അയയിൽ തൂക്കുന്നുണ്ട്. എന്തു തന്നെയായാലും ശരി ഇന്ത്യൻ കർഷകവർഗം അവരുടെ കരുത്ത് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അവർക്ക് നഷ്ടപ്പെടുവാൻ കൈവിലങ്ങുകൾ മാത്രമാണുള്ളതെന്നും അവർക്കിപ്പോൾ ബോദ്ധ്യപ്പെട്ടു കഴിഞ്ഞു.
കഴിഞ്ഞ വർഷാവസാനം നടന്ന ഐതിഹാസിക പണി മുടക്കിൽ അണിചേർന്നു ഇന്ത്യൻ തൊഴിലാളി വർഗ്ഗവും കർഷകരോടൊപ്പം അണിചേരുന്ന കാലം അതിവിദൂരമല്ലെന്ന് കരുതാം. വർഗ്ഗസമരം എന്നത് കാലഹരണപ്പെട്ട വിപ്ലവ വായ്ത്താരിയല്ലെന്ന്, സമര ജീവികളെന്ന വിളികളെ അഭിമാനപൂർവ്വം ഏറ്റെടുക്കുന്ന തൊഴിലാളികളും കർഷകരും, നാളെകളിൽ ഇന്ത്യൻ തെരുവുകളിൽ ചുകപ്പൻ അക്ഷരങ്ങളാൽ കോറിയിടുക തന്നെ ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..