11 February Thursday

ഹിന്ദുത്വശക്തികളെ കോൺഗ്രസ് പിന്തുടരുമ്പോൾ - പ്രകാശ് കാരാട്ട് എഴുതുന്നു

പ്രകാശ് കാരാട്ട്Updated: Thursday Feb 11, 2021


ജനുവരി 26ന് ഡൽഹിയിൽ റിപ്പബ്ലിക്‌ ദിന പരേഡിൽ ഉത്തർപ്രദേശ്‌ നിശ്ചല ദൃശ്യമായി അവതരിപ്പിച്ചത്‌ അയോധ്യയിലെ നിർദിഷ്‌ട രാമക്ഷേത്രത്തിന്റെ രൂപ മാതൃകയായിരുന്നു. അത്‌ ഏറ്റവുംമികച്ച നിശ്ചലദൃശ്യത്തിനുള്ള അവാർഡിന്‌ അർഹമായതിലും അത്ഭുതമില്ല. ബാബ്‌റി മസ്‌ജിദ്‌ നിലനിന്ന സ്ഥലത്ത്‌ നിർമിക്കുന്ന വലിയക്ഷേത്രത്തിന്റെ മാതൃക സർക്കാരിന്റെ ഔദ്യോഗികപരിപാടിയിൽ ഹിന്ദുത്വശക്തികൾ പ്രദർശിപ്പിക്കുന്നത്‌ ആദ്യമായാണ്‌. രാഷ്ട്രപതി സല്യൂട്ട്‌ സ്വീകരിക്കുന്ന റിപ്പബ്ലിക്‌ദിന പരേഡ്‌ തന്നെ തെരഞ്ഞെടുത്തു എന്നത് ഗൗരവമുള്ളതാണ്‌. അതേദിവസംതന്നെ കർഷകരുടെ ട്രാക്ടർറാലിയും ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളും കാരണം ഇത്‌ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. പുതിയ ഇന്ത്യയുടെ പ്രതീകമാണ്‌ രാമക്ഷേത്രം എന്ന പ്രഖ്യാപനമാണ്‌ റിപ്പബ്ലിക്‌ ദിനത്തിലെ പ്രദർശനം. ഇതിനെ നിസ്സാരമായി കാണരുത്‌.

2020 ആഗസ്‌ത്‌ അഞ്ചിന്‌ അയോധ്യയിലെ ക്ഷേത്രനിർമാണത്തിനുള്ള ഭൂമിപൂജ ചടങ്ങിൽ ‘ശ്രീരാമക്ഷേത്രം നമ്മുടെ സംസ്‌കാരത്തിന്റെ ആധുനിക പ്രതീകമായിരിക്കും’ എന്നാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്‌. അത്‌ നമ്മുടെ ദേശീയവികാരത്തിന്റെ ദൃഷ്ടാന്തമാണെന്നും രാജ്യത്തെ ഐക്യപ്പെടുത്താനുള്ള നിയോഗമാണ്‌ രാമക്ഷേത്ര നിർമാണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രനിർമാണമെന്ന മതപരമായ ചടങ്ങിൽ പ്രധാനമന്ത്രിതന്നെ മുഖ്യാതിഥിയായതോടെ ക്ഷേത്രനിർമാണം രാഷ്ട്രനിർമാണത്തിന്റെ ഭാഗമായി മാറുകയാണ്‌. രാഷ്ട്രത്തിന്റെ ഏകരൂപത ഭൂരിപക്ഷ മതവിഭാഗമാണെന്ന ചിന്ത അതിവേഗത്തിൽ യാഥാർഥ്യമായി മാറുന്നു. റിപ്പബ്ലിക്‌ ദിനത്തിന്‌ കുറച്ചുദിവസം മുമ്പാണ്‌ ഗുജറാത്തിലെ സോമനാഥക്ഷേത്ര ട്രസ്റ്റ്‌ ചെയർമാനായി പ്രധാനമന്ത്രി മോഡിയെ പ്രഖ്യാപിക്കുന്നത്‌. ഈ സ്ഥാനത്തേക്ക്‌ നിയോഗിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ്‌ മോഡി. മുമ്പ്‌ മൊറാർജി ദേശായി ട്രസ്‌റ്റ്‌ ചെയർമാനായിരുന്നു. പ്രധാനമന്ത്രിയാകുന്നതിനും പത്തുവർഷം മുമ്പായിരുന്നു അദ്ദേഹം ട്രസ്‌റ്റ്‌ ചെയർമാനായത്‌. മതപരമായ ക്ഷേത്രട്രസ്‌റ്റുകളുടെ ചെയർമാൻസ്ഥാനം ഏറ്റെടുക്കുന്നതിന് ഗവൺമെന്റിന്റെ തലപ്പത്തുള്ളവർക്ക്‌ ഇന്ന്‌ ഒരു ശങ്കയുമില്ല.

രാമക്ഷേത്രനിർമാണം മോഡിയുടെ കീഴിൽ സർക്കാരിന്റെയും ആർഎസ്‌എസിന്റെയും സംയുക്തസംരംഭമായി മാറി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു സ്വീകരിച്ച നിലപാടിൽനിന്ന്‌ എത്ര വിരുദ്ധമാണ്‌ ഇപ്പോൾ സ്വീകരിക്കുന്നത്‌. 1948ൽ സോമനാഥക്ഷേത്രം പുനർനിർമിക്കാൻ ട്രസ്‌റ്റ്‌ രൂപീകരിച്ചപ്പോൾ അതിന്‌ സർക്കാരിന്റെ ഒരു ചങ്ങാത്തവും ഉണ്ടാകില്ലെന്ന ഉറച്ച നിലപാടാണ്‌ നെഹ്‌റു കൈക്കൊണ്ടത്‌. ഈ ആവശ്യത്തിന്‌ സർക്കാർഫണ്ട്‌ വിനിയോഗിക്കില്ലെന്നും പ്രഖ്യാപിച്ചു. 1951ൽ ക്ഷേത്രത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷനാകാൻ താൽപ്പര്യം പ്രകടിപ്പിച്ച രാഷ്ട്രപതി രാജേന്ദ്രപ്രസാദിനോട്‌ നെഹ്‌റു അസംതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തു. അക്കാലത്ത്‌ കോൺഗ്രസിലെ ഒരുവിഭാഗം ഹിന്ദു ആരാധനാലയങ്ങളെ സർക്കാർ സംരക്ഷിക്കണമെന്ന നിലപാട്‌ സ്വീകരിച്ചിരുന്നു. ഇതിനെ നെഹ്‌റു ശക്തമായി എതിർത്തു. എന്നാൽ, ഇന്നത്തെ കോൺഗ്രസ്‌ നേതൃത്വം നിർഭാഗ്യവശാൽ നെഹ്‌റുവിന്റെ പാരമ്പര്യത്തെയും അദ്ദേഹം ഉയർത്തിപ്പിടിച്ച മതനിരപേക്ഷ മൂല്യങ്ങളെയും പാടെ ഉപേക്ഷിച്ചിരിക്കുകയാണ്‌.

‘രാമക്ഷേത്രം നമ്മുടെ സംസ്‌കാരത്തിന്റെയും ദേശീയ വികാരത്തിന്റെയും പ്രതീകമാണെന്ന’ മോഡിയുടെ വാക്കുകളിൽനിന്ന്‌ ഒട്ടും വിഭിന്നമല്ല പ്രിയങ്കയുടെ വാക്കുകളും

അയോധ്യയിൽ ഭൂമിപൂജ നടന്നപ്പോൾ കോൺഗ്രസ്‌ നേതാവ്‌ പ്രിയങ്ക ഗാന്ധി രാമക്ഷേത്രനിർമാണത്തെ ആശീർവദിച്ചു എന്നുമാത്രമല്ല, പ്രത്യേക ആഹ്വാനവും നൽകി. ‘‘ഭഗവാൻ രാമന്റെ അനുഗ്രഹത്തോടെ ഈ ഭൂമിപൂജ ദേശീയഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക ഒത്തുകൂടലിനുമുള്ള ആഘോഷം കൂടിയായി മാറട്ടെ’’ എന്നായിരുന്നു പ്രിയങ്കയുടെ ആഹ്വാനം. ‘രാമക്ഷേത്രം നമ്മുടെ സംസ്‌കാരത്തിന്റെയും ദേശീയ വികാരത്തിന്റെയും പ്രതീകമാണെന്ന’ മോഡിയുടെ വാക്കുകളിൽനിന്ന്‌ ഒട്ടും വിഭിന്നമല്ല പ്രിയങ്കയുടെ വാക്കുകളും. ഭൂമിപൂജ ചടങ്ങിന്‌ പിന്നാലെ രാഹുൽഗാന്ധി രാമന്‌ പ്രത്യേക പ്രാർഥന അർപ്പിച്ചു. മികച്ച മനുഷ്യഗുണത്തിന്റെ സാക്ഷാൽക്കാരമാണ്‌ രാമനെന്നും ട്വീറ്റ്‌ ചെയ്‌തു.

അയോധ്യാപ്രശ്‌നത്തിൽ മാറിമാറി വന്ന കോൺഗ്രസ്‌ സർക്കാരുകൾ ഹിന്ദുത്വ ശക്തികളുമായി എങ്ങനെയാണ്‌ അനുരഞ്ജനത്തിലെത്തിയതെന്ന്‌ അടുത്തകാലത്തെ ചരിത്രം പരിശോധിച്ചാൽ മതി. ബാബ്‌റി മസ്‌ജിദിനകത്ത്‌ നിയമവിരുദ്ധമായി കൊണ്ടുവച്ച രാമ ലല്ല വിഗ്രഹത്തിൽ പ്രാർഥിക്കാൻ അത്‌ തുറന്നുകൊടുത്തത്‌ രാജീവ്‌ഗാന്ധി സർക്കാരായിരുന്നു. നരസിംഹ റാവു സർക്കാർ നിസ്സംഗത പാലിച്ചതുകൊണ്ടാണ്‌ ഹിന്ദുത്വതീവ്രവാദ സംഘം പള്ളി തകർത്തത്‌‌. ഇപ്പോൾ ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യം രാജ്യമാകെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ ശക്തികളുമായി കോൺഗ്രസ്‌ നേതൃത്വം ഒത്തുതീർപ്പിലെത്തുകയും അതിന്റെ പ്രചാരകരായി മാറുന്നു എന്നതുമാണ്‌. 2020 ഡിസംബറിൽ ഛത്തീസ്‌ഗഢിലെ കോൺഗ്രസ്‌ സർക്കാർ അതിന്റെ രണ്ടാംവാർഷികം ആഘോഷിച്ചത്‌ ഛാന്ദ്കുറിയിലെ കൗസല്യ ക്ഷേത്രത്തിൽ പ്രത്യേകപൂജകൾ സംഘടിപ്പിച്ചായിരുന്നു. ഈ ചടങ്ങിൽ എല്ലാ മന്ത്രിമാരും പങ്കെടുത്തു.

ഇതിനുതൊട്ടുമുമ്പ്‌ ദണ്ഡകാരണ്യത്തിലെ വനവാസക്കാലത്ത്‌ ശ്രീരാമൻ സഞ്ചരിച്ചുവെന്ന്‌ വിശ്വസിക്കുന്ന ഒമ്പത്‌‌ സ്ഥലത്തെ ബന്ധപ്പെടുത്തിക്കൊണ്ട്‌ സർക്കാർ തീർഥാടനയാത്ര സംഘടിപ്പിച്ചു. രാമന്റെ മാതാവ്‌ കൗസല്യയുടെ പേരിലുള്ള ക്ഷേത്രത്തിലാണ്‌ ഈ യാത്ര സമാപിച്ചത്‌. ഓരോ മന്ത്രിമാരും ശ്രീരാമനായി സ്വയം സമർപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ശിവ ദഹ്‌റിയ എന്ന മന്ത്രി പറഞ്ഞത്‌ ‘ഹനുമാനെപ്പോലെ കോൺഗ്രസ്‌ നേതാക്കളെല്ലാം അവരുടെ മനസ്സിൽ ശ്രീരാമനെ പ്രതിഷ്ഠിച്ചിരിക്കുന്നു’ എന്നാണ്‌.

2018ലെ ഛത്തീസ്‌ഗഢ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ വിജയിച്ചു. ഇതോടെ ബിജെപി ഉയർത്തിപ്പിടിക്കുന്ന രാമമന്ത്രത്തിനും ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങൾക്കും സംസ്ഥാനഭരണകൂടം മുൻതൂക്കം നൽകുകയാണ്‌.  ഛത്തീസ്‌ഗഢിൽ മാത്രമല്ല, മധ്യപ്രദേശ്‌, രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികകളിലെ മുഖ്യഅജൻഡ ഹിന്ദുത്വ പ്രീണനമായിരുന്നു. ശ്രീരാമന്റെ പേരിലുള്ള തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം പ്രോത്സാഹിപ്പിക്കാൻ പ്രത്യേകസഹായം നൽകുമെന്നായിരുന്നു മധ്യപ്രദേശിൽ കോൺഗ്രസിന്റെ പ്രധാനപ്രഖ്യാപനം. പിന്നെ ഗോസംരക്ഷണവും. രാജസ്ഥാനിൽ വേദപഠനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഗോ സംരക്ഷണകേന്ദ്രങ്ങൾ വ്യാപകമായി സ്ഥാപിക്കുമെന്നും വാഗ്‌ദാനം ചെയ്‌തു. രാമക്ഷേത്രപൂജ നടക്കുന്നതിന്‌ തലേദിവസം മധ്യപ്രദേശ്‌ മുൻ മുഖ്യമന്ത്രി കമൽനാഥ്‌ നിരവധി പുരോഹിതരെ പങ്കെടുപ്പിച്ച്‌ ‌ ‘ഹനുമാൻ പൂജ’ നടത്തി. പിസിസി പ്രസിഡന്റുകൂടിയായ കമൽനാഥ്‌‌ സംസ്ഥാനവ്യാപകമായി ഇത്തരം ചടങ്ങുകൾ നടത്താൻ കോൺഗ്രസ്‌ ഘടകങ്ങളോട്‌ ആഹ്വാനംചെയ്‌തു.

കോൺഗ്രസ്‌ നേതൃത്വം മൃദുഹിന്ദുത്വസമീപനം സ്വീകരിക്കുന്നതിലൂടെ ഹിന്ദുത്വ വർഗീയ ശക്തികൾക്കെതിരെ പ്രത്യയശാസ്‌ത്രപരമായി പോരാടുന്നതിൽ കോൺഗ്രസ്‌ എന്ന പാർടി നിരായുധരായി മാറുകയാണ്‌.

രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ചടങ്ങിനെ രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും ആഘോഷമാക്കിയതിനു പിന്നാലെ ആർഎസ്‌എസിന്റെയും വിശ്വഹിന്ദുപരിഷത്തിന്റെയും ക്ഷേത്രനിർമാണഫണ്ട്‌ ശേഖരണത്തിൽ കോൺഗ്രസ്‌ നേതാക്കളും പങ്കാളികളായതിൽ ഒരു ആശ്ചര്യവുമില്ല. പോഷകസംഘടനകളും ഫണ്ട്‌ ശേഖരണത്തിൽ സജീവമായി. കോൺഗ്രസ്‌ നേതാവ്‌ ദ്വിഗ്‌വിജയ്‌ സിങ്‌ ഒരുലക്ഷം രൂപയാണ്‌ സംഭാവന നൽകിയത്‌. കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിൽ നാഷണൽ സ്‌റ്റുഡൻസ്‌ യൂണിയൻ ഓഫ്‌ ഇന്ത്യ (എൻഎസ്‌യുഐ) ഓരോ വിദ്യാർഥിയും കുറഞ്ഞത്‌ ഒരു രൂപവീതം  സംഭാവന നൽകാൻ ആവശ്യപ്പെട്ടു. ശ്രീരാമൻ, ശ്രീകൃഷ്‌ണൻ, ശിവൻ എന്നിവരെ ആരാധിക്കലും ഒരാളുടെ മതപരമായ വിശ്വാസവും പിന്തുടരുന്നതിൽ ഇവിടെ പ്രശ്‌നമില്ല. മറ്റ്‌ സമുദായങ്ങളെപ്പോലെ ഹിന്ദുക്കൾക്കും അവരുടെ മതപരമായ വിശ്വാസം ആചരിക്കുന്നതിന്‌ എല്ലാ സ്വാതന്ത്ര്യവും ഉണ്ട്‌. ഇവിടെ ഉയർന്നുവരുന്ന പ്രശ്‌നം ശ്രീരാമന്റെ പേരിൽ രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്നതിന്‌ ശ്രീരാമ ജന്മഭൂമി പ്രസ്ഥാനകാലത്തെപ്പോലെ ജനങ്ങളെ സംഘടിപ്പിച്ച്‌ വർഗീയചേരിതിരിവ്‌ ഉണ്ടാക്കുന്നതാണ്‌. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച്‌ മതനിരപേക്ഷതയെ നിരാകരിക്കുകയാണ്‌. രാഷ്ട്രത്തെ ഹിന്ദു എന്നാക്കി അടയാളപ്പെടുത്തുന്നത്‌ വളരെ അപകടകരമാണ്‌. കോൺഗ്രസ്‌ നേതൃത്വം മൃദുഹിന്ദുത്വസമീപനം സ്വീകരിക്കുന്നതിലൂടെ ഹിന്ദുത്വ വർഗീയ ശക്തികൾക്കെതിരെ പ്രത്യയശാസ്‌ത്രപരമായി പോരാടുന്നതിൽ കോൺഗ്രസ്‌ എന്ന പാർടി നിരായുധരായി മാറുകയാണ്‌.

2019ലെ ലോക്‌‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ രാഹുൽഗാന്ധി ക്ഷേത്രമുറ്റങ്ങൾക്ക്‌ മുന്നിൽ നടത്തിയ ഒറ്റക്കാൽ നൃത്തങ്ങൾ കണ്ട്‌ ബിജെപി നേതാവായിരുന്ന അരുൺ ജയ്‌റ്റ്‌ലി പറഞ്ഞത്‌ ഇങ്ങനെയായിരുന്നു –-‘ ജനങ്ങൾ‌ ഹിന്ദുത്വം ആഗ്രഹിക്കുന്നുവെങ്കിൽ അവർ യഥാർഥ ബിജെപിയെ പിന്തുണയ്‌ക്കും; ഡ്യൂപ്ലിക്കേറ്റിനെ പിന്തുണയ്‌ക്കേണ്ട ആവശ്യമില്ല.’ ബിജെപിയുടെ ഡ്യൂപ്ലിക്കേറ്റാണ്‌ കോൺഗ്രസ്‌ എന്നാണ്‌ ജയ്‌റ്റ്‌ലി വ്യക്തമാക്കിയത്‌. ഹിന്ദു, ദേശീയത, രാഷ്ട്രം എന്നിവയെ ഏകീകരിക്കാനുള്ള ആർഎസ്‌എസിന്റെ ശ്രമങ്ങളെ കോൺഗ്രസ്‌ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയാണ്‌. ദേശസ്‌നേഹികളായ എല്ലാ ഇന്ത്യക്കാരും ഹിന്ദു എന്ന നിർവചനത്തിൽപ്പെടുന്നു എന്നാണ്‌ ആർഎസ്‌എസ്‌ മുഖ്യനായ മോഹൻഭാഗവത്‌ പറഞ്ഞത്‌. ‘ ഇത്‌ നമ്മുടെ രാഷ്ട്രത്തിന്റെ സവിശേഷതയാണ്‌. ഈ ജന്മസിദ്ധമായ അടിസ്ഥാന സ്വഭാവത്തെയാണ്‌ ഹിന്ദു എന്ന്‌ വിളിക്കുന്നത്‌’–- എന്നും മോഹൻഭാഗവത്‌ തുടരുന്നു. ഹിന്ദു എന്നാൽ ദേശസ്‌നേഹിയായിരിക്കും, ദേശീയത എന്നാൽ ഹിന്ദുദേശീയതയാണ്‌. ആർഎസ്‌എസിനെ സംബന്ധിച്ച്‌ ഇത്‌ ഒരു സാക്ഷാൽക്കാരമാണ്‌. കോൺഗ്രസും ഹിന്ദുവെന്ന സങ്കൽപ്പത്തെ ദേശമായും ദേശീയതയായും മതപരമായ ചിഹ്നമായും അംഗീകരിച്ചുകൊണ്ടിരിക്കുകയാണ്‌.

അന്ധമായ കമ്യൂണിസ്‌റ്റ്‌ വിരോധംമൂലം കോൺഗ്രസ്‌ നേതാക്കൾ ‘എന്റെ ശത്രുവിന്റെ ശത്രു എന്റെ മിത്രം’ എന്ന സമീപനമാണ്‌ സ്വീകരിക്കുന്നത്‌

കോൺഗ്രസ്‌ നേതൃത്വത്തിന്റെ‌ ഈ അനുരഞ്ജന സമീപനത്തിന്റെയും തെറ്റായ കാഴ്‌ചപ്പാടിന്റെയും പ്രത്യാഘാതം കേരളത്തിലെ കോൺഗ്രസ്‌ പാർടിയിൽ പ്രത്യക്ഷമായി പ്രകടമാണ്‌. ശബരിമല ഉൾപ്പെടെയുള്ള എല്ലാ പ്രശ്‌നത്തിലും കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വത്തിനും ബിജെപിക്കും ഒരേസമീപനമാണ്‌ കാണുന്നത്‌. ഒരേ നുകത്തിൽ കെട്ടിയ കാളകളെപ്പോലെയാണ്‌ കോൺഗ്രസും ബിജെപിയും. പ്രത്യയശാസ്‌ത്രപരമായ കാഴ്‌ചപ്പാട്‌ ഇല്ലാത്ത കോൺഗ്രസിന്‌‌ ആർഎസ്‌എസിന്റെ ഹിന്ദുത്വകാഴ്‌ചപ്പാടിൽനിന്ന്‌ വ്യത്യാസമില്ലാതായിരിക്കുന്നു. ഇതിലൂടെ കോൺഗ്രസ്‌ അതിന്റെ അടിത്തറയെത്തന്നെ അപകടത്തിലാക്കുകയാണ്‌. അതേസമയം, ന്യൂനപക്ഷ വർഗീയതയ്‌ക്കും വളംവച്ചുകൊടുക്കുന്നു. മുസ്ലിം വർഗീയശക്തികളായ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർപാർടിയെ പോലുള്ള സംഘടനകളുമായി തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ അവസരവാദ കൂട്ടുകെട്ടുണ്ടാക്കി. അന്ധമായ കമ്യൂണിസ്‌റ്റ്‌ വിരോധംമൂലം കോൺഗ്രസ്‌ നേതാക്കൾ ‘എന്റെ ശത്രുവിന്റെ ശത്രു എന്റെ മിത്രം’ എന്ന സമീപനമാണ്‌ സ്വീകരിക്കുന്നത്‌.

1957ൽ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു വിദേശകാര്യ സർവീസിലെ ഉദ്യോഗസ്ഥരോട്‌ പറഞ്ഞവാക്കുകൾ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ ഓർമിക്കേണ്ടതാണ്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കമ്യൂണിസ്‌റ്റ്‌പാർടിയുടെ വിജയത്തിന്‌ ശേഷം, കമ്യൂണിസത്തിന്റെ അപകടത്തെപ്പറ്റി ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ നെഹ്‌റുവിന്റെ മറുപടി ഇങ്ങനെയായിരുന്നു–- ‘ഇന്ത്യക്ക്‌ നേരെയുള്ള പ്രധാനഭീഷണി കമ്യൂണിസമല്ല, മറിച്ച്‌ വലതുപക്ഷ ഹിന്ദുവർഗീയതയാണ്‌’. കേരളത്തിലെ കോൺഗ്രസുകാർ അവരുടെ രാഷ്‌ട്രീയസഖ്യങ്ങൾക്കായി നയം രൂപപ്പെടുത്തുമ്പോൾ നെഹ്‌റുവിന്റെ ഈ വാക്കുകൾ ഗൗനിക്കുമെന്നെങ്കിലും പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top