12 February Friday
നിർമിച്ചത്‌ ആർഡിഎസ്‌ കമ്പനി ; രൂപരേഖ തയ്യാറാക്കിയത്‌ യുഡിഎഫ്‌ കാലത്ത്‌

പാപ്പിനിശേരി മറ്റൊരു പാലാരിവട്ടം ; ബീമുകളിൽ വിള്ളൽ; അപാകം കണ്ടെത്തിയത്‌ വിദഗ്‌ധസമിതി പരിശോധനയിൽ

പ്രത്യേക ലേഖകൻUpdated: Thursday Feb 11, 2021

വിജിലൻസ്‌ അന്വേഷണത്തിന്റെ ഭാഗമായി വിദഗ്ധസമിതി അംഗങ്ങൾ പാപ്പിനിശേരി പാലം പരിശോധിക്കുന്നു

കണ്ണൂർ

പാലാരിവട്ടം പാലത്തിനുപിന്നാലെ യുഡിഎഫ്‌ സർക്കാർ നിർമിച്ച പാപ്പിനിശേരി റെയിൽവേ മേൽപ്പാലത്തിലും ഗുരുതര ക്രമക്കേട്‌. വിജിലൻസ്‌ അന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്‌ച വിദഗ്‌ധ സമിതിയുടെ പരിശോധനയിലാണ്‌  ക്രമക്കേട്‌ കണ്ടെത്തിയത്‌. പാലാരിവട്ടം പാലം നിർമിച്ച ആർഡിഎസ്‌ പ്രോജക്ട്‌ പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ ഇതിന്റെയും കരാറുകാർ.

2013 ജൂൺ ഒന്നിനാണ്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മേൽപ്പാല നിർമാണം ഉദ്‌ഘാടനം ചെയ്‌തത്‌‌. കരാർ പ്രകാരം 2015 ഏപ്രിലിൽ പൂർത്തിയാക്കേണ്ടതായിരുന്നുവെങ്കിലും എൽഡിഎഫ്‌ സർക്കാരാണ്‌ 2017ൽ നിർമാണം പൂർത്തീകരിച്ച്‌ പാലം തുറന്നുകൊടുത്തത്‌. ഉദ്‌ഘാടനം കഴിഞ്ഞ്‌ മാസങ്ങൾക്കകം ബീമുകളിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ അസാധാരണ ശബ്ദവും വിറയലും. കോൺക്രീറ്റ്‌ പൊട്ടി റോഡിൽ കുഴികളും രൂപപ്പെട്ടു. ടി വി രാജേഷ്‌ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതിനെതുടർന്ന്‌ മന്ത്രി ജി സുധാകരന്റെ നിർദേശപ്രകാരം പൊതുമരാമത്ത്‌ ഉദ്യോഗസ്ഥരും കമ്പനി പ്രതിനിധികളും പരിശോധിച്ചു. പിന്നീടാണ്‌ വിജിലൻസിൽ പരാതിയെത്തിയത്‌.

വിജിലൻസ്‌ ഡയറക്ടറുടെ നിർദേശ പ്രകാരം‌ പൊതുമരാമത്ത്‌ (ബ്രിഡ്‌ജസ്‌) അസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർ, വിജിലൻസ്‌ വകുപ്പ്‌ സിവിൽ എൻജിനിയർ, കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജ്‌ സിവിൽ എൻജിനിയറിങ്‌ വകുപ്പ്‌ മേധാവി, പൊതുമരാമത്ത്‌ വകുപ്പ്‌ ക്വാളിറ്റി കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ, വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത്‌, ഇൻസ്‌പെക്ടർ ടി പി സുമേഷ്‌  എന്നിവർ‌ പാലം പരിശോധിച്ചു‌.  രാവിലെ 9.30ന്‌ ആരംഭിച്ച പരിശോധന 2.30 വരെ തുടർന്നു. പാലത്തിന്റെ സാമ്പിൾ ലാബിലേക്ക്‌ അയച്ചു. ഫലം ലഭിച്ചശേഷമേ അപാകം കൃത്യമായി പറയാനാകൂവെന്ന്‌ ഡിവൈഎസ്‌പി പറഞ്ഞു. ആവശ്യമെങ്കിൽ ഐഐടിയിൽനിന്നുള്ള വിദഗ്‌ധരെ കൊണ്ടുവരും.

120 കോടിയുടെ പ്രവൃത്തി
പാപ്പിനിശേരി–- പിലാത്തറ കെഎസ്‌ടിപി റോഡിൽ പാപ്പിനിശേരി, താവം മേൽപ്പാലങ്ങളും രാമപുരം പാലവും 21 കിലോമീറ്റർ റോഡും ഉൾപ്പെട്ട ഒറ്റ പ്രവൃത്തി 120 കോടി രൂപയ്‌ക്കാണ്‌ ആർഡിഎസിന്‌‌ ലഭിച്ചത്‌. 620 മീറ്റർ നീളമുള്ള പാപ്പിനിശേരി പാലത്തിന്‌ 40 കോടിയോളം രൂപ ചെലവ്‌ കണക്കാക്കുന്നു. 26 സ്‌പാനും 23 സ്ലാബുമുണ്ട്‌. ആകെ വീതി 8.5 മീറ്റർ. കൈവരികളും നടപ്പാതയും കഴിഞ്ഞ് 7.5 മീറ്റർ വീതിയുണ്ട്‌. പാലത്തിന്റെ രൂപരേഖ തയാറാക്കിയതും 60 ശതമാനം പ്രവൃത്തി നടന്നതും യുഡിഎഫ്‌ ഭരണകാലത്താണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top